KERALA

ശബരിമല തിരക്ക് നിയന്ത്രിക്കാന്‍ ഡിജിപി നേരിട്ട് മേല്‍നോട്ടം വഹിക്കണം; ഇടത്താവളങ്ങളില്‍ ഭക്ഷണം നല്‍കണം: ഹൈക്കോടതി

നിലയ്ക്കലിലേക്കുള്ള വാഹന ഗതാഗതം 'ഹോള്‍ഡ് ആന്‍ഡ് റിലീസ്' സംവിധാനം വഴി നിയന്ത്രിക്കണമെന്നും തീര്‍ഥാടകരെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഇടത്താവളങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്നും കോടതി

വെബ് ഡെസ്ക്

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ഡിജിപി നേരിട്ട് മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി. ഇടത്താവളങ്ങളുടെയും ക്ഷേത്രങ്ങളുടെയും ചുമതലയുള്ള കമ്മീഷണര്‍മാര്‍ തിരക്കുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തി ദേവസ്വം കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. നിലയ്ക്കലിലേക്കുള്ള വാഹന ഗതാഗതം 'ഹോള്‍ഡ് ആന്‍ഡ് റിലീസ്' സംവിധാനം വഴി നിയന്ത്രിക്കണമെന്നും തീര്‍ഥാടകരെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഇടത്താവളങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ഭക്തര്‍ക്ക് ഇടത്താവളങ്ങളില്‍ ആവശ്യമായ സൗകര്യം ഒരുക്കണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. ഭക്ഷണം, വെള്ളം തുടങ്ങിയവ നല്‍കാന്‍ ദേവസ്വം ബോര്‍ഡും പോലീസും ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു.

വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാത്തവരും സന്നിധാനത്തേക്ക് എത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള തീര്‍ഥാടകരുടെ സുരക്ഷയും ദര്‍ശനവും ഉറപ്പാക്കണമെന്നും ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. പമ്പയിലെ ക്യൂവിന്റെയും തിരക്കിന്റെയും കാലാവസ്ഥയുടെയും വിവരങ്ങളെക്കുറിച്ച് തീര്‍ഥാടകര്‍ക്ക് അറിവില്ലെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വാഹനങ്ങള്‍ തടയുമ്പോള്‍ തീര്‍ഥാടകരില്‍ ചിലര്‍ പതിവായി പോലീസുമായി തര്‍ക്കിക്കാറുണ്ടെന്നും സന്നിധാനത്തും പമ്പയിലും ക്യൂവിന്റെ യഥാസമയങ്ങളിലെ വിവരങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ തിരക്ക് നിയന്ത്രിക്കാനാകുമെന്നും പോലീസ് വ്യക്തമാക്കി.

ഇടത്താവളങ്ങളുടെയും ക്ഷേത്രങ്ങളുടെയും ചുമതലയുള്ള കമ്മീഷണര്‍മാര്‍ തിരക്കുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ടുകള്‍ ദേവസ്വം കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള നടത്തിപ്പില്‍ എന്തെങ്കിലും അടിയന്തിര ഉത്തരവുകള്‍ ആവശ്യമായി വന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകനും അമിക്വസ്‌ക്യൂറിയും ശബരിമല കമ്മിഷണറും ഇക്കാര്യം ഹൈക്കോടതി രജിസ്ട്രിയെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ