അമ്മയെ മക്കള്‍ സംരക്ഷിക്കുന്നു എന്നതു കൊണ്ട് ജീവനാംശം നൽകുന്നതിൽ നിന്ന് ഭർത്താവിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് ഹൈക്കോടതി. ജീവനാംശം നൽകാനുള്ള കുടുംബ കോടതി ഉത്തരവിനെതിരെ കണ്ണൂർ തളിപ്പറമ്പ് സ്വദേശി മുഹമ്മദാലി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
അവിവാഹിതയായ മകളും തന്നോടൊപ്പമുള്ളതിനാല്‍ ചെലവിന് നൽകണമെന്നുമുള്ള ഭാര്യയുടെ ആവശ്യം കോടതി അംഗീകരിച്ചു
ജീവനാംശം നൽകാനുള്ള ഉത്തരവ് പാലിക്കാത്തതിനെതിരെ ഭാര്യയാണ് കുടുംബ കോടതിയെ സമീപിച്ചത്. 2017 ഫെബ്രുവരി 24 മുതൽ 2020 ഫെബ്രുവരി 24 വരെയുള്ള ജീവനാംശമായി 288000 രൂപ നൽകാൻ കോടതി നിർദേശിച്ചു. ഇതോടൊപ്പം തന്നെ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭാവിയിലേക്കുള്ള ജീവനാംശവും നൽകണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. അവിവാഹിതയായ മകളും തന്നോടൊപ്പമുള്ളതിനാല്‍ ചെലവിന് നൽകണമെന്നുമുള്ള ഭാര്യയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഇത് ചോദ്യം ചെയ്താണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.
പരാതിക്കാരിക്ക് വിദേശത്ത് ജോലിയുള്ള രണ്ട് മക്കളുണ്ടെന്നും അവർ സംരക്ഷിക്കുന്നുണ്ടെന്നും അതിനാൽ ജീവനാംശം നൽകാനാവില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ മക്കൾ സംരക്ഷിക്കുന്നുവെന്ന കാരണത്താൽ ജീവനാംശം നൽകണമെന്ന ബാധ്യതയില്‍ നിന്ന് ഭർത്താവിന് ഒഴിയാനാവില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്താക്കി. തുടർന്ന് വിഷയത്തിലിടപെടാനാവില്ലെന്ന് ചൂണ്ടികാട്ടി അപ്പീൽ ഹർജി ഹൈക്കോടതി തള്ളി.