2017 ൽ സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കാര്‍ത്യായനി അമ്മയുടെ ജീവിതം ഇനി ജില്ലാ പഞ്ചായത്തിന്റെ സംരക്ഷണയില്‍. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കാര്‍ത്യായനി അമ്മയെ ഏറ്റെടുത്ത് ജില്ലാ ഹോമിയോ ആശുപത്രിയിലെ പാലിയേറ്റീവ് സെന്ററിലേക്ക് മാറ്റി. തുല്യതാ പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കുകയും ദേശീയതലത്തില്‍ തന്നെ ഒട്ടേറെ ബഹുമതികള്‍ നേടുകയും ചെയ്ത കാര്‍ത്യായനി അമ്മയുടെ ദുരിതജീവിതം ദ ഫോര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ കൊച്ചുമകള്‍ക്ക് ലക്ഷംവീട് കോളനിയില്‍ കിട്ടിയ വീട്ടില്‍ കഴിയുന്ന കാര്‍ത്യായനി അമ്മ മാസങ്ങളായി തളര്‍ന്ന് കിടപ്പിലായിരുന്നു.
പകല്‍ സമയം മുഴുവന്‍ ആരും തിരിഞ്ഞ് നോക്കാനില്ലാതെ ഒറ്റമുറി വീട്ടില്‍ തനിച്ച് കഴിയുന്ന കാര്‍ത്യായനി അമ്മ അങ്ങേയറ്റം ദുരിതം നിറഞ്ഞ അവസ്ഥയിലൂടെയായിരുന്നു കടന്ന് പോയിരുന്നത്. പ്രശ്‌സ്ത ഷെഫ് റൈറ്ററായ വികാസ് ഖന്ന പുറത്തിറക്കിയ 'ബെയര്‍ ഫൂട്ട് എംപ്രസ്' എന്ന പുസ്തകത്തിലെ നായികയും കാര്‍ത്യായനിയമ്മയായിരുന്നു. നേട്ടങ്ങളുടെ കൊടുമുടികള്‍ കയറിയപ്പോഴും കാര്‍ത്യായനി അമ്മയ്ക്ക് ദു:ഖങ്ങള്‍ ഏറെയായിരുന്നു. റിപ്പബ്ലിക് ദിന പരേഡില്‍ സംസ്ഥാനത്തിന്റെ പ്ലോട്ടില്‍ മുന്നില്‍ നിരന്നതും കാര്‍ത്യായനിയമ്മ തന്നെ. അതും മാധ്യമങ്ങളില്‍ വാര്‍ത്തയായി. തുടര്‍ന്നായിരുന്നു ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍.