KERALA

പാലാ നഗരസഭ ഭരണപക്ഷത്തിന് മറ്റൊരു പ്രതിസന്ധിയായി 'എയര്‍പോഡ് മോഷണം'; സിപിഎം കൗണ്‍സിലര്‍ക്കെതിരെ മാണി കോണ്‍ഗ്രസ് അംഗം

സിപിഎം അംഗം ബിനു പുളിക്കക്കണ്ടമാണ് തന്റെ എയര്‍പോഡ് മോഷ്ടിച്ചതെന്ന് നഗരസഭ കൗണ്‍സിൽ യോഗത്തിലായിരുന്നു ജോസ് ചീരാംകുഴിയുടെ ആരോപണം

വെബ് ഡെസ്ക്

പാലാ നഗരസഭയിൽ ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കി എയര്‍പോഡ് മോഷണ ആരോപണം. സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം തന്റെ ആപ്പിൾ എയര്‍പോഡ് മോഷ്ടിച്ച് വിദേശത്ത് കടത്തിയെന്ന് മാണി കോൺഗ്രസ് അംഗം ജോസ് ചീരാംകുഴിയാണ് ആരോപണമുയർത്തിയിരിക്കുന്നത്. നഗരസഭ കൗണ്‍സിൽ യോഗത്തിലായിരുന്നു ജോസിന്റെ വെളിപ്പെടുത്തൽ.

ഇയർപോഡ് മോഷണംപോയ സംഭവത്തിൽ ബിനുവിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ തന്റെ കൈവശമുണ്ടെന്നാണ് ജോസ് കൗണ്‍സില്‍ യോഗത്തില്‍ വെളിപ്പെടുത്തിയത്. അതേസമയം ആരോപണം പോലീസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിനു പുളിക്കക്കണ്ടം നഗരസഭ ആക്ടിങ് ചെയര്‍മാന് കത്ത് നല്‍കി.

ഒക്ടോബര്‍ നാലിന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ വച്ചാണ് തന്റെ ഹെഡ്സെറ്റ് നഷ്ടമായതെന്നാണ് ജോസ് പറയുന്നത്. ആപ്പിൾ എയര്‍പോഡായതിനാല്‍ കൃത്യമായ ലൊക്കേഷന്‍ തനിക്ക് ലഭിച്ചു. ആറിന് ബിനു തിരുവനന്തപുരത്ത് പോയി. ആ സമയത്തും എയര്‍പോഡ് അദ്ദേഹത്തിന്റെ കൈവശമുണ്ട്.

ഒക്ടോബര്‍ 11ന് എയര്‍പോഡ് ബിനു പുളിക്കക്കണ്ടത്തിലിന്റെ വീട്ടിലാണെന്ന ലൊക്കേഷന്‍ ഡേറ്റ ലഭിച്ചു. അവസാനം ലഭിച്ച ലൊക്കേഷന്‍ പ്രകാരം ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് എയര്‍പോഡുള്ളത്. തിരിച്ചുകിട്ടുമെന്ന് കരുതിയാണ് ഇതുവരെ പറയാതിരുന്നതെന്നും ആരോപണത്തിൽ രാഷ്ട്രീയമില്ലെന്നും തികച്ചും വ്യക്തിപരമായ കാര്യമാണെന്നും ജോസ് പറഞ്ഞു.

അതേസമയം, തന്നെ അറിയുന്നവരാരും ആരോപണം വിശ്വസിക്കില്ലെന്നും ഇത്. തനിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ബിനു പുളിക്കക്കണ്ടം പ്രതികരിച്ചു. ജോസ് കെ മാണി തരംതാണ കളി കളിച്ചുവെന്നു പറഞ്ഞ ബിനു എയര്‍പോഡ് മോഷണം പോലീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.

ജീവിതത്തില്‍ ഇന്നേവരെ ആപ്പിൾ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. കാലങ്ങളായി ഉപയോഗിക്കുന്നത് സാംസങ് ഫോണാണ്. എയര്‍പോഡ് കൈയിലുള്ളവര്‍ തന്റെ വീടിന്റെ സമീപത്ത് വന്നാലും ലൊക്കേഷന്‍ കാണിക്കും. ഇപ്പോള്‍ ഇയര്‍ഫോണ്‍ കൗണ്‍സിലര്‍ ആന്റോയുടെ വീട്ടിലുണ്ട്. ഇക്കാര്യം വ്യക്തമാക്കി താന്‍ കൗണ്‍സിലിന് കത്ത് നല്‍കിയിട്ടുണ്ട്. പോലീസിന് ഈ വിവരം നല്‍കി എയര്‍പോഡ് കസ്റ്റഡിയിലെടുക്കണം. ജോസ് ചീരാംകുഴിയെ ചട്ടുകമാക്കി ചിലര്‍ കളിച്ചതാണ് എയര്‍പോഡ് വിവാദത്തിന് പിന്നിലെന്നും ബിനു ആരോപിച്ചു.

എയര്‍പോഡ് ബിനു തന്റെ വീട്ടില്‍ കൊണ്ടുവച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും താന്‍ എടുത്തിട്ടില്ലെന്നും ആന്‌റോ പ്രതികരിച്ചു.

നേരത്തെ നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് ബിനു പുളിക്കക്കണ്ടത്തിനെ പരിഗണിച്ച തീരുമാനം മാണി കോൺഗ്രസ് വിഭാഗത്തിന്റെ കടുത്ത എതിർപ്പിനെത്തുടർന്ന് സിപിഎമ്മിന് മാറ്റേണ്ടിവന്നിരുന്നു. നഗരസഭ ഹാളിൽവെച്ച് തങ്ങളുടെ അംഗം ബൈജു കൊല്ലംപറമ്പിലിനെ മർദിച്ച ബിനുവിനെ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന്​ മാണി കോൺഗ്രസ് കടുത്ത നിലപാടെടുത്തതോടെ സിപിഎമ്മിന് വഴങ്ങേണ്ടി വരികയായിരുന്നു. തുടർന്ന് എൽഡിഎഫ് സ്വതന്ത്രൻ ജോസിൻ ബിനോയെ ചെയർമാനായി തിരഞ്ഞെടുക്കുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ