KERALA

സ്ത്രീവിരുദ്ധ പരാമര്‍ശം: ആര്‍എംപി നേതാവ് കെ എസ് ഹരിഹരനെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐയും മഹിളാ അസോസിയേഷനും

വെബ് ഡെസ്ക്

ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പരാതിയുമായി ഡിവൈഎഫ്‌ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ കെ കെ ശൈലജയ്ക്കും നടി മഞ്ജു വാര്യർക്കുമെതിരായ പരാമര്‍ശത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഡിജിപിക്കാണ് പരാതി നല്‍കിയത്. മഹിളാ അസോസിയേഷൻ വടകര റൂറൽ എസ്‌പിക്കും പരാതി നൽകി.

സ്ത്രീത്വത്തെ അപമാനിച്ച ഹരിഹരനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് ഡിവൈഎഫ്ഐയുടെ പരാതി. ഹരിഹരന്റെ പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധവും സ്ത്രീയെ ശരീരം മാത്രമായി കാണുന്നതിന് പൊതുജനങ്ങളോട് നൽകുന്ന ആഹ്വാനവുമാണെന്ന് മഹിളാ അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ പുഷ്പജ നൽകിയ പരാതിയിൽ പറയുന്നു.

കഴിഞ്ഞദിവസം നടന്ന യുഡിഎഫ്-ആര്‍എംപി ജനകീയ പ്രതിഷേധത്തിനിടെയാണ് ഹരിഹരന്റെ വിവാദ പരാമര്‍ശമുണ്ടായത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പില്‍ എംഎല്‍എ, ടി സിദ്ധിഖ് എംഎല്‍എ തുടങ്ങിയ നേതാക്കളെ വേദിയിലിരുത്തിയായിരുന്നു ഹരിഹരന്റെ പരാമര്‍ശം. പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ശക്തമാണ്.

പരാമര്‍ശം വിവാദമായതോടെ സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെ ഹരിഹരന്‍ മാപ്പ് പറഞ്ഞിരുന്നു. അതേസമയം ഹരിഹരന്റെ പ്രസ്താവനയെ തള്ളി കെ കെ രമയും പാര്‍ട്ടിയും രംഗത്തെത്തി. ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ഉണ്ടായതെന്നും തെറ്റു മനസ്സിലാക്കി മാപ്പുപറഞ്ഞ സ്ഥിതിക്ക് ഇനി വിവാദത്തിനു പ്രസക്തിയില്ലെന്നും കെ കെ രമ ചൂണ്ടിക്കാട്ടി.

രമയും ആര്‍എംപിയും സ്വീകരിച്ച നിലപാടിനെ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും പാലക്കാട് എംഎല്‍എയുമായ ഷാഫി പറമ്പിലും സ്വാഗതം ചെയ്തു. മറ്റ് സംഭവങ്ങള്‍ വെച്ച് ഇത് ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കില്ലെന്നും സംഭവിച്ചത് തെറ്റായ കാര്യമാണെന്നും പ്രസംഗത്തില്‍ മാത്രമല്ല ഒരു സ്വകാര്യസംഭാഷണത്തില്‍പ്പോലും ഉപയോഗിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും