KERALA

ഷാജി എന്‍ കരുണ്‍ ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക്, കമല്‍ കെഎസ്എഫ്‌ഡിസി ചെയര്‍മാന്‍; ബീനാ പോളിനെ പരിഗണിച്ചേക്കില്ല

കേരള രാജ്യാന്തര ചലച്ചിത്രമേള അടുത്ത പശ്ചാത്തലത്തിലാണ് ഷാജി എന്‍ കരുണിനെ ഒരിക്കല്‍ കൂടി ചെയര്‍മാനായി നിയോഗിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്

ഗ്രീഷ്മ എസ് നായർ

ലൈംഗികാരോപണത്തെത്തുടര്‍ന്ന് സംവിധായകൻ രഞ്ജിത്ത് സ്ഥാനമൊഴിഞ്ഞ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്കു മുതിര്‍ന്ന സംവിധായകന്‍ ഷാജി എന്‍ കരുണ്‍ പരിഗണനയില്‍. ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെഎസ്എഫ്‌ഡിസി) ചെയര്‍മാനായി സംവിധായകന്‍ കമലിനെയും നിയോഗിച്ചേക്കും.

കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) അടുത്ത പശ്ചാത്തലത്തിലാണ് ഷാജി എന്‍ കരുണിനെ ഒരിക്കല്‍ കൂടി ചെയര്‍മാനായി നിയോഗിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. എല്ലാവര്‍ക്കും സമ്മതനായ മുതിര്‍ന്ന സംവിധായകനെന്ന നിലയില്‍ ചലച്ചിത്രമേഖലയില്‍നിന്നോ, മറ്റു സിനിമാ സംഘടനകളില്‍നിന്നോ എതിര്‍പ്പുയരാന്‍ ഇടയില്ലെന്നു സര്‍ക്കാര്‍ കരുതുന്നു. മാത്രമല്ല കേരള രാജ്യാന്തര ചലച്ചിത്രമേള നടത്തിപ്പിലും പ്രാഗത്ഭ്യമുണ്ട്.

നിലവില്‍, കെഎസ്എഫ്‌ഡിസി ചെയര്‍മാനും ചലച്ചിത്രവികസന നയരൂപീകരണ സമിതി അധ്യക്ഷനുമായ ഷാജി എന്‍ കരുണിനും പുതിയ മാറ്റത്തോട് അനുകൂലനിലപാടാണെന്നാണ് സൂചന. ഷാജി എന്‍ കരുണിന് ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍, നാളെ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന മന്ത്രി സജി ചെറിയാന്‍ അദ്ദേഹവുമായി നേരിട്ടുസംസാരിച്ച ശേഷമാകും അന്തിമ തീരുമാനത്തിലെത്തുക. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജിവെച്ച സാഹചര്യത്തില്‍ വൈസ് ചെയര്‍മാന്‍ പ്രേം കുമാറിനാണ് ഇപ്പോള്‍ താല്‍ക്കാലിക ചുമതല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു സ്ത്രീയെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കെ ആര്‍ മീര അടക്കമുള്ളവരുടെ വനിതാ കൂട്ടായ്മ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍, ആര്‍ട്ടിസ്റ്റിക് ഡയരക്ടര്‍ എന്നീ പദവികളിലിരുന്ന ബീനാപോളിനെ ചെയര്‍പേഴ്സണാക്കണമെന്ന ആവശ്യവും സര്‍ക്കാരിന് മുന്നിലെത്തിയിരുന്നു.

എന്നാൽ ബീന പോളിനെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. അക്കാദമി അംഗമായിരിക്കെ ബീന പോൾ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചെന്ന വിലയിരുത്തലാണ് സർക്കാർ വൃത്തങ്ങളിലുള്ളത്.

മുതിര്‍ന്ന സംവിധായകരോ ചലച്ചിത്രമേഖലയുമായി അടുത്ത ബന്ധമുള്ളവരോ ആകണം അക്കാദമിയുടെ തലപ്പത്തെന്ന ഘടകം കൂടി കണക്കിലെടുത്ത് അടൂര്‍ ഗോപാലകൃഷ്ണനെയും പരിഗണിച്ചിരുന്നു. എന്നാല്‍ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളില്‍ തള്ളിപ്പറഞ്ഞതിനാല്‍ ഇടതുസര്‍ക്കാരുമായി ഒരുതരത്തിലുള്ള സഹകരണത്തിനുമില്ലെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ നിലപാട്.

അതുകൊണ്ടുതന്നെ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള സാധ്യതാപ്പട്ടിക ഷാജി എന്‍ കരുണ്‍ എന്ന ഒറ്റരപ്പേരിലേക്കു ചുരുക്കുകയാണ്. ഷാജി എന്‍ കരുണ്‍ എതിര്‍പ്പോ അസൗകര്യമോ അറിയിച്ചാല്‍ മാത്രമേ ഇനി മറ്റു പേരുകള്‍ പരിഗണിക്കുകയുള്ളൂ.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍