ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിർത്തിവെച്ച അരവണ വിതരണം സന്നിധാനത്ത് പുനരാരംഭിച്ചു. ഏലയ്ക്ക ഉപയോഗിക്കാതെ തയ്യാറാക്കിയ അരവണയാണ് വിതരണം ചെയ്യുന്നത്. പുലർച്ചെ മൂന്നര മുതലാണ് അരവണ വിതരണം ചെയ്ത് തുടങ്ങിയത്. ഇന്നലെയാണ് കീടനാശിനി കലര്‍ന്ന ഏലയ്ക്ക ഉപയോഗിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയ അരവണ വില്‍ക്കുന്നതിന് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. പുതിയ അരവണ ഉണ്ടാക്കുമ്പോള്‍ കീടനാശിനി ഇല്ലാത്ത ഏലയ്ക്കയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിർദേശിച്ചിരുന്നു.
കോടതി നിർദേശത്തെ തുടർന്ന് വിതരണത്തിനായി സ്റ്റോക്ക് ചെയ്തിരുന്ന 70,7153 ടിൻ അരവണ ദേവസ്വം ബോർഡ് ഗോഡൗണിലേക്ക് മാറ്റി. കേസിന്റെ തുടർ നടപടികൾ അനുസരിച്ചായിരിക്കും ഗോഡൗണിലേക്ക് മാറ്റിയ അരവണ എന്ത് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
ശബരിമലയില്‍ അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ 14 കീടനാശനികളുടെ അമിത സാന്നിധ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം ഭക്ഷ്യ സുരക്ഷാ അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതോടെയാണ് അരവണ വില്‍ക്കുന്നതിന് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ അല്ലാതെയോ ദേവസ്വം ബോര്‍ഡിന് അരവണ നിര്‍മിക്കാം. ഇക്കാര്യത്തില്‍ സ്‌പൈസസ് ബോര്‍ഡുമായി കൂടിയാലോചന നടത്താമെന്നും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും.
ഏലയ്ക്കയുടെ ഗുണ നിലവാരം സര്‍ക്കാര്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധിക്കണം എന്നാവശ്യപ്പെട്ട് മുന്‍പ് ശബരിമലയില്‍ ഏലയ്ക്ക വിതരണം ചെയ്തിരുന്ന അയ്യപ്പ സ്‌പൈസസ് കമ്പനി ഉടമ എസ് പ്രകാശാണ് ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് ഫിപ്രോനില്‍, ടെബ്യുകണസോള്‍, ഇമിഡക്‌ളോപ്രിഡ് എന്നീ കീടനാശിനികളുടെ സുരക്ഷിതമല്ലാത്ത വിധത്തിലുള്ള സാന്നിധ്യം ഏലയ്ക്കയിലുണ്ടെന്ന് തിരുവനന്തപുരം അനലിറ്റിക്കല്‍ ലാബ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ചോദ്യം ചെയ്തതോടെയാണ് കൊച്ചി ലാബില്‍ വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.