Kerala Assembly  
KERALA

എകെജി സെന്റര്‍ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി; ഭരണപക്ഷം ആഘോഷിക്കുകയാണെന്ന് പ്രതിപക്ഷം

അടിയന്തരപ്രമേയം വോട്ടിനിട്ട് തള്ളി

വെബ് ഡെസ്ക്

തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തരപ്രമേയ ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ആക്രമണത്തില്‍ അന്വേഷണം വൈകുന്നതില്‍ അസ്വാഭാവികതയില്ലെന്ന സൂചന നല്‍കിയ മുഖ്യമന്ത്രി ഏതെങ്കിലും ഒരാളെ പിടിക്കുകയല്ല കുറ്റവാളിയെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമമെന്നും നിയമസഭയില്‍ വ്യക്തമാക്കി. ഒരു പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ നടന്ന ആക്രമണത്തെ അപലപിക്കാന്‍ പോലും തയാറാകാത്ത കോണ്‍ഗ്രസിന്റെ മാനസിക അവസ്ഥ ആശ്ചര്യപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Akg Center attack Adjournment Motion

നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ പിസി വിഷ്ണുനാഥ് ആയിരുന്നു അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എകെജി സെന്റര്‍ ആക്രമണം ഭരണപക്ഷം സഭയില്‍ ഉന്നയിക്കാത്തതും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലെ മെല്ലെപോക്കും സംശയാസ്പദമാണെന്നായിരുന്നു പ്രമേയ അവതാരകന്‍റെ പ്രധാന ആരോപണം.

ബോംബേറിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയെന്ന് പ്രതിപക്ഷ നേതാവ്

ഭരണ പക്ഷത്തെയും ആഭ്യന്തര വകുപ്പിനെയും കടന്നാക്രമിച്ച് കൊണ്ടായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍ അടിയന്തര പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചത്. രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എകെജി സെന്റര്‍ ആക്രമണം ഭരണപക്ഷം ആഘോഷമാക്കുകയാണെന്നും ഇരകളായത് പ്രതിപക്ഷമാണെന്നും കുറ്റപ്പെടുത്തി.

ബോംബേറിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അക്രമ സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന ഇ പി ജയരാജന്റെ വാക്കുകളാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ആക്രമണത്തിന് തൊട്ടുപിന്നാലെ എകെജി സെന്റിന് മുന്നിലെത്തിയ ഇപി ജയരാജന്‍ കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷം ചോദിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പോലീസ് നിഷ്‌ക്രിയമായി നോക്കിനില്‍ക്കുകയായിരുന്നെന്നും പൊലീസിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും പ്രതിപക്ഷം പറഞ്ഞു. ഭരണസിരാകേന്ദ്രത്തിന് സമീപം പോലീസ് കാവലുള്ള പാര്‍ട്ടി ഓഫീസ് ആക്രമിക്കപ്പെടുമ്പോള്‍ പോലീസ് വാഹനം അവിടെയുണ്ടായിരുന്നില്ലെന്നത് പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പോലീസ് നിഷ്‌ക്രിയമായി നോക്കിനില്‍ക്കുകയായിരുന്നു. പൊലീസിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും പ്രതിപക്ഷം പറഞ്ഞു.
Akg Center attack Adjournment Motion

എന്നാല്‍, എകെജി സെന്റര്‍ ആക്രമണം സംബന്ധിച്ച വിഷയത്തില്‍ ഭരണപക്ഷത്തെ സംശയ മുനയില്‍ നിര്‍ത്താനുള്ള നീക്കത്തെ അപലപിച്ച മുഖ്യമന്ത്രി പോലീസിന് വീഴ്ചപറ്റിയോയെന്ന് പരിശോധിക്കുമെന്നും നിയമസഭയെ അറിയിച്ചു. പിന്നാലെ ആയിരുന്നു തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമാണെന്നും, അക്രമണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും പ്രതികരിച്ചത്. പാര്‍ട്ടി ഓഫീസിന് നേരെ നടന്നത് പെട്ടന്നുണ്ടായ ആക്രമണമല്ല, ആസൂത്രിതമാണ്. സിസിടിവി ദൃശ്യങ്ങളില്‍ വാഹനം ആദ്യം വന്നുപോകുന്നത് കാണാം. തിരിച്ചെത്തിയാണ് ബോംബ് എറിഞ്ഞത്. പോലീസുള്ള സ്ഥലം മനസ്സിലാക്കാനായിരുന്നു ആദ്യ വരവ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് എതിരായ പ്രതിപക്ഷ ആരോപണങ്ങളെയും മുഖ്യമന്ത്രി തള്ളി. ആക്രമണം ഇ പി ജയരാജന്റെ തിരക്കഥയാണെന്ന കെ സുധാകരന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. കോണ്‍ഗ്രസ് എങ്ങനെയാണ് ഇത്തരം മാനസിക നിലയിലേക്ക് പോകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

പ്രതിപക്ഷത്തെ ഉപദേശിക്കാനും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ തയ്യാറായി. മടിയില്‍ കനമില്ലാത്ത വ്യക്തിയാണ് താനെന്ന ആവര്‍ത്തിച്ച മുഖ്യമന്ത്രി താല്‍ക്കാലിക ലാഭത്തിന് വേണ്ടി തെറ്റ് ചെയ്യരുത് എന്നും പ്രതിപക്ഷ അംഗങ്ങളോട് ആവശ്യപ്പെട്ടു. തൊട്ടതെല്ലാം പാളുന്നത് ആര്‍ക്കാണ് എന്ന് പ്രതിപക്ഷ നേതാവ് പരിശോധിക്കണം. ജീവിതത്തില്‍ ശുദ്ധി പുലര്‍ത്താന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം സഭ വോട്ടിനിട്ട് തള്ളി. പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തില്‍ ഇത് രണ്ടാം തവണയാണ് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ അടിയന്തര പ്രമേയം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ