KERALA

മയക്കുമരുന്ന്, തോക്ക്; പോലീസിനും നാട്ടുകാര്‍ക്കും നേരെ ആക്രമണം, ലഹരിമാഫിയ പിടിമുറുക്കുന്ന താമരശ്ശേരി

പതിനഞ്ചോളം വരുന്ന സംഘത്തിലെ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്

ദ ഫോർത്ത് - കോഴിക്കോട്

കോഴിക്കോട് താമരശ്ശേരിയിൽ ലഹരിമാഫിയാ സംഘങ്ങൾ പിടിമുറുക്കുന്നു. ഇന്നലെ താമരശ്ശേരി അമ്പലമുക്കിൽ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച മാഫിയാ സംഘം ഒരു വർഷമായി ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. പരാതികൾ ഉയർത്തുന്നവരെ ഭീഷണിപ്പെടുത്തി നിർത്തുകയാണ് പതിവ് രീതി. ലഹരി മാഫിയ തമ്പടിക്കുന്ന ഷെഡിന് സമീപത്തെ വീട്ടിൽ സി സി ടി വി സ്ഥാപിച്ചതിനെത്തുടർന്ന് സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു.

രണ്ട് പോലീസ് ജീപ്പും കാറും വീടിന്റെ ചില്ലുകളും തകർക്കുകയും ഒരാളെ വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. പതിനഞ്ചോളം വരുന്ന സംഘത്തിലെ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. കൊച്ചി മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് സക്കീർ, താമരശ്ശേരി കൂടത്തായി സ്വദേശി വിഷ്ണുദാസ് എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് സക്കീറിനെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

അമ്പലമുക്ക് കൂരിമുണ്ടയിൽ മൻസൂറിന്റെ വീടിനടുത്ത് കുടുക്കിലുമ്മരം സ്വദേശി അയൂബിന്‍റെ സ്ഥലത്തുള്ള ഷെഡ് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നതായി പരാതിയുണ്ടായിരുന്നു. ശല്യം രൂക്ഷമായതോടെ മൻസൂർ വീടിനുചുറ്റും സി സി ടിവി ക്യാമറ സ്ഥാപിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ചുടലമുക്ക് സ്വദേശി ഫിറോസ്, വെഴുപ്പൂർ സ്വദേശി കണ്ണൻ എന്നിവര്‍ വടിവാളുമായി മൻസൂറിന്‍റെ വീട്ടിലേക്ക് അതിക്രമിച്ചുകയറി. ബഹളംകേട്ട് പ്രദേശവാസികൾ സ്ഥലത്തെത്തിയെങ്കിലും അക്രമിസംഘം പിന്മാറിയില്ല. മൻസൂറിന്റെ വീടിന്റെ പിൻവശത്തെ ചില്ല് ഇവർ എറിഞ്ഞുതകർത്തു. അയൽവാസികൾക്കുനേരെയും ആക്രമണഭീഷണിയുയർത്തി.

താമരശ്ശേരി ഡി വൈ എസ് പി അഷ്റഫ് തെങ്ങിലക്കണ്ടിയിലിന്റെ നേതൃത്വത്തിൽ പോലീസ് സംഘം രാത്രി ഒമ്പതരയോടെ സ്ഥലത്തെത്തി. നായകളെ അഴിച്ചുവിട്ട അക്രമിസംഘം പോലീസിനും നാട്ടുകാർക്കുംനേരെ കല്ലെറിഞ്ഞു. ഷെഡിൽ പോലീസ് പരിശോധന നടത്തുന്നതിനിടെ ഓടിയ സംഘം മണ്‍സൂറിന്റെ കാര്‍ തകര്‍ത്തു. കാറിലിരിക്കുകയായിരുന്ന അമ്പലമുക്ക് സ്വദേശി ഇർഷാദിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൈയ്ക്ക് ആഴത്തിൽ മുറിവേറ്റ ഇയാളെ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പൊലീസ് വാഹനങ്ങളും സംഘം തകര്‍ത്തു.

ഷെഡിൽ നിന്ന് മയക്കുമരുന്ന്, തോക്ക്, വാളുകൾ, സംഘം ഉപയോഗിച്ച വാഹനങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തു. സംഘം ഉപയോഗിച്ചിരുന്ന വാഹനങ്ങളും പിടികൂടി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് താമരശേരി പോലീസ് പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ