കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് കോട്ടയം സ്വദേശിനിയും ഹൗസ് സർജനുമായ ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി ജി സന്ദീപിനെ കൊട്ടരാക്കര മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഇന്ന് വൈകിട്ടാണ് സന്ദീപിനെ കോടതിയിൽ ഹാജരാക്കിയത്. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ചുള്ള ഡോക്ടര്‍മാരുടെ പണിമുടക്ക് നാളെയും തുടരുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അറിയിച്ചു. ഡോക്ടർമാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാണ് സംഘടനയുടെ ആവശ്യം.
ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്ന ചട്ടം ഓർഡിനൻസായി ഉടൻ ഇറക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. പോലീസിന്റെ സാന്നിധ്യത്തിൽ ഇത്തരമൊരു കൊലപാതകം നടന്നത് അതീവ ഗൗരവതരമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. അത്യാഹിത വിഭാഗത്തെ ഒഴിവാക്കി ഇന്നും സർക്കാർ ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. കൊല്ലം നെടുമ്പന യു പി സ്‌കൂളിലെ അധ്യാപകനായ എസ് സന്ദീപാണ് ആക്രമണം നടത്തിയത്. അടിപിടി കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായി സന്ദീപിനെ വൈദ്യ പരിശോധനയ്ക്കാണ് ആശുപത്രിയിലെത്തിച്ചത്. സന്ദീപിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു ഡോക്ടര്‍ക്കുനേരെ ആക്രമണം നടന്നത്. കോട്ടയം മുട്ടുചിറ സ്വദേശിയായിരുന്നു കൊല്ലപ്പെട്ട ഡോ. വന്ദന ദാസ്.