അപൂർവ സാഹചര്യങ്ങളിൽ മാത്രമേ കുട്ടിയുടെ പിതൃത്വം നിർണയിക്കാൻ ഡി എൻ എ പരിശോധനയ്ക്ക് ഉത്തരവിടാനാകൂവെന്ന് ഹൈക്കോടതി. സംശയമുള്ള എല്ലാ കേസുകളിലും ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും പിതൃത്വം സംബന്ധിച്ച തർക്കം പരിഹരിക്കാൻ ഇത്തരം പരിശോധനകൾ അനിവാര്യമാക്കുന്ന സാഹചര്യത്തിലെ ഡി എൻ എ പരിശോധനയ്ക്ക് ഉത്തരവിടാനാകൂ എന്നും ജസ്റ്റിസ് എ ബദറുദ്ദീൻ വ്യക്തമാക്കി.
ഭാര്യയുമായി വേർപിരിഞ്ഞ പറവൂർ സ്വദേശി കുട്ടിയുടെ പിതൃത്വത്തിൽ സംശയമുന്നയിച്ച് നൽകിയ ഹർജി തള്ളിയാണ് കോടതി നിർദേശം. 2004 ലായിരുന്നു ഹർജിക്കാരന്റെ വിവാഹം. 2006 ൽ കുഞ്ഞ് ജനിച്ചു. ഭാര്യയ്ക്ക് മാനസിക പ്രശ്നമുണ്ടെന്നതിന്റെ പേരിൽ പിന്നീട് വേർപിരിഞ്ഞു. തുടർന്നാണ് കുട്ടിയുടെ പിതൃത്വത്തിൽ സംശയമുന്നയിച്ച് ഡി എൻ എ പരിശോധനയ്ക്കായി യുവാവ് കുടുംബ കോടതിയെ സമീപിച്ചത്.
കുട്ടിക്ക് ജീവനാംശം നൽകാതിരിക്കാനാണ് പിതൃത്വത്തിൽ സംശയമുന്നയിക്കുന്നതെന്നായിരുന്നു യുവതിയുടെ വാദം. കുട്ടിയുടെ ജനനത്തിന് മുമ്പ് ഇരുവരും തമ്മിൽ ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് ഹർജിക്കാരൻ പറയുന്നില്ലെന്നും കുട്ടിയുടെ പിതൃത്വം പൂർണമായും നിഷേധിക്കാതെ സംശയം ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബ കോടതി ഹർജി തള്ളിയത്.