മൂന്നാം മോദി മന്ത്രിസഭയിൽ നിർമ്മല സീതാരാമൻ വീണ്ടും ധനമന്ത്രി ആയതിൽ ആശങ്ക പങ്കുവെച്ച് സി പി എം കേന്ദ്ര കമ്മിറ്റിയംഗവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് കേരളത്തിനെതിരായ സാമ്പത്തിക ഉപരോധം തുടരുമെന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചത്. നിർമ്മലാ സീതാരാമൻ ധനമന്ത്രിയായുള്ള മോദിയുടെ രണ്ടാം സർക്കാരാണ് രാജ്യത്ത് പ്രാബല്യത്തിലിരുന്ന വായ്പാ മാനദണ്ഡങ്ങൾ തിരുത്തിക്കൊണ്ട് കേരള സർക്കാരിന്റെ സാധാരണഗതിയിലുള്ള വായ്പ വെട്ടിക്കുറച്ച് ധനപ്രതിസന്ധി സൃഷ്ടിച്ചത്. അതേ നിർമ്മലാ സീതാരാമൻ വീണ്ടും ധനകാര്യ മന്ത്രിയാകുമ്പോൾ കേന്ദ്ര സമീപനത്തിൽ മാറ്റമൊന്നും പ്രതീക്ഷിക്കാനാവില്ല എന്നും തോമസ് ഐസക് പോസ്റ്റിൽ പറഞ്ഞു.
" രാജ്യത്ത് ആദ്യമായി ധനകാര്യം സംബന്ധിച്ച് കേന്ദ്രത്തിനെതിരെ കേസ് കൊടുക്കാൻ തയ്യാറായ കേരളത്തോട് കൂടുതൽ വിവേചനപരമായ നിലപാടായിരിക്കും ഒരു പക്ഷേ കേന്ദ്രം സ്വീകരിക്കുക. 2016-ൽ ഏകകണ്ഠമായിട്ടാണ് കിഫ്ബി നിയമം പരിഷ്കരിച്ചത്. ഒരിക്കൽപ്പോലും കിഫ്ബി വായ്പ സർക്കാരിന്റെ വായ്പയായി കണക്കാക്കിയിരുന്നില്ല. ഇതുപോലുള്ള മറ്റ് ഓഫ് ബജറ്റ് വായ്പകളും സർക്കാർ വായ്പയായി കണക്കാക്കുന്ന പതിവില്ല. ഓരോ വർഷവും ലക്ഷക്കണക്കിനു കോടി രൂപയുടെ ഓഫ് ബജറ്റ് വായ്പ എടുത്തുകൊണ്ടിരുന്ന കേന്ദ്ര സർക്കാരും കണക്ക് എഴുതുമ്പോൾ അവ ബജറ്റിനു പുറത്തുള്ള വായ്പയായിട്ടാണ് കണക്കാക്കുക. അവ കേന്ദ്ര സർക്കാരിന്റെ കടബാധ്യതയായി പരിഗണിച്ചിട്ടില്ല," എന്നാൽ സംസ്ഥാനങ്ങളിലേക്ക് വരുമ്പോൾ കേന്ദ്രം ഈ ചട്ടം തിരുത്തിയിരിക്കുകയാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
ഇനിമേൽ കിഫ്ബി എടുക്കുന്ന വായ്പകൾ സർക്കാർ കടമായി കണക്കാക്കുമെന്നല്ല, 2016 മുതലുള്ള വായ്പകൾ സർക്കാർ കടത്തിൽ ഉൾപ്പെടുത്തുമെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.
തോമസ് ഐസക് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം :
കേരളത്തിന്റെ ധനകാര്യത്തെ സംബന്ധിച്ചിടത്തോളം എൻഡിഎ സർക്കാരിന്റെ അധികാരാരോഹണവും കേരളത്തിൽ യുഡിഎഫിനുണ്ടായ വിജയവും ഏറ്റവും നിരാശാജനകമാണ്. നിർമ്മലാ സീതാരാമൻ ധനമന്ത്രിയായുള്ള മോദിയുടെ രണ്ടാം സർക്കാരാണ് നാളിതുവരെ രാജ്യത്ത് പ്രാബല്യത്തിലിരുന്ന വായ്പാ മാനദണ്ഡങ്ങൾ തിരുത്തിക്കൊണ്ട് കേരള സർക്കാരിന്റെ സാധാരണഗതിയിലുള്ള വായ്പ വെട്ടിക്കുറച്ച് ധനപ്രതിസന്ധി സൃഷ്ടിച്ചത്. യുഡിഎഫിന്റെ പൂർണ്ണ പിന്തുണയോടെയാണ് കേരളത്തിനെതിരായ ഈ സാമ്പത്തിക ഉപരോധം കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത്.
അതേ നിർമ്മലാ സീതാരാമൻ വീണ്ടും ധനകാര്യ മന്ത്രിയാകുമ്പോൾ കേന്ദ്ര സമീപനത്തിൽ മാറ്റമൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ. കേരളത്തിനുവേണ്ടി വാദിക്കാൻ വീണ്ടും ഒരു എംപിയേ ലോകസഭയിൽ ഉണ്ടാവൂ. രാജ്യത്ത് ആദ്യമായി ധനകാര്യം സംബന്ധിച്ച് കേന്ദ്രത്തിനെതിരെ കേസ് കൊടുക്കാൻ തയ്യാറായ കേരളത്തോട് കൂടുതൽ വിവേചനപരമായ നിലപാടായിരിക്കും ഒരു പക്ഷേ കേന്ദ്രം സ്വീകരിക്കുക.
1999-ൽ കേരള നിയമസഭ ഏകകണ്ഠമായിട്ടാണ് കിഫ്ബി നിയമം പാസ്സാക്കിയത്.
2016-ൽ ഏകകണ്ഠമായിട്ടാണ് കിഫ്ബി നിയമം പരിഷ്കരിച്ചത്. ഇതിനിടയിൽ യുഡിഎഫിന്റെ കാലത്ത് കിഫ്ബി വഴി വായ്പയെടുത്തിട്ടുണ്ട്. പക്ഷേ, ഒരിക്കൽപ്പോലും കിഫ്ബി വായ്പ സർക്കാരിന്റെ വായ്പയായി കണക്കാക്കിയിരുന്നില്ല. ഇതുപോലുള്ള മറ്റ് ഓഫ് ബജറ്റ് വായ്പകളും സർക്കാർ വായ്പയായി കണക്കാക്കുന്ന പതിവില്ല. ഓരോ വർഷവും ലക്ഷക്കണക്കിനു കോടി രൂപയുടെ ഓഫ് ബജറ്റ് വായ്പ എടുത്തുകൊണ്ടിരുന്ന കേന്ദ്ര സർക്കാരും കണക്ക് എഴുതുമ്പോൾ അവ ബജറ്റിനു പുറത്തുള്ള വായ്പയായിട്ടാണ് കണക്കാക്കുക. അവ കേന്ദ്ര സർക്കാരിന്റെ കടബാധ്യതയായി പരിഗണിച്ചിട്ടില്ല.
ഈ ചട്ടമാണ് കേന്ദ്ര സർക്കാർ തിരുത്തിയത്. കേന്ദ്രത്തിന് ആവാം സംസ്ഥാനത്തിന് പറ്റില്ല എന്നാണു വാദം. യുഡിഎഫിന് ഒരു പ്രതിഷേധവുമില്ല. ഇങ്ങനെ ചെയ്യാൻ കേന്ദ്ര സർക്കാരിന് അവകാശമുണ്ടോയെന്നതു സുപ്രിംകോടതി വിധി പറയട്ടെ. പക്ഷെ, നിലവിലുള്ള മാനദണ്ഡത്തിൽ മാറ്റംവരുത്തുമ്പോൾ അതിന് എങ്ങനെയാണ് മുൻകാല പ്രാബല്യം നൽകുക? ഇനിമേൽ കിഫ്ബി എടുക്കുന്ന വായ്പകൾ സർക്കാർ കടമായി കണക്കാക്കുമെന്നല്ല, 2016 മുതലുള്ള വായ്പകൾ സർക്കാർ കടത്തിൽ ഉൾപ്പെടുത്തുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ഇക്കാര്യത്തിൽപ്പോലും കേരളത്തിന്റെ താല്പര്യം സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കാൻ യുഡിഎഫ് തയ്യാറല്ല.കേന്ദ്ര വിവിചേനത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടി വരും. കേരളത്തിന്റെ ധനകാര്യത്തെക്കുറിപ്പും കടഭാരത്തെക്കുറിച്ചും യുഡിഎഫും മാധ്യമങ്ങളും ചില പണ്ഡിതന്മാരും സൃഷ്ടിച്ചിട്ടുള്ള പൊതുബോധ്യത്തെ പൊളിച്ചടുക്കേണ്ടതുണ്ട്.
റോഡുകൾ, പാലങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, വ്യവസായ പാർക്കുകൾ തുടങ്ങി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്യാദൃശ്യമായ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടിയിരുന്നില്ല അവയൊക്കെ അടുത്തൊരു കാൽനൂറ്റാണ്ടുകൊണ്ട് പണിതാൽ മതിയായിരുന്നോയെന്ന ചോദ്യമാണ് അവയുടെ ഗുണഭോക്താക്കളായ ജനങ്ങളുടെ മുന്നിൽ ഉയർത്തേണ്ടത്. ഈ പ്രക്ഷോഭ പ്രചാരണം നടത്തുന്നതിനോടൊപ്പം ഇന്നത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തിക്കൊണ്ടുള്ള മുൻഗണനകളും നിശ്ചയിക്കേണ്ടതുണ്ട്.