വിദ്യാഭ്യാസ വിദഗ്ധയും വനിതാ ക്ഷേമ പ്രവർത്തകയുമായ മേരി റോയ് (86) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ക്രിസ്‌ത്യൻ പിന്തുടർച്ചാവകാശ നിയമത്തിനെതിരായ നിയമപോരാട്ടത്തിലൂടെ ശ്രദ്ധേയയായിരുന്നു. പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കു വഴിയൊരുക്കിയത് മേരിയുടെ ഇടപെടലുകളായിരുന്നു. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയാണ്. പരേതനായ രാജീബ് റോയിയാണ് ഭർത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കൾ.
കോട്ടയത്തെ ആദ്യ സ്കൂളായ റവ. റാവു ബഹദൂർ ജോൺ കുര്യൻ സ്കൂളിന്റെ സ്ഥാപകൻ ജോൺ കുര്യന്റെ പേരക്കുട്ടിയും പി.വി. ഐസക്കിന്റെ മകളുമായി 1933 ൽ കോട്ടയം അയ്മനത്താണ് മേരി റോയിയുടെ ജനനം. ഡൽഹി ജീസസ് മേരി കോൺവെന്റിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചെന്നൈ ക്വീൻ മേരീസ് കോളജിൽ നിന്ന് ബിരുദം നേടി. കൽക്കത്തയിൽ ഒരു കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്യവേ പരിചയപ്പെട്ട ബംഗാളിയായ രാജീബ് റോയിയെയാണ് മേരി വിവാഹം ചെയ്തത്.
വിവാഹാനന്തരം അസമിലായിരുന്നു ദമ്പതികളുടെ താമസം. അവിടെ, തേയിലത്തോട്ടത്തിൽ മാനേജരായിരുന്നു രാജീബ് റോയ്. എന്നാൽ, അസ്വാരസ്യങ്ങളെത്തുടർന്ന് മുപ്പതാം വയസ്സിൽ ദാമ്പത്യബന്ധം അവസാനിപ്പിച്ചു. പിന്നാലെ, രണ്ട് മക്കളുമായി ഊട്ടിയിലുള്ള പിതാവിന്റെ പൂട്ടിക്കിടന്ന കോട്ടേജിൽ താമസം തുടങ്ങി. അവിടെ നിന്നാണ് 1916ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാനിയമത്തിനെതിരെയുള്ള മേരിയുടെ പോരാട്ടം തുടങ്ങുന്നത്.
അപ്പന്റെ വീട് മേരി കൈവശപ്പെടുത്തിയാലോ എന്ന് ഭയന്ന സഹോദരൻ ജോർജ് അവരോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. എന്നാൽ, മേരി തയ്യാറായില്ല. ഭീഷണിക്കൊടുവിൽ ആളുകളുമായെത്തിയ ജോർജ് ബലമായി അവരെ പിടിച്ചിറക്കി വിട്ടു. തുടർന്നാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തെ ചോദ്യംചെയ്ത് മേരി കോടതി കയറുന്നത്. 1960കളുടെ പാതിയോടെ കീഴ്ക്കോടതികളിൽ നിന്നാരംഭിച്ച മേരിയുടെ നിയമപോരാട്ടം 1984ൽ സുപ്രീംകോടതിയുടെ മുൻപിലെത്തി. 1986ൽ, തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശനിയമം സുപ്രീംകോടതി അസാധുവാക്കി. വിൽപ്പത്രമെഴുതാതെ മരിക്കുന്ന അപ്പന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യാവകാശമെന്ന ക്രിസ്ത്യൻ പുരുഷസമൂഹത്തെ ഞെട്ടിച്ച സുപ്രധാന വിധിയോടെ മേരിയുടെ പോരാട്ടം തിളക്കമുള്ളതായി.
സഹോദരനെതിരേയല്ല, നീതി തേടിയാണ് കോടതിയിൽ പോയത്. അന്നത്തെ നിയമവാഴ്ചയ്ക്കെതിരെയായിരുന്നു പോരാട്ടം. സ്വത്തിനുവേണ്ടിയുള്ള വാശിയല്ലായിരുന്നു. മക്കൾ തുല്യരാണ്, പെൺകുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം, അതിനുവേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നു അത്മേരി റോയ്
കോടതി വിധിപ്രകാരം പിതൃസ്വത്തായി കോട്ടയത്തെ നാട്ടകത്തുള്ള വീടാണ് മേരിക്ക് ലഭിച്ചത്. എന്നാൽ, കാലങ്ങൾക്കുശേഷം ആ വീട് മേരി പിന്നീട് സഹോദരനു തന്നെ നൽകിയിരുന്നു. തന്റെ പോരാട്ടം സഹോദരന് എതിരെയായിരുന്നില്ല എന്നായിരുന്നു, അതിനെക്കുറിച്ച് മേരി അന്ന് പ്രതികരിച്ചത്. ‘‘ഞാൻ സഹോദരനെതിരേയല്ല, നീതി തേടിയാണ് കോടതിയിൽ പോയത്. അന്നത്തെ നിയമവാഴ്ചയ്ക്കെതിരെയായിരുന്നു പോരാട്ടം. സ്വത്തിനുവേണ്ടിയുള്ള വാശിയല്ലായിരുന്നു. നമ്മളാരും ഇവിടെനിന്നും ഒന്നും കൊണ്ടുപോകുന്നില്ല. പക്ഷേ, മക്കൾ തുല്യരാണ്, പെൺകുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം, അതിനുവേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നു അത്’’ എന്നായിരുന്നു മേരിയുടെ പ്രതികരണം.
1967ലാണ് മേരി കോട്ടയത്ത് സ്കൂൾ ആരംഭിക്കുന്നത്. കോർപ്പസ് ക്രിസ്റ്റി ഹൈസ്കൂൾ എന്ന പേരിലുള്ള സ്കൂളിന്റെ നിർമാണ ചുമതല ലാറി ബേക്കറിനായിരുന്നു. തുടക്കത്തിൽ, മേരിയും മക്കളും ലാറി ബേക്കറുടെ മകളും ഉൾപ്പെടെ ഏഴുപേരാണ് സ്കൂൾ നടത്തിപ്പുകാർ. സ്കൂൾ വളപ്പിലെ കോട്ടേജിൽ തന്നെയായിരുന്നു ഇവരുടെ താമസം. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പൊളിച്ചെഴുതിയ സ്കൂളിന് പിൽക്കാലത്ത് പള്ളിക്കൂടം എന്ന പേര് നൽകി. അതിന്റെ പ്രധാനാധ്യാപിക ആയിരുന്നു മേരി.