KERALA

ദ കേരള സ്‌റ്റോറി സംപ്രേഷണം: സംഘപരിവാറിന്റെ കളിപ്പാവയായി ദൂരദര്‍ശന്‍ മാറരുതെന്ന് മുഖ്യമന്ത്രി, വ്യാപക വിമര്‍ശനം

തിരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കം

വെബ് ഡെസ്ക്

വിവാദ ചിത്രം 'കേരള സ്റ്റോറി' സംപ്രേഷണം ചെയ്യാനുള്ള ദൂരദര്‍ശന്‍ തീരുമാനത്തില്‍ വ്യാപക പ്രതിഷേധം. സിനിമ പ്രദര്‍ശിപ്പിക്കരുത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിര്‍മ്മിച്ച 'കേരള സ്റ്റോറി'യെന്ന സിനിമ പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനം ദൂരദര്‍ശന്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കമാണ് സിനിമ പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി ഈ നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം എന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പരസ്പര സാഹോദര്യത്തില്‍ വിവിധ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം
പിണറായി വിജയന്‍

കേരളത്തെ അപഹസിക്കാനും മതസ്പര്‍ദ്ധ വളര്‍ത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാര്‍ തലച്ചോറില്‍ ഉടലെടുത്ത കുടിലതയുടെ ഉല്‍പ്പന്നമാണ് ദ കേരള സ്റ്റോറി എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പരസ്പര സാഹോദര്യത്തില്‍ വിവിധ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏപ്രില്‍ 5 ന് ഈ സിനിമ സംപ്രേക്ഷണം ചെയ്യുമെന്ന അറിയിപ്പ് കേരളത്തെയാകെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. വര്‍ഗീയ ധ്രുവീകരണത്തിനായി നടത്തുന്ന ഇത്തരം വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ, നീതി ആയോഗിന്റെ അടക്കമുള്ള വിവിധ സൂചികളില്‍ മുന്‍പന്തിയില്‍ ഉള്ള കേരളത്തെ സോമാലിയ എന്ന് വിളിച്ച് ആക്ഷേപിച്ചവര്‍ ഇപ്പോള്‍ മതം മാറ്റത്തിന്റെ കേന്ദ്രം എന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്. സംഘപരിവാര്‍ സ്ഥിരമായി പ്രചരിപ്പിക്കുന്ന നുണകളും അപര വിദ്വേഷവും അടിസ്ഥാനമാക്കിയ സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം നേരത്തെ തന്നെ ഉയര്‍ന്നുവന്നതാണ്. സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന കളിപ്പാവയായി ദൂരദര്‍ശനെ പോലെയുള്ള പൊതുമേഖലാ സ്ഥാപനം മാറരുത്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി വര്‍ഗീയ പ്രചാരണം നടത്താനുള്ള ഏജന്‍സി അല്ല ദൂരദര്‍ശന്‍ എന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

സംഘപരിവാര്‍ സംഘടനകളുടെ അജണ്ട നടപ്പാക്കാനുള്ള നീക്കമാണ് ദൂരദര്‍ശനിലൂടെയുള്ള ദ കേരള സ്റ്റോറി പ്രദര്‍ശനത്തിലൂടെ ചെയ്യുന്നത് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം നീക്കങ്ങള്‍ ചട്ടലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുക എന്നതാണ് കേരള സ്റ്റോറി പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. അസത്യങ്ങളുടെ കെട്ടുകാഴ്ചയാണ് ഈ സിനിമ. ദൂരദര്‍ശന്റെ നീക്കത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ' എന്ന വിശേഷണത്തോടെയാണ് ദൂരദർശൻ സിനിമ സംപ്രേഷണം സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. കേരളത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രമേയം അവതരിപ്പിച്ച പ്രൊപ്പഗണ്ട സിനിമയായ 'ദ കേരള സ്റ്റോറി' നാളെ രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുമെന്നാണ് ദൂരദർശൻ എക്‌സിലൂടെ അറിയിച്ചിരിക്കുന്നത്.

നേരത്തെയും നിരവധി പ്രൊപ്പഗണ്ട സിനിമകൾ ചെയ്തതിനു വിമർശനങ്ങൾ നേരിട്ടുള്ള സുദീപ്‌തോ സെന്‍ തയ്യാറാക്കിയ കേരള സ്റ്റോറിയ്ക്ക് എതിരെ നേരത്തെയും സംസ്ഥാനത്ത് വ്യാപക വിമര്‍ശനം നേരിട്ടിരുന്നു. സിനിമയെ എതിർത്തുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ അന്നും രംഗത്തെത്തിയിരുന്നു. ഇതല്ല കേരളത്തിന്റെ കഥ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള സിനിമയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഭിപ്രായപ്പെടുകയും ബംഗാളിൽ സിനിമയ്ക്ക് നിരോധനമേർപ്പെടുത്തുകയും ചെയ്തിരുന്നു.

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി