തൃശൂര്‍ പൂരം കലക്കിയതില്‍ പ്രത്യേക ത്രിതല അന്വേഷണത്തിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൂരം അലങ്കോലമാക്കാനുള്ള ശ്രമം സംബന്ധിച്ച വിശദ അന്വേഷണത്തിന് സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരവുമായി ബന്ധപ്പെട്ട ചുമതല നല്‍കിയിരുന്ന വിവിധ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ഇന്റിലജന്‍സ് എഡിജിപി മനോജ് എബ്രഹാം അന്വേഷിക്കും. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് വീഴ്ചയുണ്ടെന്ന് ഡിജിപി റിപ്പോര്‍ട്ട് ചെയ്തു. ഇതു വിശദമായി അന്വേഷിക്കാന്‍ പോലീസ് മേധാവിയെ നിയോഗിച്ചു.
പൂരം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം
കേരളത്തിൻ്റെ തനതായ സാംസ്കാരിക അടയാളമാണ് തൃശൂർ പൂരം. മതസൗഹാർദ്ദവും സഹവർത്തിത്വവും വിളിച്ചോതുന്ന ഒരു അന്താരാഷ്ട്ര സാംസ്കാരിക പൈതൃക ഉത്സവമെന്ന നിലയിലാണ് രണ്ടു നൂറ്റാണ്ടിലേറെയായി ഈ നാട് തൃശൂർ പൂരം കൊണ്ടാടുന്നത്.
ഇത്തവണ പൂരവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തന്നെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒന്ന് എക്സിബിഷന്റെ ഘട്ടത്തിലായിരുന്നു. തറവാടകയുമായി ബന്ധപ്പെട്ട ഒരു പ്രശ്നമായിരുന്നു അത്. ആ ഘട്ടത്തിൽ ഇടപ്പെട്ട് പരിഹാരം ആവുകയും ചെയ്തു. തൃശ്ശൂർപൂരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ദേവസ്വങ്ങൾ എല്ലാം അതിൽ സന്തോഷം രേഖപ്പെടത്തുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടർച്ചയായി ആനകളുമായി ബന്ധപ്പെട്ട ഒരു പ്രശ്നം ഉയർന്നു വന്നു. അതും നല്ല രീതിയിൽ പരിഹരിക്കാനായി. എല്ലാ വിഭാഗം ജനങ്ങളും അണിചേരുന്ന, ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്ന പൂരം കേരളത്തിൻ്റെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്ന് എന്ന നിലയിൽ കുറ്റമറ്റ നിലയിൽ നടത്താൻ സർക്കാർ എല്ലാ തരത്തിലും തയാറെടുപ്പുകൾ നടത്തിയിരുന്നു.
ഇത്തവണ പൂരം ഏറ്റവും ഗംഭീരമായി തന്നെയാണ് ആരംഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഘട്ടമായിരുന്നു അത്. ആ സമയത്തും, ജനങ്ങൾ വൻതോതിൽ പൂര നഗരിയിലെത്തി ആഘോഷങ്ങളിൽ പങ്കുകൊണ്ടു. എന്നാൽ, അവസാന സമയത്ത്, ചില വിഷയങ്ങളുണ്ടായി. അതുമായി ബന്ധപ്പെട്ട് പുരം അലങ്കോലപ്പെടുത്താനുള്ള ചില ശ്രമങ്ങൾ ഉണ്ടായി എന്നത് സർക്കാർ ഗൗരവമായാണ് കണ്ടത്. അങ്ങനെയാണ് അതിനെക്കുറിച്ച് ഒരു അന്വേഷണം സമഗ്രമായി നടക്കണമെന്ന് സർക്കാർ നിശ്ചയിക്കുകയും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെ ചുമലതപ്പെടുത്തുകയും ചെയ്തത്. ആ അന്വേഷണത്തിൻ്റെ റിപ്പോർട്ട് സെപ്തംബർ 23ന് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് സമർപ്പിക്കുകയുണ്ടായി. ആ റിപ്പോർട്ട് സെപ്തംബർ 24 ന് എനിക്ക് ലഭിച്ചു.
പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് സമഗ്രമാണെന്ന് കരുതാനാവില്ല. ഇവിടെ പലതരത്തിലുള്ള നിയന്ത്രണങ്ങൾ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. എക്സ്പ്ലോസീവ് ആക്ട്, പെസോ (PESO) റഗുലേഷനുകൾ, വിവിധ വകുപ്പുകൾ ഇക്കാര്യത്തിൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ, പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻറെ ശിപാർശകൾ, മറ്റു നിയമപരമായ നിബന്ധനകൾ, ബഹു. ഹൈക്കോടതി ഉത്തരവുകൾ എന്നിവ പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.
പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തമാകുന്ന ഒരു കാര്യം വ്യക്തമായ ലക്ഷ്യത്തോടെ കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട് എന്നതാണ്. അങ്ങനെ സംശയിക്കാൻ ഉള്ള അനേകം കാര്യങ്ങൾ ഈ റിപ്പോർട്ടിൽ ഉണ്ട്. ഇക്കാര്യങ്ങൾ സർക്കാർ ഗൗരവമായാണ് കാണുന്നത്.
തെരഞ്ഞെടുപ്പ് ലക്ഷ്യം മുൻനിർത്തി അരങ്ങേറിയ ഒരു ആസൂത്രിത നീക്കത്തിന്റെ ഫലമായി നിയമപരമായി അനുവദിക്കാൻ സാധിക്കാത്ത ആവശ്യങ്ങൾ ബോധപൂർവ്വം ഉന്നയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടിലെ ഒരു കണ്ടെത്തൽ. അതുൾപ്പെടെ അവിടെ നടന്നിട്ടുള്ള കുറ്റകൃത്യങ്ങൾ അന്വേഷിച്ച് കണ്ടുപിടിച്ച് ഭാവിയിൽ തൃശൂർ പൂരം ഭംഗിയായി നടത്താനുള്ള സംവിധാനം ഒരുക്കൽ അനിവാര്യമായ കാര്യമാണ്. നമ്മുടെ സാമൂഹ്യ അന്തരീക്ഷം തകർക്കാനുള്ള ഒരു കുത്സിത പ്രവൃത്തിയും അനുവദിക്കാനാവില്ല. ഇത് കേവലം ഒരു ആഘോഷവുമായോ ഉത്സവവുമായോ ബന്ധപ്പെട്ട പ്രശ്നമായി ചുരുക്കി കാണാനാവില്ല. കേരളീയ സമൂഹത്തെ ആകെ ബാധിക്കുന്ന വിഷയമാണ്. ആ നിലയിൽ തന്നെയാണ് സർക്കാർ ഇതിനെ കാണുന്നത്.
ഇക്കാര്യത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന തുടർനടപടികൾ ഇന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
1. തൃശൂർ പൂരം അലങ്കോലമാക്കാൻ നടന്ന ശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ടിൽ വെളിപ്പെടുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന ക്രൈം ബ്രാഞ്ച് മേധാവിയായ എഡിജിപി എച്ച് വെങ്കിടേഷ് ഐപിഎസിൻ്റെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തും (SIT)
2. പൂരവുമായി ബന്ധപ്പെട്ട ചുമതലകൾ നൽകിയിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യങ്ങൾ അന്വേഷിക്കുന്നതിന് ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാം ഐപിഎസിനെ ചുമതലപ്പെടുത്തി.
3. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതേക്കുറിച്ച് പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
രണ്ടു നൂറ്റാണ്ടുകാലത്തെ ചരിത്രത്തിനിടയിൽ തൃശൂർ പൂരം ചുരുക്കേണ്ടിവന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അത് പ്രകൃതി ദുരന്തങ്ങളുടെയും മറ്റ് പ്രയാസകരമായ അവസ്ഥകളുടെയും ഫലമായിട്ടാണ്. 1930ൽ കടുത്ത മഴയെ തുടർന്ന് മുഴുവൻ ആനകളേയും എഴുന്നെള്ളിച്ചില്ല എന്നാണ് പറയുന്നത്. 1939ൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ ചടങ്ങുമാത്രമായി നടത്തി. 1948ൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ, വധത്തെ തുടർന്ന് ചടങ്ങുമാത്രമാണുണ്ടായത്. ഇത്തവണ ദുരന്തമോ അതുപോലുള്ള മറ്റേതെങ്കിലും ദുരവസ്ഥയോ അല്ല ഉണ്ടായത്. മറിച്ച് ചില പ്രത്യേക രീതിയോടെയുള്ള ഇടപെടലിലൂടെ പൂരാഘോഷങ്ങൾക്ക് അലങ്കോലം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായത്. അത് ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികളിലേക്ക് കടക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്.