കൊല്ലം അഞ്ചലിൽ മയക്കുമരുന്ന് വേട്ടയിൽ എക്സൈസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേർ പിടിയിൽ. 20ഗ്രാം എംഡിഎംഎയും, 58ഗ്രാം കഞ്ചാവുമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. കിളിമാനൂർ എക്സൈസ് റെയ്ഞ്ചിലെ ഉദ്യോഗസ്ഥനായ കോട്ടുക്കൽ സ്വദേശി അഖിലും സുഹൃത്തുക്കളായ അഞ്ചൽ തഴമേൽ സ്വദേശി ഫൈസൽ, ഏരൂർ കരിമ്പിൻകോണം സ്വദേശി അൽസാബിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചലിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു
അഞ്ചൽ ആർ ഓ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മത്തായി ലോഡ്ജിൽ ആറ് മാസമായി മുറി വാടകയ്ക്കെടുത്താണ് സംഘം മയക്കുമരുന്ന് വില്‍പ്പന നടത്തി വന്നത്. കൊട്ടാരക്കര റൂറൽ പോലീസിന്റെ ഡാൻസാഫ് ടീമും അഞ്ചൽ പോലീസും ചേർന്നാണ് ലോഡ്ജിൽ പരിശോധന നടത്തി മയക്കുമരുന്ന് പിടികൂടിയത്. അഞ്ചലിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും പിടികൂടിയത്. അഖിലിനെയും സുഹൃത്തുക്കളെയും വിശദമായി ചോദ്യം ചെയ്യുമെന്നും സംഘത്തിൽ മറ്റാരെങ്കിലുമുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. കൊല്ലം ജില്ലയിൽ സിന്തറ്റിക് ലഹരി മാഫിയകളുടെ സാന്നിധ്യം ശക്തമാകുന്നുവെന്ന വിവരത്തെ തുടർന്ന് അന്വേഷണം ശക്തമാക്കിയിരുന്നു.