KERALA

എലത്തൂർ തീവയ്പ് വിരൽ ചൂണ്ടുന്നത് ഭീകരപ്രവർത്തനത്തിലേക്കെന്ന് എൻഐഎ

പ്രതിക്ക് ജാമ്യം നൽകരുതെന്നും, ജാമ്യം നൽകിയാൽ ഒളിവിൽ പോകാനിടയുണ്ടെന്നും എൻഐഎ വ്യക്തമാക്കി

വെബ് ഡെസ്ക്

എലത്തൂർ ട്രെയിൻ തീവയ്‌പ് കേസ് ഭീകര പ്രവർത്തനത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് എൻഐഎ. പ്രതിയായ ഡൽഹി സ്വദേശി ഷാരൂഖ് എന്ന ഷാരൂഖ് സെയ്‌ഫിയെ റിമാൻറ് ചെയ്യുന്നതിനായി കൊച്ചി എൻഐഎ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭീകര പ്രവർത്തനത്തിന്റെ ലക്ഷ്യമെന്തെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം വേണം.പ്രതിയുടെ കയ്യക്ഷരം, വിരലടയാളം എന്നിവയുടെ സാമ്പിൾ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്‌പെക്ടർ എം.ജെ അഭിലാഷ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പ്രതിക്ക് ജാമ്യം നൽകരുതെന്നും, ജാമ്യം നൽകിയാൽ ഒളിവിൽ പോകാനിടയുണ്ടെന്നും എൻഐഎ വ്യക്തമാക്കി.

ആളുകളുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന പ്രവൃത്തികൾ തുടരാനിടയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ഷാരൂഖിനെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് എൻഐഎ നൽകിയ അപേക്ഷ പരിഗണിച്ച കോടതി പ്രതിയെ മേയ് രണ്ടു മുതൽ എട്ടുവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി നൽകിയിട്ടുമുണ്ട്. ഏപ്രിൽ രണ്ടിന് പ്രതി ഷൊർണൂർ റെയിൽവെ സ്റ്റേഷനു സമീപത്ത് മയിൽവാഹനം ഏജൻസീസ് നടത്തുന്ന ഒരു പമ്പിൽ നിന്ന് രണ്ടു ലിറ്റർ കൊള്ളുന്ന പ്ളാസ്റ്റിക് കുപ്പിയിൽ പെട്രോൾ വാങ്ങി.

വിസ്‌മയ ലോട്ടറീസ് എന്ന കടയിൽ നിന്ന് സിഗരറ്റ് ലൈറ്ററും വാങ്ങി. തുടർന്ന് ഷൊർണൂർ സ്റ്റേഷനിലെത്തി ട്രെയിൻ വരാൻ കാത്തിരുന്നു. വൈകിട്ട് 7.15 ന് ഷൊർണൂരിൽ നിന്ന് ട്രെയിനിൽ കയറി. രാത്രി 11.24 ഓടെ ട്രെയിൻ കോഴിക്കോട് ജില്ലയിലെ എലത്തൂർ സ്റ്റേഷനിലെത്തുമ്പോഴായിരുന്നു പെട്രോളൊഴിച്ച് തീയിട്ടതെന്നാണ് NIA റിപ്പോർട്ടിൽ പറയുന്നത്.

ഏപ്രിൽ രണ്ടിന് ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ രാത്രി ഒമ്പതരയോടെ ഡി വൺ കമ്പാർട്ട്മെന്റിലെത്തിയാണ് പ്രതി പെട്രോളൊഴിച്ച് തീവച്ചത്. ഇതോടെ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയ മൂന്ന് യാത്രക്കാർ മരിക്കുകയും എട്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ റഹ്മത്ത്, സഹോദരിയുടെ മകൾ രണ്ടര വയസ്സുകാരി സഹ്റ, കണ്ണൂർ സ്വദേശി നൗഫിൽ എന്നിവരാണ് മരിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ