KERALA

റിപ്പബ്ലിക് ദിനത്തില്‍ ആലപ്പുഴ കളക്ടര്‍ക്ക് സ്വപ്‌ന സാഫല്യം; സന്തോഷം പങ്കുവച്ച് കൃഷ്ണ തേജ

വെബ് ഡെസ്ക്

ജീവിതത്തിലെ വലിയൊരു സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ ജില്ലാ കളക്ടർ വി ആര്‍ കൃഷ്ണ തേജ. റിപബ്ലിക് ദിനത്തില്‍ ആദ്യമായി സല്യൂട്ട് സ്വീകരിക്കുന്നത് അച്ഛന്റെയും അമ്മയുടേയും മുന്‍പില്‍ വെച്ചാകണമെന്ന ആഗ്രഹം സാക്ഷാത്കരിച്ച ദിവസമാണ് ഇന്ന്. ഐഎഎസ് സ്വപ്നം പൊട്ടിമുളച്ച നിമിഷം മുതല്‍ മനസില്‍ കൊണ്ടുനടന്ന ആഗ്രഹം ഈ റിപ്പബ്ലിക് ദിനത്തില്‍ നിറവേറ്റാനായെന്ന് കളക്ടർ ഫേസ്ബുക്കില്‍ കുറിച്ചു.

സല്യൂട്ട് സ്വീകരിച്ചതിന് ശേഷം അച്ഛൻറേയും അമ്മയുടേയും കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് കണ്ടു. ഒരുപാട് വർഷത്തെ പരിശ്രമത്തിന് പുറമേ നിരവധി പ്രതിസന്ധികളെയും തരണം ചെയ്താണ് ഈ സ്വപ്നം സാക്ഷാത്ക്കരിക്കാനായതെന്ന് വികാരനിർഭരമായ പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഐ.എ.എസ്. എന്ന സ്വപ്നം എന്നിൽ പൊട്ടിമുളച്ച നിമിഷം മുതൽ ഞാൻ മനസിൽ കൊണ്ടു നടന്ന ആഗ്രഹം ഇന്ന് നിറവേറ്റാനായി. നമ്മുടെ ഇന്ത്യ മഹാരാജ്യത്തിൻറെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ റിപബ്ലിക് ദിനത്തിൽ ഞാൻ സല്യൂട്ട് സ്വീകരിക്കുന്നത് എൻറെ അച്ഛൻറെയും അമ്മയുടേയും സാന്നിധ്യത്തിൽ ആകണമെന്നതായിരുന്നു ആ സ്വപ്നം. ഇന്ന് എൻറെയാ വലിയ സ്വപ്നം സാക്ഷാത്ക്കരിക്കാനായി.

അച്ഛൻറെയും അമ്മയുടേയും കൂടെയാണ് ഞാനിന്ന് റിപബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. എൻറെ സമീപത്തായി സദസിൽ അവരും ഉണ്ടായിരുന്നു. ഞാൻ സല്യൂട്ട് സ്വീകരിച്ചതിന് ശേഷം അച്ഛൻറേയും അമ്മയുടേയും കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് കണ്ടു. ഒരുപാട് വർഷത്തെ പരിശ്രമത്തിന് പുറമേ നിരവധി പ്രതിസന്ധികളെയും തരണം ചെയ്താണ് ഇന്ന് എൻറെ സ്വപ്നം സാക്ഷാത്ക്കരിക്കാനായത്.

ജീവിത്തിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട മേഖലയിൽ ആഗ്രഹിച്ച വിജയം നേടാനാകാതെ തളരുന്നു എന്ന് തോന്നുമ്പോൾ നമ്മുടെ അച്ഛൻറേയും അമ്മയുടേയും മുഖം ഓർക്കണം. നമ്മുടെ സ്വപ്നം സാക്ഷാത്ക്കരിച്ച് നമ്മൾ വിജയിച്ച് കാണുമ്പോൾ അവരുടെ മുഖത്തുണ്ടാവുന്ന സന്തോഷം നമ്മുടെ മനസിലേക്ക് കൊണ്ട് വരണം. ആ ഒരു ചിന്ത മാത്രം മതി ഏത് പ്രതിസന്ധിയേയും തരണം ചെയ്ത് വിജയത്തിലേക്ക് മുന്നേറാൻ.

എല്ലാവർക്കും എൻറെ റിപബ്ലിക് ദിനാശംസകൾ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും