സിനിമ ഓഡിഷന്റെ പേരില്‍ മോശം അനുഭവം ഉണ്ടായെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ രഞ്ജിത്തിന്റെ രാജിക്ക് സമ്മര്‍ദം ഏറുന്നു. രാജി അനിവാര്യമെന്ന നിലയിലേക്ക് സിപിഎം നേതൃത്വവും എല്‍ഡിഎഫിലെ ഒരു ഒരു വിഭാഗവും രംഗത്തെത്തിയതാണ് രഞ്ജിത്തിന് തിരിച്ചടിയാകുന്നത്. രഞ്ജിത്തിനെതിരെ സിപിഐ നേതൃത്വം പരസ്യമായി രംഗത്തെത്തിയതും സമ്മര്‍ദം ശക്തമാക്കുന്നുണ്ട്. രഞ്ജിത്തിനെ പുറത്താക്കണം എന്ന് സിപിഐ നേതാവ് ആനി രാജയും മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് മഹിളാ മോര്‍ച്ച ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതും സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കുന്നുണ്ട്.
രഞ്ജിത്തിനെ സംരക്ഷിക്കാനില്ലെന്ന സുചകള്‍ ഇന്നലെ വൈകീട്ടോടെ തന്നെ സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും പുറത്തുവന്നിരുന്നു. നിലപാട് മാറ്റിയ സജി ചെറിയാന്റെ പ്രതികരണം തന്നെ ഇതിന് ഉദാഹരണമാണ്. നടി പരാതിയുമായി വന്നാല്‍ നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന നിലയായിരുന്നു സാംസ്‌കാരിക മന്ത്രിയുടെ ആദ്യനിലപാട്. കുറ്റാരോപിതന്‍ മാത്രമാണ്, നിരപരാധിയാണെന്നു തെളിഞ്ഞാല്‍ എന്തു ചെയ്യുമെന്ന് ന്യായീകരിക്കാന്‍ ശ്രമിച്ച മന്ത്രി ഇന്നലെ രാത്രിയോടെ തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ലെന്ന നിലപാടിലേക്ക് എത്തിയിരുന്നു. ഇതോടെയാണ് രഞ്ജിത്ത് രാജി വയ്ക്കുമെന്ന അഭ്യൂഹം ശക്തമായത്.
രാജിവയ്ക്കാനുള്ള സന്നദ്ധത രഞ്ജിത്ത് അനൗദ്യോഗികമായി അക്കാദമി അംഗങ്ങളെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് തന്നെ രാജിയുണ്ടായേക്കുമെന്നും സൂചനകളുണ്ട്. നിലവില്‍ കോഴിക്കോടുള്ള രഞ്ജിത്ത് ഇ മെയില്‍ വഴി രാജിക്കത്ത് കൈമാറിയേക്കുമെന്നാണ് വിലയിരുത്തല്‍.
അതിനിടെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ മേല്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ മലയാള സിനിമയിലെ ചൂഷണങ്ങളിലേക്ക് വെളിച്ചം വീശുന്ന കുടുതല്‍ പ്രതികരണങ്ങള്‍ പുറത്തുവരിയാണ്. യുവ നടിമാര്‍ മുതല്‍ സിനിമ പ്രവര്‍ത്തകര്‍ വരെയുള്ളവരാണ് നടന്‍ സിദ്ധിഖ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചത്. നടി രേവതി സമ്പത്ത് നടത്തിയ വെളിപ്പെടുത്തല്‍ ഒരു രാത്രി പിന്നിട്ടപ്പോഴേക്കും താര സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ധിക്കിന്റെ രാജിയില്‍ കലാശിക്കുകയും ചെയ്തു. സിദ്ധിഖിനെതിരെ നേരത്തെയും നടി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അന്ന് മതിയായ ശ്രദ്ധ ലഭിക്കാതിരുന്ന പരാതികളില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട പുറത്തുവന്നതിന് പിന്നാലെ വീണ്ടും ശക്തമാവുകയായിരുന്നു. ക്രൂരമായ പീഡനമാണ് താന്‍ സിദ്ധിഖില്‍ നിന്നും ഏറ്റവാങ്ങിയത് എന്ന നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പോലീസിന് സ്വമേധയാ കേസെടുക്കാമെന്ന് നിയമ വിദഗ്ധര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്ന പശ്ചാത്തലത്തിലാണ് സിദ്ധിഖിന്റെ രാജി വാര്‍ത്ത എന്നതും ശ്രദ്ധേയമാണ്.
മലയാളത്തിലെ പ്രമുഖ യുവനടനെതിരെ സിനിമ പ്രവര്‍ത്തക നടി സോണിയ മല്‍ഹാര്‍, നടന്‍ സുധീഷ്, ഇടവേള ബാബു, വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധേയനായ യുവതാരം എന്നിവര്‍ക്ക് എതിരെയും ഇന്നലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നടിയുടെ ആരോപണത്തില്‍ സിദ്ധിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ച പശ്ചാത്തലത്തില്‍ സിനിമ മേഖലയില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് വഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍.