നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടിന്റെ മുന്‍ നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലെ പിഎഫ്ഐയുടെ മുന്‍ രണ്ടാംനിര നേതാക്കളുടെ വീടുകളിലും പിഎഫ്‌ഐ ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നത്. ഹവാല പണമിടപാട് നടന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇഡി പരിശോധന. ഇന്ന് പുലര്‍ച്ചെ മുതലാണ് റെയ്ഡ് ആരംഭിച്ചത്.
ട്രസ്റ്റുകളുടെ മറവില്‍ വിദേശത്ത് നിന്നും പണമെത്തിയെന്നും അത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചെന്നുമാണ് പോപുലര്‍ ഫ്രണ്ടിനെതിരെ ഡല്‍ഹിയിലുള്ള കേസ്. ചാവക്കാട് പിഎഫ്ഐ മുന്‍ സംസ്ഥാന നേതാവ് അബ്ദുള്‍ ലത്തീഫിന്റെയും കൊച്ചി കുമ്പളത്തെ മുന്‍ ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദ്, എസ്ഡിപിഐ നേതാവ് നൂറുല്‍ അമീന്‍ തുടങ്ങിയവരുടെ വീട്ടിലുമാണ് പരിശോധന നടക്കുന്നത്.
മലപ്പുറത്ത് അരീക്കോട്ട് മൂന്നിടങ്ങളിലും മഞ്ചേരിയിൽ രണ്ടിടങ്ങളിലും വളാഞ്ചേരി വെങ്ങാടും റെയ്ഡ് നടത്തിയത്. അരീക്കോട് താഴെകൊഴക്കോട്ടൂർ കൊടപ്പത്തൂർ അബൂബക്കർ, മൂർക്കനാട് സ്വദേശി നൂറുൽ അമീൻ, എളയൂർ സ്വദേശി ഹനീഫ, ഷാപ്പുംകുന്ന് സ്വദേശി ഹംസ, കിഴക്കേത്തല സ്വദേശി അബ്ദുൾ ലത്തീഫ്, വളാഞ്ചേരി വെങ്ങാട് സ്വദേശി ഹൈദർ എന്നിവരുടെ വീടുകളിലാണ് പരിശോധന. ഇന്ന് രാവിലെ ഏഴ് മണി മുതലാണ് പരിശോധനകൾ ആരംഭിച്ചത്.
ഇഡിയുടെ സുരക്ഷയ്ക്കായി കേന്ദ്രസേനയും കേരള പോലീസും മഞ്ചേരിയിൽ പരിശോധന നടത്തുന്ന അബ്ദുൽ ജലീലിന്റെ വീട്ടിലെത്തിയിരുന്നു.
കഴിഞ്ഞ മാസം പിഎഫ്‌ഐയുടെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കപ്പെടുന്ന കേരളത്തിലെ പരിശീലന കേന്ദ്രം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടുകെട്ടിയിരുന്നു. ഗ്രീന്‍ വാലി ഫൗണ്ടേഷന്റെ മലപ്പുറം മഞ്ചേരിയിലെ ഗ്രീന്‍ വാലി അക്കാദമിയായിരുന്നു എന്‍ഐഎ കണ്ടുകെട്ടിയത്.
പിഎഫ്‌ഐ നിരോധിച്ച ശേഷം കണ്ടുകെട്ടുന്ന കേരളത്തിലെ ആറാമത്തെ ആയുധ പരിശീലന കേന്ദ്രമായിരുന്നു ഗ്രീന്‍ വാലി. പത്ത് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഗ്രീന്‍ വാലി അക്കാദമി. 'യുവാക്കളെ തീവ്രവത്ക്കരിക്കാനും പിഎഫ്‌ഐയുടെ വിഭജനവും വര്‍ഗീയവുമായ അജണ്ട പ്രോത്സാഹിപ്പിക്കാനും ഈ കേന്ദ്രം ഉപയോഗിക്കപ്പെട്ടു. ആയുധ-ശാരീരിക പരിശീലനം, പ്രത്യയശാസ്ത്ര പ്രചാരണം, കൊലപാതകങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനുള്ള പരിശീലനം എന്നിവയ്ക്കായി സംഘടനയുടെ നേതൃത്വം ഇടയ്ക്കിടെ ഉപയോഗിക്കുന്ന 12 പിഎഫ്‌ഐ ഓഫീസുകളും അറ്റാച്ച് ചെയ്തിട്ടുണ്ട്.' എന്നാണ് അന്ന് എന്‍ഐഎ വ്യക്തമാക്കിയത്.