കരുവന്നൂര്‍ സഹകരണബാങ്കിലെ കള്ളപ്പണക്കേസില്‍ പ്രമുഖ വ്യവസായി ഗോകുലം ഗോപാലനെ എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യുന്നു. കള്ളപ്പണക്കേസിലെ പ്രതികളുമായി നടത്തിയ നാലു കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. രാവിലെ മുതല്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ച കഴിഞ്ഞും തുടരുമെന്നാണ് ലഭിക്കുന്ന സൂചന.
അതേസമയം, ചോദ്യം കള്ളപ്പണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലല്ലെന്നാണ് ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ ചിട്ടിയില്‍ അനില്‍ കുമാര്‍ എന്നയാള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്, അയാള്‍ എന്തോ തെറ്റ് ചെയ്തിട്ടുണ്ട്. അയാളുടെ ചില രേഖകള്‍ കൈവശം ഉണ്ടെന്നും അതില്‍ വിശദീകരണം ചോദിക്കാന്‍ വിളിപ്പിച്ചതാണെന്നും ഗോകുലം ഗോപാലന്‍ പ്രതികരിച്ചു.
അറസ്റ്റിലായ നാല് പേര്‍ ഉള്‍പ്പടെ അന്‍പതിലേറെ പ്രതികളെ ഉള്‍പ്പെടുത്തി ആദ്യഘട്ടകുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രതികളുടെ സ്വാഭാവിക ജാമ്യം തടയുന്നതിന്റെ ഭാഗമായാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാംപ്രതി സതീഷ്‌കുമാറിന്റേയും രണ്ടാംപ്രതി പി പി കിരണിന്റേയും അറസ്റ്റ് സെപ്റ്റംബര്‍ 4നാണ് രേഖപ്പെടുത്തിയത്.
സെപ്റ്റംബര്‍ 26ന് സി പി എം നേതാവ് പി ആര്‍ അരവിന്ദാക്ഷനും കരുവന്നൂര്‍ ബാങ്കിലെ മുന്‍ അക്കൗണ്ടന്റും അറസ്റ്റിലായി. കരുവന്നൂരില്‍ കോടികളുടെ കള്ളപ്പണമിടപാട് നടന്നുവെന്നാണ് കണ്ടെത്തല്‍.