KERALA

'ഷഹ്‍‌നയെ മരണത്തിലേക്ക് നയിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള സമ്മർദം'; റുവൈസിന്റെ റിമാന്‍ഡ് റിപ്പോർട്ട്

റിമാൻഡ് റിപ്പോർട്ടിൽ ഷഹ്‌നയുടെ ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങളും നല്‍കിയിട്ടുണ്ട്

വെബ് ഡെസ്ക്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ വിഭാഗം പിജി വിദ്യാര്‍ഥിയായിരുന്ന ഡോ. ഷഹ്‌ന ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ ഡോ. ഇ എ റുവൈസിന്റെ റിമാന്‍ഡ് റിപ്പോർട്ടില്‍ ഗുരുതര ആരോപണങ്ങള്‍. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് ഷഹ്‌നയെ മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. 14 ദിവസത്തേക്കാണ് റുവൈസിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

റിമാൻഡ് റിപ്പോർട്ടിൽ ഷഹ്‌നയുടെ ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങളും നല്‍കിയിട്ടുണ്ട്. സ്ത്രീധനമോഹം കാരണം ഇന്നെന്റെ ജീവിതമാണ് അവസാനിക്കുന്നത്. വിവാഹ വാഗ്‌ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. ഒന്നരക്കിലോ സ്വർണവും ഏക്കർ കണക്കിന് ഭൂമിയും കൊടുക്കാനില്ല എന്നത് സത്യമാണ്, ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. പ്രതിയുടെ പ്രവൃത്തി അപരിഷ്കൃതവും നീചവുമെന്ന് റിമാൻഡ് റിപ്പോർട്ട്

മെഡിക്കൽ പിജി അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ റുവൈസിനെ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആത്മഹത്യപ്രേരണാക്കുറ്റവും സ്ത്രീധനനിരോധന നിയമവും ചുമത്തിയാണ് അറസ്‌റ്റെന്ന് എ സി പി ഡികെ പൃഥ്വിരാജ് അറിയിച്ചിരുന്നു. കേസില്‍ റുവൈസിന്റെ കുടുംബാഗങ്ങളുടെ പങ്കിനെപ്പറ്റിയും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

ഷഹ്‌നയുടെ ആത്മഹത്യയില്‍ പങ്കുണ്ടെന്ന് ബന്ധുക്കളുടെ പരാതിയില്‍ ഡോ. റുവൈസിനെ പോലീസ് ഇന്നലെയാണ് പ്രതിചേര്‍ത്തത്. ഇതിനുപിന്നാലെ ഇയാളെ പിജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. അന്വേഷണത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് അന്വേഷണം അവസാനിക്കുന്നത് വരെ ഇയാളെ സ്ഥാനത്തുനിന്ന് നീക്കുന്നതെന്നാണ് സംഘടന അറിയിച്ചത്.

ഒളിവിലായിരുന്ന റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അസ്വഭാവിക മരണത്തിനാണ് മെഡിക്കല്‍ കോളേജ് ആദ്യം പോലീസ് കേസെടുത്തിരുന്നത്.

ഡോ. ഷഹ്‌നയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത റുവൈസ് ഉയര്‍ന്ന സ്ത്രീധനം ചോദിച്ചിട്ട് കിട്ടാതെ വന്നതോടെയാണ് വിവാഹത്തില്‍നിന്ന് ഒഴിഞ്ഞതെന്നും ഇതേതുടര്‍ന്ന് യുവമതി മനോവിഷമത്തിലായിരുന്നെന്നും ഇതാകാം ജീവനൊടുക്കാന്‍ കാരണമെന്നുമാണ് ബന്ധുക്കള്‍ ആരോപിച്ചത്.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി