KERALA

വണ്‍, ടൂ, ത്രീ..; മലയാളം 'ഡര്‍ട്ടി പിക്ചറില്‍' അടുത്ത നടന്‍ ആര്?

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് പതിനൊന്ന് ദിനം പിന്നിടുമ്പോള്‍ കളങ്കത്തിന്റെ തീരാക്കറ പുരണ്ട് നടികര്‍ തിലകങ്ങള്‍. ഇതുവരെ ആറു താരങ്ങള്‍ക്കും രണ്ട് അണിയറപ്രവര്‍ത്തകര്‍ക്കുമെതിരേ എട്ടു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

വെബ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് പതിനൊന്ന് ദിനം പിന്നിടുമ്പോള്‍ കളങ്കത്തിന്റെ തീരാക്കറ പുരണ്ട് നടികര്‍ തിലകങ്ങള്‍. ഇതുവരെ ആറു താരങ്ങള്‍ക്കും രണ്ട് അണിയറപ്രവര്‍ത്തകര്‍ക്കുമെതിരേ എട്ടു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അടുത്ത നിമിഷം ആർക്കെതിരെയാണ് കേസ് വരാൻപോകുന്നതെന്നു നിശ്ചയമില്ലാത്ത സാഹചര്യമാണ്.

സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസാണ് ആദ്യത്തേത്. തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്ന് ഒരു യുവാവ് നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം കോഴിക്കോട് പോലീസും രഞ്ജിത്തിനെതിരെ കേസെടുത്തു.

സിദ്ദിഖിനെതിരെ നടി നൽകിയ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു. അന്വേഷണ സംഘം കൊച്ചിയിലും തിരുവനന്തപുരത്തുമായി സിദ്ദിഖിനെതിരെ ആറോളം പരാതികളിൽ മൊഴിയെടുക്കുകയും ചെയ്തു.

നടൻ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തു. സെക്രട്ടേറിയറ്റിൽ സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് തന്നോട് ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം.

കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിൽ എംഎൽഎ എം മുകേഷിനെതിരെയും ഇന്ന് പോലീസ് കേസെടുത്തിരിക്കുന്നു. നിലവിൽ മൂന്ന് ആരോപണങ്ങൾ മുകേഷിനെതിരെയുണ്ട്. നടിയുടെ പരാതിയിലാണ് ഒടുവിൽ കേസെടുത്തത്. കൊച്ചി സ്വദേശിയായ നടി നേരത്തെ ഉന്നയിച്ച ആരോപണങ്ങളിലുണ്ടായിരുന്ന മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ എന്നിവർക്കെതിരെയും കൊച്ചി മരട് പോലീസ് കേസെടുത്തു.

രഞ്ജിത്ത്

രണ്ട് പരാതികളാണ് സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെതിരെ ഉയർന്നത്. 2009ൽ 'പാലേരി മാണിക്യം' സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് അഭിനയിക്കുന്നതിനായി വിളിച്ചുവരുത്തി ലൈംഗിക ചുവയോടെ പെരുമാറിയെന്നാണ് ബംഗാളി നടിയുടെ പരാതി. അതേസമയം കഴിഞ്ഞദിവസം കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയിൽ മറ്റൊരു കേസ് കൂടി രഞ്ജിത്തിനെതിരെ എടുത്തിട്ടുണ്ട്

സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവുമായി ചെന്ന തന്നെ ബെംഗളുരുവിൽവച്ച് സംവിധായകൻ രഞ്ജിത്ത് ലൈംഗികമായി ചൂഷണം ചെയ്‌തെന്നായിരുന്നു യുവാവിന്റെ പരാതി. 2012ൽ കോഴിക്കോട്ട് ചിത്രീകരിച്ച 'ബാവൂട്ടിയുടെ നാമത്തിൽ' എന്ന സിനിമയുടെ ചിത്രീകരണസമയത്താണ് യുവാവ് രഞ്ജിത്തിനെ ആദ്യമായി കാണുന്നത്. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നറിയിച്ചപ്പോൾ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ നൽകുകയായിരുന്നു രഞ്ജിത്തെന്നും പിന്നീട് ബന്ധപ്പെട്ടപ്പോൾ ബെംഗളുരുവിലെ ഹോട്ടലിൽ തന്നെ വന്നുകാണാൻ ആവശ്യപ്പെട്ടെന്നും അതുപ്രകാരം എത്തിയ തന്നെ ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നുവെന്നുമാണു യുവാവിന്റെ പരാതി. ഇന്ത്യൻ ശിക്ഷ നിയമം 354 ാം വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാണു കേസെടുത്തത്.

സിദ്ദിഖ്

നടിയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് നടൻ സിദ്ദിഖിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് 2016ലാണ്. തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് സിദ്ദിഖ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. നാലുമണിക്കൂറെടുത്താണ് യുവതി പോലീസിന് മൊഴിനൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമം 376 (ബലാത്സംഗം), 506, എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്

ജയസൂര്യ

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ സിനിമാ ചിത്രീകരണം നടക്കുന്ന സമയത്ത് കൂടെ അഭിനയിച്ചിരുന്ന നടിയോട് ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ശുചിമുറിയിൽനിന്നു പുറത്തേക്കു വരികയായിരുന്ന തന്നെ ജയസൂര്യ പിന്നിൽനിന്നു കടന്നുപിടിക്കുകയും ചുംബിക്കുകയുമായിരുന്നുവെന്നാണു നടിയുടെ ആരോപണം.

സ്ത്രീത്വത്തെ അപമാനിച്ചതിന് ഇന്ത്യൻ ശിക്ഷ നിയമം 354, 354 (എ) (ലൈംഗികാതിക്രമം), 509 (ലൈംഗികചുവയുള്ള വാക്കുകളും വാചകങ്ങളുമുപയോഗിക്കുക) എന്നീ വകുപ്പുകൾ ചേർത്താണ് കേസ്.

മുകേഷ്

എംഎൽഎയും നടനുമായ എം മുകേഷിനെതിരെ മൂന്ന് പേരാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. കൊച്ചി സ്വദേശിയായ നടിയോടും കാസ്റ്റിങ് ഡയരക്ടറോടും ജൂനിയർ ആർട്ടിസ്റ്റിൻ്റെ അമ്മയോടും അപമര്യാദയായി പെരുമാറിയതായി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും കൊച്ചി സ്വദേശിയായ നടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷ നിയമം 376 (ബലാത്സംഗം), 354 എന്നീ ജാമ്യമില്ലാവകുപ്പുകൾ ചേർത്താണ് കേസ്.

ഇടവേള ബാബു, മണിയൻപിള്ള രാജു, നോബിൾ, വച്ചു

കൊച്ചി സ്വദേശിയായ നടിയുടെ ജയസൂര്യയുടെയും മുകേഷിന്റെയും പേരിനൊപ്പം മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വച്ചു എന്നിവരുടെ പേരുകളുമുണ്ടായിരുന്നു. ഇവർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇടവേളബാബുവിനെതിരെ എറണാകുളം നോർത്ത് പോലീസും മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പോലീസുമാണ് കേസെടുത്തത്. 376 ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രഞ്ജിത്തിനെതിരെ പരാതി നൽകിയ കോഴിക്കോട് സ്വദേശിയായ യുവാവും ഇടവേള ബാബുവിനെതിരെ ആരോപണമുന്നയിച്ചിരുന്നു. രഞ്ജിത്ത് നിർദേശം നൽകിയതനുസരിച്ച് ഇടവേളബാബുവും തന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നായിരുന്നു യുവാവിന്റ ആരോപണം. ബാബുവിനെതിരെ പ്രത്യേക പരാതി നൽകുമെന്നും യുവാവ് പറഞ്ഞിരുന്നു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍