KERALA

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്: ഷാരൂഖ് സെയ്ഫി തീവ്ര ചിന്താഗതിയുള്ളയാളെന്ന് എഡിജിപി; ആക്രമണം ആസൂത്രിതം

പ്രതിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ല

ദ ഫോർത്ത് - കോഴിക്കോട്

എലത്തൂര്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. ഷാരൂഖ് സെയ്ഫി തീവ്ര ചിന്താഗതിയുള്ളയാളാണെന്ന് പോലീസ് വ്യക്തമാക്കുന്നു. സാക്കിര്‍ നായിക്കിനെ പോലുള്ളവരുടെ വീഡിയോകള്‍ ഷാരൂഖ് നിരന്തരം കാണാറുണ്ടെന്നും എഡിജിപി വ്യക്തമാക്കി.

ഷാരൂഖ് സെയ്ഫി ഇത്തരത്തിലൊരു കൃത്യം നടത്താന്‍ തീരുമാനിച്ചുറപ്പിച്ചാണ് കേരളത്തില്‍ എത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. എന്നാല്‍ പ്രതിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാരൂഖ് കേരളത്തിലെത്തിയത് മുതലുള്ള മുഴുവന്‍ കാര്യങ്ങളും അന്വേഷിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് എന്തെങ്കിലും സഹായം പ്രതിക്ക് കിട്ടിയോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുമെന്നും എഡിജിപി ആര്‍ അജിത്ത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ട്രെയിന്‍ തീവയ്പ്പിന് ശേഷം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍നിന്നാണ് ഷാരൂഖ് സെയ്ഫി പോലീസ് പിടിയിലായത്. ഇയാള്‍ രത്നഗിരി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം അജ്മീറിലേക്ക് കടക്കാനായിരുന്നു ശ്രമം. അതിനിടെയാണ് രത്‌നഗിരി പോലീസ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് പ്രതിയെ പിടികൂടുന്നത്. ഇയാള്‍ക്ക് ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. പിടിയിലാവുമ്പോള്‍ മോട്ടോറോളാ കമ്പനിയുടെ ഫോണ്‍, ആധാര്‍ കാര്‍ഡ് , പാന്‍കാര്‍ഡ്, എടിഎം കാര്‍ഡ് എന്നിവ പ്രതിയുടെ കൈവശമുണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

ഏപ്രില്‍ രണ്ടിന് രാത്രിയാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ഡി1 കോച്ചില്‍ ആക്രമണമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്ക് പോയ ട്രെയിന്‍ രാത്രി 9.07ന് എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. കയ്യിലെ കുപ്പിയില്‍ കരുതിയിരുന്ന ഇന്ധനം യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച അക്രമി തീയിടുകയായിരുന്നു. റിസര്‍വ്ഡ് കംപാര്‍ട്ടമെന്റിലാണ് ആക്രമണമുണ്ടായത്. തീവയ്പില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് മൂന്നു പേരെ പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

ചേലക്കരയില്‍ യു ആര്‍ പ്രദീപിനും പാലക്കാട് സി കൃഷ്ണകുമാറിനും ലീഡ്| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ആര് നേടും? നെഞ്ചിടിപ്പോടെ മുന്നണികള്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ