ലൈംഗികാരോപണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു. ബംഗാളി നടി ശ്രീലേഖ ചിത്ര കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാന സർക്കാരിനെ ഇ-മെയില്‍ വഴിയാണ് രാജി അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയ- ചലച്ചിത്ര മേഖലകളിലെ പ്രമുഖരിൽ നിന്നുൾപ്പെടെ സമ്മർദ്ദം ശക്തമായതിന് പിന്നാലെയാണ് രാജി.
2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് താരത്തിന്‌റെ വെളിപ്പെടുത്തല്‍. ഭര്‍ത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങള്‍ പറയാന്‍ പറ്റിയില്ല. താന്‍ കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആര്‍ക്കും മനസിലാക്കാനാവില്ല. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ പേടിച്ചാണ് കഴിഞ്ഞു.
പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങിയെന്നും നടി പറഞ്ഞു. എന്നാല്‍ നടിയുടെ ആരോപണത്തെ സംവിധായകന്‍ രഞ്ജിത് നിഷേധിച്ചു. കഥാപാത്രത്തിന് അനുയോജ്യമല്ലാത്തതുകൊണ്ടാണ് അവരെ പരിഗണിക്കാതിരുന്നത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത് പറയുന്നു.
പിന്നാലെ ലൈംഗികാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്തിനെ സംരക്ഷിച്ച് മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയത് വലിയ വിമർശനങ്ങൾക്കു കാരണമായിരുന്നു. പരാതി തന്നെ വേണമെന്നായിരുന്നു ഇക്കാര്യത്തില്‍ സജി ചെറിയാന്റെ നിലപാട്.
സംവിധായകന്‍ കമലിന് പിന്‍ഗാമിയായി 2022 ജനുവരി ആറിനാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റത്. പിന്നാലെ പലതവണ രഞ്ജിത്ത് വിവാദങ്ങളില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. രഞ്ജിത്ത് നേതൃത്വം നല്‍കിയ രണ്ട് ഐഎഫ്എഫ്കെയിലും ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അദ്ദേഹം നേതൃത്വം നല്‍കിയ 2022ലെ ഐഎഫ്എഫ്‌കെയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയായിരുന്നു മുഖ്യാതിഥിയായി. പോരാട്ടത്തിന്റെ പെണ്‍പ്രതീകമെന്ന് അതിജീവിതയെ വിശേഷിപ്പിച്ച രഞ്ജിത്തിനെതിരെ അന്ന് വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. കേസിലെ മുഖ്യപ്രതിയായ ദിലീപിനെ ആലുവ ജയിലില്‍ സന്ദര്‍ശിച്ച രഞ്ജിത്തിന് ഇതൊക്കെ പറയാന്‍ എന്ത് യോഗ്യത എന്നായിരുന്നു അന്നുയര്‍ന്ന ചോദ്യം.
27ാം കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' സിനിമക്ക് റിസര്‍വ് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതും റിസര്‍വേഷന്‍ ആപ്പിലെ അപാകതകള്‍ക്കെതിരെയും പ്രതിഷേധമുണ്ടായിരുന്നു. അതിന്റെ സമാപന വേദിയില്‍ രഞ്ജിത്തിനെതിരെ കൂവി പ്രതിഷേധിച്ചവരെ അന്ന് നായ്ക്കളോടാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ഉപമിച്ചത്. 2023ലെ ഐഎഫ്എഫ്‌കെയ്ക്കിടെ, രഞ്ജിത്തിനെതിരെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെ രംഗത്തുവന്നിരുന്നു. അവര്‍ പരസ്യപ്രസ്താവനയും പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെയാണ് സംവിധായകന്‍ ഡോ. ബിജു ഉള്‍പ്പെടെയുള്ളവരുടെ സിനിമകളെ ആക്ഷേപിച്ച് രഞ്ജിത്ത് അഭിമുഖം നല്‍കിയത്.