ക്രിസ്മസ് - പുതുവർഷാഘോഷങ്ങൾ ലക്ഷ്യം വെച്ച് കൊച്ചി നഗരത്തിലേക്ക് രാസലഹരിയുടെ കുത്തൊഴുക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം നഗരപരിധിയിൽ നിന്ന് 15 ലക്ഷം രൂപയുടെ എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. ക്രിസ്മസ് വരെ നടത്തിയ പരിശോധനയിൽ 300 ഗ്രാം എംഡിഎംഎ കൊച്ചി സിറ്റി പോലീസ് പിടികൂടിയിരുന്നു. ലഹരി ഒഴുക്ക് വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് നിരീക്ഷണവും ജാഗ്രതയും കര്‍ശനമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 910 എന്‍ഡിപിഎസ് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാൽ ഈ വർഷം 2,707 കേസുകള്‍ ആണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 3,214 പേര്‍ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 293 ഗ്രാം എംഡിഎംഎയാണ് കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ പിടിച്ചെടുത്തത്. ഈ വര്‍ഷം ഒന്നേകാല്‍ കിലോയിലേറെ ലഹരി പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിൽ മാത്രമായി വാണിജ്യാടിസ്ഥാനത്തില്‍ ലഹരിമരുന്ന് ശേഖരിച്ചതിന് ആകെ ആറ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 23 പേരെ പ്രതിപട്ടികയിൽ ചേർക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 19 വയസുകാരിയും ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന്‍റെ അളവ് 158 ഗ്രാം ആയിരുന്നെങ്കിൽ ഈ വർഷം അത് മൂന്നേകാൽ കിലോ ആണ്
കഴിഞ്ഞ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് വൻ വർധനയാണ് ലഹരി കേസുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന്‍റെ അളവ് 158 ഗ്രാം ആയിരുന്നെങ്കിൽ ഈ വർഷം അത് മൂന്നേകാൽ കിലോ ആണ്. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് ഇക്കാലയളവിൽ കുറഞ്ഞിട്ടുണ്ട്. ഇത് മറ്റ് ലഹരികൾ വിപണികൾ കീഴടക്കി എന്നതിന്റെ സൂചനയായി വേണം കരുതാൻ. എന്നാൽ മറ്റൊരു പ്രധാന കാര്യം ആകെ കൊച്ചിയിലേക്കെത്തുന്ന രാസലഹരി മരുന്നുകളുടെ വളരെ ചെറിയ പങ്കു മാത്രമാണ് ഇത്തരത്തിൽ പിടികൂടുന്നത് എന്നതാണ്.
ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പോലീസ് കര്‍ശന മാര്‍ഗരേഖ നല്‍കിയിട്ടുണ്ട്
ലഹരികേസുകൾ വർധിക്കുന്നത് കൊച്ചി ഒരു ഹബ്ബ് ആയതിനാൽ ആണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി എച് നാഗരാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വ്യാവസായിക തലസ്ഥാനം എന്നതും ഐടി, ബിസിനസ് സ്ഥാപനങ്ങളുടെ ബാഹുല്യവുമൊക്കെ ലഹരിമാഫിയക്ക് കൊച്ചിയിൽ വലിയൊരു വിപണി തുറന്നിടുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ലഹരി ഉപയോഗം തടയാനായി ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പോലീസ് കര്‍ശന മാര്‍ഗരേഖ നല്‍കിയിട്ടുണ്ട്. പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവനാളുകളുടെയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കണമെന്നും ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കണമെന്നുമാണ് നിര്‍ദേശം.