KERALA

മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തില്‍ നേരിടേണ്ടിവന്ന ജാതിവിവേചനം തെമ്മാടിത്തവും പുരോഗമന കേരളത്തിന് അപമാനവും: ഡിവൈഎഫ്ഐ

വെബ് ഡെസ്ക്

ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെതിരെ പയ്യന്നൂർ നമ്പ്യാത്തറ ക്ഷേത്രത്തിലെ ചടങ്ങിലുണ്ടായ ജാതിവിവേചനം തെമ്മാടിത്തവും പുരോഗമന കേരളത്തിന് അപമാനകരവുമാണെന്ന് ഡിവൈഎഫ്ഐ. സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങൾ ഇളക്കിമറിച്ച കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിൽ ഇന്നും നീചമായ ജാതി ചിന്തകൾ ഉയർത്തിപ്പിടിക്കുന്ന ചിലരുണ്ടെന്നത് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ പോലും വെല്ലുവിളിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ജാതി ചിന്തകളുടെ ഭ്രാന്താലയമായിരുന്ന കേരളത്തിൽ സാമൂഹ്യ - നവോത്ഥാന പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും നടത്തിയ സാംസ്കാരിക മുന്നേറ്റങ്ങളാണ് ഇന്നത്തെ പുരോഗമന സമൂഹത്തെ കെട്ടിപ്പടുത്തത്. ആ സമൂഹത്തെ നാണം കെടുത്തുന്ന ഇത്തരത്തിലുള്ള വ്യക്തികളെയും ചിന്തകളെയും ഒറ്റപ്പെടുത്തേണ്ടത് കേരളീയ സമൂഹത്തിൻറെ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. മന്ത്രി കെ രാധാകൃഷ്ണനെതിരെയുണ്ടായ ജാതി വിവേചനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ജാതീയത പോലുള്ള എല്ലാത്തരം അനീതികൾക്കെതിരെയുമുള്ള തുടർപോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം, കോട്ടയത്ത് ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ താൻ ജാതിവിവേചനം നേരിട്ടുവെന്ന് മന്ത്രി പറഞ്ഞത്. ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ജാതിയുടെ പേരില്‍ തന്നെ മാറ്റി നിര്‍ത്തിയെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. പൂജാരിമാര്‍ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നല്‍കാതെ നിലത്തു വച്ചു. താന്‍ അത് എടുത്ത് കത്തിക്കുണമെന്നാണ് അവര്‍ ഉദ്ദേശിച്ചത് എന്നും എന്നാല്‍ അവരോട് പോയി പണിനോക്കാനാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

"ഞാന്‍ അടക്കമുള്ള പിന്നോക്ക വിഭാഗക്കാര്‍ തരുന്ന പണത്തിന് അവര്‍ക്ക് അയിത്തമില്ല എനിക്കാണ് അയിത്തമെന്ന് ആ പൂജാരിയെ നിര്‍ത്തിക്കൊണ്ട് തന്നെ ഞാന്‍ പറഞ്ഞു,"മന്ത്രി കൂട്ടിച്ചേര്‍ത്തു. ജാതീയമായ വേര്‍തിരിവിനെതിരെ അതേ വേദിയില്‍ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ എവിടെ വച്ചാണ് മന്ത്രിക്ക് അധിക്ഷേപം നടന്നതെന്ന് മന്ത്രി വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും പിന്നീട് ചടങ്ങിന്റെ വീഡിയോ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും