KERALA

കണ്ണൂര്‍ എഡിഎമ്മിന്റെ ആത്മഹത്യ: നടന്നത് വ്യക്തിഹത്യയെന്ന് പ്രോസിക്യൂഷന്‍, ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ച

തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് 29-ന് വിധി പ്രസ്താവിക്കുക

വെബ് ഡെസ്ക്

കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ഇന്ന്‌ ഹര്‍ജിയില്‍ വിശദമായി വാദം കേട്ട തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 29-ന് വിധി പ്രസ്താവിക്കുമെന്ന് അറിയിക്കുകയായിരുന്നു. ജസ്റ്റിസ് നിസാര്‍ അഹമ്മദാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.

മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ത്തന്നെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നെന്ന് ദിവ്യക്കു വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അഴിമതിക്കെതിരെ നിരന്തരം പോരാടുന്ന വ്യക്തിയാണ് താനെന്നും എഡിഎഎമ്മിനെതിരെ രണ്ടു പരാതികള്‍ ലഭിച്ചിരുന്നെന്നും അഭിഭാഷകന്‍ പറഞ്ഞു. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ഒരു ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാളാണ്, 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകയാണ്, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന വ്യക്തിയാണ് തുടങ്ങിയ വാദങ്ങള്‍ കോടതിയില്‍ ഉന്നയിച്ചു. പി പി ദിവ്യയ്ക്ക് വേണ്ടി അഡ്വ. കെ വിശ്വനാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായത്.

സദുദ്ദേശ്യത്തോടെയാണ് യാത്രയയപ്പ് ചടങ്ങില്‍ സംസാരിച്ചതെന്നും തെറ്റ് കണ്ടാല്‍ മിണ്ടാതിരിക്കണോ എന്നും കോടതിയില്‍ വാദിച്ചു. മാധ്യമങ്ങള്‍ പ്രത്യേക അജണ്ട വച്ച് ആക്രമിക്കുകയായിരുന്നെന്നും ഒന്നര മണിക്കൂറോളം നീണ്ട വാദത്തില്‍ ദിവ്യ പറഞ്ഞു. തന്റെ പ്രസംഗം സദുദ്ദേശ്യപരമായിരുന്നെന്നു ചൂണ്ടിക്കാട്ടിയ ദിവ്യ, താന്‍ ക്ഷണിക്കപ്പെടാതെയാണ് യാത്രയയപ്പ് ചടങ്ങിന് എത്തിയതെന്ന ആരോപണം തള്ളിയിരുന്നു. കളക്ടറാണ് തന്നെ യോഗത്തിലേക്ക് ക്ഷണിച്ചതെന്നു ദിവ്യ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

നവീന്‍ ബാബുവിനെതിരേ കൂടുതല്‍ ആരോപണങ്ങളും ജാമ്യാപേക്ഷയിലുണ്ടായിരുന്നു.ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്നുവെന്ന പരാതി നവീന്‍ ബാബുവിനെതിരേ നേരത്തെയും ഉണ്ടായിരുന്നുവെന്നും പ്രശാന്തനു പുറമേ ഗംഗാധരന്‍ എന്നൊരാളും എഡിഎമ്മിനെതിരേ തന്നോട് പരാതിപ്പെട്ടിരുന്നുവെന്നും ദിവ്യ ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ഈ പരാതികളുടെ അടിസ്ഥാനത്തില്‍ ഫയല്‍ നീക്കം വേഗത്തിലാക്കണമെന്ന സദുദ്ദേശ്യം മാത്രമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നും തന്റെ പ്രസംഗം ഏതെങ്കിലും വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളിയിടാനായിരുന്നില്ലെന്നും പൊതുപ്രവര്‍ത്തകയെന്ന നിലയില്‍ തെറ്റുചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, വ്യക്തിഹത്യയാണ് നവീന്റെ ആത്മഹത്യയ്ക്കു കാരണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ആത്മഹത്യപ്രേരണക്കുറ്റം നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന്‍.

അധികാരം, പണം പദവി, സ്വത്ത്..; ജഗനെയും ശര്‍മിളയെയും ശത്രുക്കളാക്കിയതെന്ത്?

ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ സംയോജിപ്പിക്കുന്ന 'സ്‌പേസ് ഡോക്കിങ്' സാങ്കേതികവിദ്യയ്ക്ക് അരികെ ഇന്ത്യ; സ്‌പേഡെക്‌സ് വിക്ഷേപണം ഡിസംബറില്‍

നിര്‍ണായക പോരിന് മുമ്പ് ശരദ് പവാറിന് തിരിച്ചടി; എന്‍സിപിയുടെ 'ക്ലോക്ക്' അജിത്തിന് തന്നെയെന്നു സുപ്രീം കോടതി

ജാർഖണ്ഡിൽ പുതിയ മുഖമാകാൻ ജെകെഎൽഎം; ബിജെപിക്കും ഇന്ത്യ സഖ്യത്തിനും ഭീഷണിയാകുമോ ജയറാം മഹാതോ?

പൂനെ ടെസ്റ്റ്: ന്യൂസിലൻഡിനെ 260ല്‍ ഒതുക്കി ഇന്ത്യ; വാഷിങ്‌ടണ്‍ സുന്ദറിന് ഏഴ് വിക്കറ്റ്