KERALA

'കേരളാ പോലീസിന് അന്വേഷിക്കാം'; ഷാരോണ്‍ കൊലക്കേസ് തമിഴ്നാടിന് കൈമാറരുതെന്ന് മുന്‍ ഡിജിപി അസഫ് അലി

ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയതിനാല്‍ ക്രിമിനൽ നിയമ സംഹിത 179 വകുപ്പനുസരിച്ച് കേരള പോലീസിന് കേസ് അന്വേഷിക്കാമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

വെബ് ഡെസ്ക്

തിരുവനന്തപുരം പാറശാല ഷാരോണ്‍ കൊലക്കേസ് തമിഴ്നാട് പോലീസിന് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി അസഫ് അലി. പ്രതി ​ഗ്രീഷ്മയുടെ വീടിരിക്കുന്ന രാമവർമന്‍ചിറ തമിഴ്നാട് പോലീസിന്റെ പളുഗല്‍ സ്റ്റേഷന്‍ അതിർത്തിയിലാണ്. ഗ്രീഷ്മയുടെ വീട്ടില്‍ വെച്ചാണ് വിഷം കലർത്തിയ കഷായം നല്‍കിയതെന്നതിനാല്‍ കേസ് കൈമാറുന്നതില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു. എന്നാലിത് അന്വേഷണത്തെ വിപരീതമായി ബാധിക്കുമെന്ന് അസഫ് അലി ഫേസ്ബുക്കില്‍ കുറിച്ചു.

കൊലപ്പെടുത്താനുള്ള ശ്രമം നടന്നത് വീട്ടിൽ വെച്ചാണെങ്കിലും ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയതിനാല്‍ ക്രിമിനൽ നിയമ സംഹിത 179 വകുപ്പനുസരിച്ച് കേരള പോലീസിന് കേസ് അന്വേഷിക്കാന്‍ അധികാരമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രിമിനൽ നടപടി സംഹിത (Cr.P.C.) അധ്യായം 13 ലെ വ്യവസ്ഥ അനുസരിച്ച്, ഏതു പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണോ കുറ്റകൃത്യം നടന്നത് ആ പോലീസ് കേസ് അന്വേഷിച്ച് അവിടുത്തെ കോടതി വിചാരണ ചെയ്യണമെന്നാണ് വ്യവസ്ഥ. ചില പ്രത്യേക സാഹചര്യത്തിൽ, കൃത്യത്തിന്‍റെ അനന്തര ഫലം മറ്റൊരു പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വെച്ചാണ് ഉണ്ടാകുന്നതെങ്കിൽ, ഈ രണ്ട് പോലീസിനും കേസ് അനേഷിക്കാവുന്നതാണെന്ന് Cr.P.C. 179. വകുപ്പ് വ്യക്തമായി വ്യവസ്ഥ ചെയ്തിരിക്കുന്നു. അതുകൊണ്ട്, കേരള പോലീസിന് അനേഷിക്കുവാനുള്ള അധികാരമില്ലെന്ന് സംശയിച്ച് കേസ് തമിഴ്നാട് പോലീസിന് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് അസഫ് അലി ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഷാരോൺ കൊലക്കേസ് തമിഴ് നാട് പോലീസിന് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണം.

കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച ഷാരോൺ കൊലക്കേസ് കേരള പോലീസിന് അനേഷിക്കുവാൻ അധികാരമില്ല എന്ന കാരണം പറഞ്ഞു തമിഴ് നാട് പോലീസിന് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണം . കഷായത്തിൽ വിഷം കലക്കി പ്രതി ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത് തമിഴ് നാട് സംസ്ഥാന പരിധിയിൽ പെട്ട വീട്ടിൽ വെച്ചാണെങ്കിലും ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് ആകയാൽ ക്രിമിനൽ നിയമ സംഹിത 179 വകുപ്പനുസരിച്ചു കേരള പോലീസിന് കേസ് അനേഷിക്കുവാൻ അധികാര ഉണ്ട് . ക്രിമിനൽ നടപടി സംഹിത (Cr.P.C.) അധ്യായം 13 ലെ വ്യവസ്ഥ അനുസരിച്ചു സാധാരണയായി ഏതു പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണോ കുറ്റകൃത്യം നടന്നത് ആ പോലീസ് കേസ് അനേഷിച്ചു അവിടത്തെ കോടതി വിചാരണ ചെയ്യണം എന്നാണ് വ്യവസ്ഥയെങ്കിലും ചില പ്രതെയ്ക സാഹചര്യത്തിൽ ഒരു കൃത്യം മൂലം അതിന്ടെ അനന്തര ഫലം മറ്റൊരു പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വെച്ചാണ് നടന്നതെങ്കിൽ കുറ്റകൃത്യം ചെയ്ത സ്ഥലത്തുള്ള പോലീസിനും കുറ്റകൃത്യത്തിന്റെ അനന്തര ഫലം നടന്ന സ്ഥലത്തുള്ള പോലീസിനും കേസ് അനേഷിക്കാവുന്നതാണ് എന്ന് Cr.P.C. 179. വകുപ്പ് വ്യക്തമായി വ്യവസ്ഥ ചെയ്തിരിക്കെ കേരള പോലീസിന് അനേഷിക്കുവാനുള്ള അധികാരം ഇല്ല എന്ന കാരണം പറഞ്ഞു കേസ് തമിഴ് നാട് പോലീസിന് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണം. ഷാരോൺ കഷായത്തിൽ വിഷം കലക്കി നൽകിയ കുറ്റംനടന്നതു തമിഴ് നാട് പോലീസ് പരിധിയിൽ ആണെങ്കിലും കുറ്റകൃത്യത്തിന്റെ ഭീകരമായ അനന്തര ഫലം അതായതു-മരണം നടന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് ആകയാൽ നിശ്ചയമായ്‌ യാതൊരു സംശയത്തിനും വകയില്ലാതെ കേരള പോലീസ് അനേഷിച്ചു കുറ്റപത്രം നൽകാവുന്ന തും തിരുവനന്തപുരം സെഷൻസ് കോടതിയിൽ വിചാരണ ചെയ്യാവുന്നതുമാണ് . .

ചില കുറ്റകൃത്യം ഭാഗികമായി ഒരു പോലീസ് സ്റ്റേഷൻ പരിധിയിലും ഭാഗികമായി മറ്റൊരു പോലീസ് സ്റ്റേഷൻ പരിധിയിലും നടന്നാലും ചില കൃത്യം ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് ആരംഭിച്ചു മറ്റൊരു പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് തുടർന്നാലും രണ്ടു പോലീസിനും കേസ് അനേഷിക്കാവുന്നതാണ് . സാധാരണയായി സംസ്ഥാന അതിർത്തികളിൽ ഇത്തരം സംഭവങ്ങൾ നടന്നാൽ പോലീസിന്റെ അധികാരത്തെ സംബന്ധിച്ചുണ്ടാവുന്ന സംശയങ്ങൾക്ക് Cr.P.C. യിൽ വളരെ വ്യക്തമായി 177.178.179. വകുപ്പുകളിൽ വ്യവസ്ഥ ചെയ്തിരിക്കെ ഇത്തരം സംശയങ്ങളുടെ പേരിൽ കേസ് അനേഷണം മറ്റൊരു സംസ്ഥാന പോലീസിന് കൈമാറി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിയുന്നത് കേസ് അനേഷണത്തെ വിപരീതമായി ബാധിക്കും .

കേസ് കൈമാറാനാണ് നിയമോപദേശം ലഭിക്കുന്നതെങ്കിൽ, തമിഴ്നാട് പൊലീസിന്റെ അഭിപ്രായം കൂടി തേടിയ ശേഷം വിവരങ്ങൾ കൈമാറുമെന്ന് അന്വേഷണ സം​ഘം അറിയിച്ചിരുന്നു. എന്നാല്‍, സിആർപിസി 179 പ്രകാരം, കേരളത്തില്‍ തന്നെ അന്വേഷണം തുടരാനുള്ള നിയമസാധുതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നിയമ വിദ​ഗ്ധര്‍ രം​ഗത്തെത്തിയിരുന്നു.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു