KERALA

'അരവിന്ദാക്ഷനോട് പുറംലോകം കാണില്ലെന്ന് പറഞ്ഞു, മൊയ്തീനെതിരെ തെളിവുണ്ടാക്കാൻ ശ്രമിച്ചു'; ഇഡിക്കെതിരേ എംവി ഗോവിന്ദൻ

വെബ് ഡെസ്ക്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസി മൊയ്തീനെ കുടുക്കാന്‍ കേസില്‍ ചോദ്യം ചെയ്യുന്നവരെ തെളിവിനു വേണ്ടി ഇഡി ഭീഷണിപ്പെടുത്തുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മൊയ്തീനെതിരെ തെളിവുണ്ടാക്കാൻ കൗൺസിലർ പിആർ അരവിന്ദാക്ഷൻ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും, മർദ്ദിക്കുകയും ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും അന്വേഷണത്തിന്റെ പേരില്‍ സിപിഎമ്മിനെ തകര്‍ക്കാനുള്ള ഇഡി നീക്കത്തിനെ പാര്‍ട്ടി ശക്തമായി പ്രതിരോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തട്ടിപ്പിന് പിന്നിൽ സിപിഎം നേതൃത്വമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇഡി രംഗത്ത് വരികയായിരുന്നു. എ.സി മൊയ്തീന്റെ വീട് റെയ്ഡ് ചെയ്തിട്ടും അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടും തെളിവായി ഒന്നും കിട്ടിയില്ല. അതിനു ശേഷമാണ് തെളിവുണ്ടാക്കാൻ ചിലരെ ചോദ്യം ചെയ്തതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. "മൊയ്തീൻ പണം ചാക്കിൽ കെട്ടി പോവുന്നത് കണ്ടു എന്ന് പറയാൻ അരവിന്ദാക്ഷനോട്‌ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പുറം ലോകം കാണില്ല എന്നാണ് പറഞ്ഞത്. മകളുടെ വിവാഹനിശ്ചയം തന്നെ നടക്കാൻ പോകുന്നില്ല എന്നും അവര്‍ ഭീഷണിപ്പെടുത്തി. ചരിത്രത്തിലില്ലാത്ത സംഭവമാണിത്. സിപിഎമ്മിന് ഒളിക്കാൻ ഒന്നുമില്ല."- അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫിൽ വലിയ പ്രശ്നങ്ങളാണ് രൂപപ്പെടുന്നത്. ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിൽ പറഞ്ഞ കാര്യങ്ങൾ ഗൗരവതരമാണ്

''ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥരാണ് ഈ കിരാത നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അരവിന്ദാക്ഷന്റെ ആരോഗ്യസ്ഥിതി വളരെ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും പിന്നീട് കേസുകൊടുക്കയും ചെയ്തു. ഇഡി ക്ക് എന്തും ചെയ്യാനുള്ള അവകാശമുണ്ടെന്ന രീതിയാണിത്'' -അദ്ദേഹം ആരോപിച്ചു.കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങള്‍ക്ക് ഇഡി ചുക്കാന്‍ പിടിക്കുകയാണെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ''സംസ്ഥാനത്തെ സഹകരണമേഖലയില്‍ അപൂര്‍വമായാണ് അഴിമതി നടക്കുന്നത്. എന്നാല്‍ ഭൂരിപക്ഷം സ്ഥാപനങ്ങളും അഴിമതിയുടെ കൂത്തരങ്ങാണെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. അത് സഹകരണമേഖലയെ തകര്‍ക്കാന്‍ ലക്ഷ്യം വച്ചതാണ്. സഹകരണബാങ്ക് വിഷയത്തില്‍ സിപിഎമ്മിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാര്‍ വളരെ നല്ലരീതിയിലാണ് മുന്നോട്ടു പോകുന്നതെന്നാണ് സിപിഎം വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. ''സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തേണ്ട കാര്യങ്ങള്‍ മാറ്റം ഉണ്ടാകും. നിലവില്‍ മികച്ച രിതിയിലാണ് മുന്നോട്ടു പോകുന്നതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. വിവിധ ജനക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇത് ജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജനകീയ സദസ്സുകൾ സംഘടിപ്പിക്കും. ലൈഫ് പദ്ധതിയിലൂടെ ഭൂമിയില്ലാത്തവർക്ക് ഭൂമിയും, വീടില്ലാത്തവർക്ക് വീണ്ടും നല്കാൻ വരും വർഷങ്ങളിൽ സാധിക്കണം. കെ-ഫോൺ, എഐ ക്യാമറ പ്രാവർത്തികമാക്കാൻ സാധിച്ചു. ദേശീയപാത വികസനം ഇന്നുവരെയില്ലാത്ത വേഗതയിൽ നടക്കുന്നു. സർക്കാർ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത് '' അദ്ദേഹം എന്നും എംവി ഗോവിന്ദൻ പറഞ്ഞു.

യുഡിഎഫിൽ വലിയ പ്രശ്നങ്ങളാണ് രൂപപ്പെടുന്നതെന്നും ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിൽ പറഞ്ഞ കാര്യങ്ങൾ ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. ''യുഡഎഫില്‍ ഐക്യമില്ല. എല്ലാവരും തമ്മിലടിയാണ്. ഭൂരിഭാഗം എംഎൽഎ മാരുടെയും പിന്തുണയുണ്ടായിരുന്നെങ്കിലും തന്നെ പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് നിയോഗിച്ചില്ല എന്ന് ചെന്നിത്തല പരാതിപറഞ്ഞു. താൻ തഴയപ്പെടുകയാണെന്ന് കെ.മുരളീധരന്റെ പ്രസ്താവന. സുധാകരനും വി.ഡി സതീശനും തമ്മിൽ മൈക്കിന് വേണ്ടി പിടിവലികൂടുകയും അതിനു ശേഷം നടന്ന സംഭവങ്ങളും. യുഡിഎഫിനെ ജനങ്ങൾ വിലയിരുത്തും'' -എംവി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും