വയനാട് മുണ്ടക്കെ മേഖലയില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം നാളിലേക്ക് കടന്നു. 12 സോണുകളിലായി 50 പേര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇന്നും തിരച്ചില്‍ നടത്തുന്നത്. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് സൈന്യവും അറിയിച്ചിട്ടുണ്ട്. അതേസമയം, കാണതായവരുടെ വിവരങ്ങള്‍ ശേഖരിക്കമെന്ന് തദ്ദേശ വകുപ്പ് അറിയിച്ചു. മന്ത്രിസഭ ഉപസമിതിയുടെ യോഗവും ഇന്ന് ചേരും.
ബെയ്‌ലി പാലം കടന്ന് ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യു മന്ത്രി അറിയിച്ചു. ഒരു ദിവസം 1500 പേരെ പാലത്തിലുടെ കടത്തിവിടുകയുള്ളൂ.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 1721 വീടുകളില്‍ 4833 പേര്‍ ഉണ്ടായിരുന്നതായാണ് കണക്കാക്കുന്നത്. ഇവിടുത്തെ മൂന്ന് വാര്‍ഡുകളാണ് ഉരുള്‍പൊട്ടിലില്‍ ഇല്ലാതായത്. ഇവരുടെ രേഖകള്‍ വീണ്ടെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഉരുള്‍പ്പൊട്ടിലില്‍ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്താനും തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാംപിളുകള്‍ ശേഖരിച്ചു തുടങ്ങി. അടുത്ത ബന്ധുക്കളുടെ രക്തസാംപിളുകളാണ് ശേഖകരിക്കുന്നത്. മേപ്പാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാംപിളുകള്‍ ശേഖരിക്കുന്നത്.
വയനാട് ഉരുള്‍പൊട്ടലില്‍ ദുരന്തത്തില്‍ നഷ്ടമായ സര്‍ക്കാര്‍ രേഖകള്‍ ഒരിടത്ത് ലഭിക്കുന്ന സംവിധാനം റവന്യൂ മന്ത്രി കെ രാജന്‍. നഷ്ടമായ റവന്യൂ-സര്‍വകലാശാല രേഖകള്‍ അടക്കം എല്ലാ സര്‍ക്കാര്‍ രേഖകളും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
അതിനിടെ ബെയ്‌ലി പാലം കടന്ന് ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യു മന്ത്രി അറിയിച്ചു. ഒരു ദിവസം 1500 പേരെ പാലത്തിലുടെ കടത്തിവിടുകയുള്ളൂ. കൂടുതല്‍ ആളുകളെത്തുന്നത് സന്നദ്ധ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതിലാണിത്.
രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.
ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഹിറ്റാച്ചി, ജെ സി ബി തുടങ്ങിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കായി ഭക്ഷണം അവരുടെ കൈകളില്‍ നേരിട്ടെത്തിക്കുന്ന സൗകര്യമാണ് ഡ്രോണ്‍ വഴി ഓപ്പറേറ്റ് ചെയ്തത്.
രക്ഷാപ്രവര്‍ത്തകര്‍ക്ക് അതിവേഗം ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള സംവിധാനമാണിത്. വാഹനങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്.
മേപ്പാടി പോളിടെക്‌നിക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ് രക്ഷാപ്രവർത്തകർക്ക് ഭക്ഷണം തയാറാക്കുന്നത്.. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷനാണ് ഭക്ഷണം ഒരുക്കുന്നത്. പ്രതിദിനം ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്