സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തിൽ ദൃശ്യാവിഷ്കാരം നടത്തിയ പേരാമ്പ്ര മാതാ കലാവേദിക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മാതാ കലാവേദിക്ക് ഇനി അവസരം നൽകില്ലെന്ന് മന്ത്രി പറഞ്ഞു. വേദിയിൽ അവതരിപ്പിക്കും മുൻപ് സ്വാഗതഗാനം പരിശോധിച്ചിരുന്നു. വിവാദമായ വേഷം അപ്പോൾ ഉണ്ടായിരുന്നില്ല. പക്ഷേ ഡ്രസ്സ് റിഹേഴ്സൽ കണ്ടിരുന്നില്ലെന്നും മന്ത്രി കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ടാണ് വീഴ്ച ഉണ്ടായതെന്ന് അറിയില്ലെന്നും. പരിശോധിച്ച് നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പട്ടാളക്കാർ തീവ്രവാദിയെ വെടിവച്ച് കൊല്ലുന്ന ദൃശ്യാവിഷ്കാരത്തിൽ, തീവ്രവാദിയായി വേഷമിട്ട വ്യക്തിയ്ക്ക് മുസ്ലീംമത സമുദായത്തിന്റെ വേഷം നൽകിയത് എൽഡിഎഫിന്റെ പ്രഖ്യാപിത നിലപാടിന് എതിരാണെന്നും മന്ത്രി പ്രതികരിച്ചു.
''വിവിധ അധ്യാപക സംഘടനകൾക്കായിരുന്നു ഓരോ കമ്മിറ്റിയുടെയും ചുമതല. അത്തരത്തിൽ അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന റിസപ്ഷൻ കമ്മിറ്റി ആണ് ദൃശ്യാവിഷ്ക്കാരത്തിനും നേതൃത്വം നൽകിയത്. സ്റ്റേജിൽ അവതരിപ്പിക്കുന്നതിന് മുൻപ് പരിപാടി കണ്ടുനോക്കിയിരുന്നുവെങ്കിലും കുട്ടികൾ വേഷവിധാനങ്ങൾ അണിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഏത് വേഷമാണ് ധരിക്കുക എന്ന് അറിയാൻ കഴിഞ്ഞില്ല. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായതെന്ന് പരിശോധിക്കും. വിവാദമായ പരിപാടി അവതരിപ്പിച്ചവരെ വരുന്ന മേളകളിൽ പങ്കെടുപ്പിക്കില്ല. അതിന് വേണ്ട നടപടികൾ സ്വീകരിക്കും''- മന്ത്രി വ്യക്തമാക്കി.
ദൃശ്യാവിഷ്കാരം വിവാദമായതോടെ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് ദൃശ്യാവിഷ്ക്കാരമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഒരു ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും കേരളീയ സമൂഹവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
ദൃശ്യാവിഷ്ക്കാരത്തിനെതിരെ മുസ്ലീംലീഗും ഇതര മുസ്ലീം സംഘടനകളും രംഗത്തെത്തിയിരുന്നു. കവി പി കെ ഗോപിയുടെ വരികളെ ആസ്പദമാക്കി പേരാമ്പ്ര മാതാ കലാവേദിയാണ് ദൃശ്യാവിഷ്‌കാരം നടത്തിയത്. ഇന്ത്യന്‍ സേന ഭീകരവാദിയെ കീഴടക്കുന്നതായി കാണിക്കുന്ന ഭാഗത്ത് പരമ്പരാഗത അറബി തലപ്പാവ് ധരിച്ച മുസ്ലീം മതസ്ഥനെന്ന് തോന്നിക്കുന്ന ആളെ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് ആധാരം. ഇസ്ലാം മത വിശ്വാസികളെ അവഹേളിക്കുന്ന തരത്തിലാണ് ഗാന ചിത്രീകരണമെന്നും സംഘപരിവാറുമായി ബന്ധമുള്ളവരാണ് ദൃശ്യാവിഷ്‌കാരം നടത്തിയതെന്നുമാണ് വിവിധ മുസ്ലീം സംഘടനകളുടെ ആരോപണം.