വിദ്യാർഥി സമരത്തെ തുടർന്ന് പ്രതിക്കൂട്ടിലായ കോട്ടയത്തെ കെ ആര്‍ നാരായണന്‍ നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടര്‍ ശങ്കര്‍ മോഹനോട് സർക്കാർ രാജി ചോദിച്ചുവാങ്ങുകയായിരുന്നു. ഇനി സംരക്ഷിക്കാനാകില്ലെന്ന സന്ദേശം ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് കൈമാറിയതിനെത്തുടർന്ന് തിരക്കിട്ടു തിരുവനന്തപുരത്തെത്തിയ ശങ്കർ മോഹൻ ഇന്ന് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണന് രാജിക്കത്ത് കൈമാറി.
വിദ്യാർഥികൾ അനിശ്ചിതകാല സമരം തുടങ്ങിയതിനെത്തുടർന്ന് വിഷയം പഠിക്കാൻ സർക്കാർ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും നിയമ സർവകലാശാല മുൻ വൈസ് ചാൻസലർ എൻ കെ ജയകുമാറും അടങ്ങുന്ന ഒരു കമ്മിഷനെ നിയോഗിച്ചിരുന്നു. ഡയറക്ടറെ മാറ്റുകയല്ലാതെ വിദ്യാർഥികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ മറ്റ് വഴികളില്ലെന്ന് ഈ കമ്മീഷന്‍ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇപ്പോഴത്തെ വിഷയത്തിന് താത്കാലിക പരിഹാരം കണ്ടാലും ശങ്കർ മോഹന്റെ പ്രവർത്തനശൈലി സമാന പ്രതിസന്ധികള്‍ക്ക് വീണ്ടും കാരണമായേക്കാമെന്നും റിപ്പോർട്ടില്‍ പരാമർശമുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച മുഖ്യമന്ത്രി കണ്ടെത്തലുകൾ അംഗീകരിച്ചു. അതേസമയം, അടൂർ ഗോപാലകൃഷ്ണനെ അനുനയിപ്പിച്ചുകൊണ്ട് വേണം തീരുമാനം നടപ്പാക്കാനെന്ന നിർദേശവും മുഖ്യമന്ത്രി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് നൽകി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ദേശാഭിമാനി പത്രത്തിന്റെ വേദിയിൽ അടൂരിനെ മുക്തകണ്ഠം പ്രശംസിച്ചു സംസാരിച്ച പിണറായി വിജയൻ ആ തന്ത്രപരമായ നീക്കത്തിന് തുടക്കം കുറിക്കുകയായിരുന്നു. കമ്മീഷൻ റിപ്പോർട്ടിലും അടൂരിനെതിരെ പരാമർശങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല.
സംവരണ തത്വങ്ങൾ അട്ടിമറിച്ചു, വിദ്യാർഥികൾക്കും ജീവനക്കാർക്കുമെതിരെ ജാതിവിവേചന നടപടിയെടുത്തു എന്നീ ആരോപണങ്ങളിൽ ഊന്നിയാണ് ഡയറക്റ്ററിനെതിരെ വിദ്യാർഥികൾ ഡിസംബർ അഞ്ചിന് സമരം ആരംഭിച്ചത്. പിന്നലെ കലാ- സാമൂഹിക, രാഷ്ട്രീയ രംഗത്തുള്ള പലരും വിദ്യാർഥികൾക്ക് പിന്തുണയുമായി രംഗത്തെത്തി. ഈ സമരം 48 ദിവസം പിന്നിട്ടപ്പോഴാണ് ഡയറക്ടറുടെ രാജി. കാലാവധി തീർന്നതിനാലാണ് താൻ രാജിവച്ചതെന്നും വിവാദങ്ങളുമായി ബന്ധമില്ലെന്നുമാണ് ശങ്കർ മോഹൻ വിശദീകരിക്കുന്നത്. എന്നാൽ വിദ്യാർഥികളുടെ സമരം വിജയം എന്ന നിലയ്ക്ക് തന്നെയാണ് ഡയറക്ടറുടെ രാജി വിലയിരുത്തപ്പെടുന്നത്. അതേസമയം, വിദ്യാർഥികൾ മുന്നോട്ടു വെച്ച ആവശ്യങ്ങളിൽ ആദ്യത്തേത് മാത്രമാണ് ഇപ്പോൾ നിറവേറിയത്, ബാക്കിയുള്ള ആവശ്യങ്ങളിൽ കൂടി തീരുമാനമാകും വരെ സമരം തുടരുമെന്ന് വിദ്യാർഥികൾ 'ദ ഫോർത്തി'നോട് പറഞ്ഞു.
മൂന്ന് വർഷത്തെ കോഴ്സ് രണ്ട് വർഷമായി വെട്ടിച്ചുരുക്കുക, സ്കോളർഷിപ്പുകൾ നൽകാതിരിക്കുക എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് ശങ്കർ മോഹനും ചെയർമാൻ അടൂർ ഗോപാലകൃഷ്ണനുമെതിരെ ഉയർന്നിരുന്നത്. എന്നാൽ തുടക്കം മുതൽ തന്നെ ശങ്കർ മോഹനെ പിന്തുണച്ചുകൊണ്ടുള്ള സമീപനമായിരുന്നു അടൂർ ഗോപാലകൃഷ്ണന്റേത്. വിദ്യാർഥികൾ കള്ളം പറയുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
2022 ബാച്ചിലേക്ക് നടന്ന അഡ്മിഷനിലെ സംവരണ അട്ടിമറി വ്യക്തമാക്കുന്ന, എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഡെപ്യൂട്ടി ഡയറക്ടർ ശങ്കർ മോഹന് അയച്ച കത്ത് ഇതിനിടെ പുറത്തുവന്നിരുന്നു. സംഭവം അന്വേഷിക്കാൻ സർക്കാർ ആദ്യമൊരു കമ്മീഷനെ നിയോഗിച്ചെങ്കിലും പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടായില്ല. കമ്മീഷന് മുൻപിൽ ഹാജരാകാൻ പോലും ശങ്കർ മോഹൻ തയ്യാറായിരുന്നില്ല. പിന്നീടാണ് കെ ജയകുമാർ - എൻ കെ ജയകുമാർ കമ്മീഷനെ നിയോഗിക്കുന്നത്. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. ജാത്യാധിക്ഷേപം, സംവരണ അട്ടിമറി, ജീവനക്കാർക്കും വിദ്യാർഥികൾക്കും എതിരായ മാനസിക പീഡനങ്ങൾ എന്നീ പരാതികൾ ശരിവെച്ചാണ് കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നതെന്ന് 'ദ ഫോർത്ത്' റിപ്പോർട്ട് ചെയ്തിരുന്നു.
വിദ്യാർഥി സമരം നടക്കുന്നതിനിടെയാണ് കേരള രാജ്യാന്തര ചലച്ചിത്രോത്സവം തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. പ്രതിഷേധം അവസാനിപ്പിക്കാമെന്ന് എഴുതി നൽകാത്തതിന്റെ പേരിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ വിദ്യാർഥികൾക്കുള്ള താമസ സൗകര്യം ശങ്കർ മോഹൻ നൽകിയില്ല. അതോടെ ഐഎഫ്എഫ്കെ വേദിയിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ചലച്ചിത്രപ്രവർത്തകരായ ആഷിഖ് അബു, ബിജിബാൽ, ജിയോ ബേബി, മഹേഷ് നാരായണൻ, കമൽ, ഷഹബാസ് അമൻ, മനീഷ് നാരായണൻ, വിധു വിൻസെന്റ്, സജിത മഠത്തിൽ തുടങ്ങിയവരെല്ലാം പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രസിദ്ധരായ പല ആക്ടിവിസ്റ്റുകളും സിനിമ പ്രവർത്തകരും പിന്തുണയുമായി എത്തി. അടുത്തിടെ കോഴിക്കോട് നടന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പോലും സംഭവം ചർച്ചയായായിരുന്നു.
ഇതിനിടെ രണ്ട് തവണ കോളേജ് അടച്ചിടണമെന്നും വിദ്യാർഥികൾ പുറത്തുപോകണമെന്നും ആവശ്യപ്പെട്ട് ജില്ലാ അധികൃതർ ഉത്തരവിറക്കി. ഡിസംബർ 24നുള്ളിൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിരാഹാരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് കോളേജ് അടച്ചിടാനുള്ള ആദ്യ ഉത്തരവ് വന്നത്. എന്നാൽ വിദ്യാർഥികൾ സമരം തുടർന്നു. പിന്നീട് ജനുവരി എട്ടിനും സമാനമായ ഉത്തരവ് വന്നിരുന്നു.
ക്ലാസുകൾ നഷ്ടപെടുത്തിയുള്ള സമരത്തിന് പകരമായി സമരപന്തൽ ക്ലാസ് മുറിയാക്കിയുള്ള സമരത്തിലേക്ക് പിന്നീട് വിദ്യാർഥികൾ നീങ്ങി. തുടർന്നുള്ള ദിവസങ്ങളിൽ ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രപ്രവർത്തകർ വിദ്യാർഥികൾക്ക് സമരപന്തലിൽ എത്തിയും അല്ലാതെയും ക്ലാസുകൾ എടുത്ത് പോരുകയായിരുന്നു. സമരം ചെയ്യുന്ന വിദ്യാർഥികൾ പഠിക്കാൻ വരുന്നവരല്ലെന്നും അങ്ങനെയുള്ളവർ ഉടൻ ഇൻസ്റ്റിറ്റ്യൂട്ട് വിട്ട് പോകണമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതിന് പിന്നാലെയായിരുന്നു സ്റ്റുഡന്റ്‌സ് കൗൺസിൽ ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത്.
അടൂർ ഗോപാലകൃഷ്ണന്റെ നിലപാടുകൾ തുടക്കം മുതൽ തന്നെ വിവാദമായിരുന്നു 'വനിതാ ജീവനക്കാർ ഉടുത്തൊരുങ്ങി വന്ന് കള്ളം പറയുന്നു' എന്ന് വരെ അടൂർ അഭിമുഖങ്ങളിൽ ആക്ഷേപിച്ചു. എന്നാൽ ഒടുവിൽ വിദ്യാർഥികളുടെ സമരം വിജയം കണ്ടിരിക്കുകയാണ്. ഔദ്യോഗികമായ അറിയിപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ല എങ്കിലും ശങ്കർ മോഹൻ പുറത്തായതിൽ സന്തോഷമുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.