KERALA

ഉഷ്ണതരം​ഗ സാധ്യത: മേയ്‌ ആറ് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണം, അവധിക്കാല ക്ലാസുകൾ 11 മണി മുതൽ 3 വരെ ഒഴിവാക്കണം

വെബ് ഡെസ്ക്

സംസ്ഥാനത്ത് ഉഷ്‌ണതരംഗ സാധ്യത മുൻനിർത്തി മേയ്‌ ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനം. സ്കൂൾ വിദ്യാർഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണിമുതൽ 3 മണിവരെ ഒഴിവാക്കണം.

പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻസിസി, എസ്‌പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കാനും തീരുമാനമായി. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗത്തിലാണ് തീരുമാനങ്ങൾ. വിവിധ ജില്ലകളിലെ സാഹ​ചര്യം ജില്ലാ കലക്ടർമാർ വിശദീകരിച്ചു.

പകൽ 11 മുതൽ വൈകുന്നേരം മൂന്നു വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. ആസ്ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽസമയം അടച്ചിടണം. ഇവ മേൽക്കൂരയായുള്ള വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണം.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ - നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണം. ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് പെട്ടന്നുതന്നെ ചെയ്യണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

കലാ-കായിക മത്സരങ്ങൾ/പരിപാടികൾ പകൽ 11 മുതൽ‌ വൈകിട്ട് മൂന്നു വരെ നിർബന്ധമായും നടത്തരുത്. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. ലയങ്ങൾ, ആദിവാസി, ആവാസകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണം. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് എല്ലാ പൊതുസ്ഥലങ്ങളിലും തണൽമരങ്ങൾ പിടിപ്പിച്ച് സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒപ്പം മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയായി.

മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പ്രഥമികമായി ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ചുമതലയുള്ള മന്ത്രിയുടെ സാന്നിധ്യത്തിൽ കളക്ടറുടെ നേതൃത്വത്തിൽ യോ​ഗം ചേരണം. തദ്ദേശഭരണ സ്ഥാപനങ്ങൾ അടിയന്തിരമായി മഴക്കാലപൂർവ ശുചീകരണം ആരംഭിക്കണം.

വേനൽ മഴ ശക്തമാകുന്നതിന് മുൻപ് ഓടകൾ, കൈത്തോടുകൾ, കല്‍വര്‍ട്ടുകള്‍, ചെറിയ കനാലുകൾ എന്നിവയിലെ തടസങ്ങൾ നീക്കണം. പൊതു ഇടങ്ങളിൽ മാലിന്യം കെട്ടിക്കിടക്കാൻ ഇടയാക്കരുത്. കൊതുക് നിർമാർജനം വ്യാപകമായി നടത്തണം. ദുരിതാശ്വാസ ക്യാമ്പുകൾക്കായി ഉപയോ​ഗിക്കേണ്ട കെട്ടിടങ്ങൾ സജ്ജമാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് ശ്രദ്ധിക്കണം. എല്ലാ പൊഴികളും ആവശ്യമായ അളവിൽ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കണം. ഇത് മേയ്‌ 25ന് മുൻപായി പൂർത്തിയാക്കണം.

പ്രധാന റെഗുലേറ്ററുകൾ, സ്പിൽ വേകൾ എന്നിവയുടെ മുൻപിലും പുറകിലുമുള്ള തടസങ്ങൾ നീക്കണം. ഷട്ടറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അണക്കെട്ടുകളിലെ ജലം കേന്ദ്ര ജലകമ്മിഷൻ അംഗീകരിച്ച റൂൾ കർവിന് മുകളിൽ എത്തുന്നില്ലെന്ന് റൂൾ കർവ് നിരീക്ഷണ സമിതി ഉറപ്പാക്കണം. നഗര മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ‍ഡ്രൈനേജ് സംവിധാനങ്ങൾ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണം. സ്കൂളുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച ആവശ്യമായ അവലോകനം എത്രയുംപെട്ടന്ന് നടത്തണം.

അപകടാവസ്ഥയിലുള്ള മരങ്ങൾ, മരച്ചില്ലകൾ, ഹോർഡിങ്ങുകൾ, പോസ്റ്റുകൾ തുടങ്ങിയവ മഴയ്ക്കു മുന്നോടിയായി മാറ്റണം. റോഡിൽ പണി നടക്കുമ്പോൾ സുരക്ഷാ മുന്നറിയിപ്പ് നൽകണം. കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലയിൽ ജനങ്ങൾക്കിടയിൽ ശക്തമായ ബോധവൽക്കരണം നടത്തണം. അപകട സാധ്യത മനസ്സിലാക്കി ക്യാമ്പുകളിലേക്ക് സ്വയംമാറാൻ സാധിക്കും വിധം പരിശീലനം നൽകണം. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അപകടസാധ്യത മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കണം. മലവെള്ളപ്പാച്ചിൽ ഉണ്ടാവാൻ ഇടയുള്ള ജലാശയങ്ങളിൽ സുരക്ഷാ മുന്നറിയിപ്പ് നൽകണം. ആപദ്മിത്ര, സിവിൽ ഡിഫൻസ്, തുടങ്ങിയ സന്നദ്ധസേനകളെ നേരത്തേ സജ്ജമാക്കണം. എലിപ്പനി, ​ഡങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധത്തിൽ കാര്യമായി ശ്ര​ദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓൺലൈനായി ചേർന്ന യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി ഡോ.വേണു വി അടക്കമുള്ള ഉന്നത ഉദ്യോ​ഗസ്ഥർ, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തിരുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം