പേവിഷബാധ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍മ്മ പദ്ധതി തയ്യാറാക്കുന്നു. ആരോഗ്യ, തദ്ദേശസ്വയംഭരണ, മൃഗസംരക്ഷണ വകുപ്പുകള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗത്തിലാണ് തീരുമാനം.
പദ്ധതിയിലൂടെ തെരുവുനായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കാനാണ് തീരുമാനം. ഇതോടൊപ്പം വാക്‌സിനേഷനും കർശനമാക്കും. വളർത്തുനായകളുടെ വാക്‌സിനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കും. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ എട്ട് വർഷത്തിനിടെ നായകളുടെ കടിയേറ്റ കേസുകള്‍ 200 ശതമാനത്തിലധികം വർധിച്ചെന്നാണ് ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത് . 2013 ല്‍ 62,280 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കില്‍ 2021ലത് 2.21 ലക്ഷമായി ഉയർന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്തൊട്ടാകെ 13 ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളില്‍ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ മൃഗങ്ങളുടെ ജനന നിയന്ത്രണ പദ്ധതികള്‍ക്കായി 23 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്.
കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളില്‍ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ മൃഗങ്ങളുടെ ജനന നിയന്ത്രണ പദ്ധതികള്‍ക്കായി 23 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്
കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളില്‍ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ മൃഗങ്ങളുടെ ജനന നിയന്ത്രണ പദ്ധതികള്‍ക്കായി 23 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്2014 മുതല്‍ തുടർച്ചയായ വർഷങ്ങളില്‍ ഒരു ലക്ഷത്തിന് മുകളിലാണ് നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം. 2020നും 2021നുമിടയില്‍ മാത്രം 1.6 ലക്ഷത്തില്‍ നിന്ന് 2.2 ലക്ഷമായി കേസുകളുടെ എണ്ണമുയർന്നു. കോവിഡ് ലോക്‍ഡൗണ്‍ കാലത്ത് നായകളെ വീട്ടില്‍ വളർത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. വളർത്തുനായകളുടെ കടിയേറ്റ കേസുകളില്‍ 20 ശതമാനം വർധനവാണ് ലോക്‍ഡൗണിന് ശേഷമുണ്ടായത്. വളർത്തുമൃഗങ്ങളുടെ വാക്സിനേഷന്‍ കൃത്യമായി പൂർത്തിയാക്കാത്തത് പ്രധാന വെല്ലുവിളിയായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പേവിഷബാധയേറ്റുള്ള മരണസംഖ്യയിൽ കഴിഞ്ഞ വർഷം വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. 2016ൽ രണ്ടുപേരാണ് മരിച്ചതെങ്കിൽ, 2021ൽ മരണം 11 ആയി ഉയർന്നു. ഈ വർഷം ഇതുവരെ 14 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. തെരുവുനായകളിൽ കൃത്യ സമയത്ത് പ്രതിരോധ കുത്തിവയ്പ്പ് നടത്താത്തതാണ് പേവിഷബാധ വർധിക്കുന്നതിന്റെ പ്രധാന കാരണം. തെരുവുനായകളുടെ എണ്ണം കുറയ്ക്കുന്നതിനും പേവിഷബാധ അകറ്റുന്നതിനും ലോകാരോഗ്യ സംഘടന കൊണ്ടുവന്ന എബിസി പ്രോഗ്രാം (അനിമൽ ബർത്ത് കണ്ട്രോൾ) പല ജില്ലകളിലും പാളിപ്പോയതും കേസുകളുടെ എണ്ണവും മരണവും വർധിക്കാനിടയാക്കി.