എലത്തൂരില്‍ ട്രെയിനിന് തീവച്ച കേസിൽ രത്നഗിരിയില്‍ പിടിയിലായ ഷാറൂഖ് സെയ്ഫിയെ കോഴിക്കോട്ടെത്തിച്ചു. ഇയാളെ മാലൂര്‍ക്കുന്ന് പോലീസ് ക്യാമ്പിലേക്ക് മാറ്റി. ഇന്ന് തന്നെ പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കും. തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷയും പോലീസ് സമർപ്പിക്കും. ചോദ്യം ചെയ്യലില്‍ ട്രെയിനില്‍ തീയിട്ടത് താനാണെന്നു പ്രതി സമ്മതിച്ചതായി മഹാരാഷ്ട്ര എടിഎസ് ഡിഐജി വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രയില്‍ നിന്ന് പിടിയിലായ ഷാരൂഖ് സെയ്ഫിയെ സ്വകാര്യ വാഹനത്തില്‍ റോഡ് മാര്‍ഗമാണ് കേരളത്തിലേക്കു കൊണ്ടുവന്നത്. ഇതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ രണ്ടുതവണ കേടായത് ആശയക്കുഴപ്പം സൃഷ്ടിച്ചു. കോഴിക്കോട്ടേക്ക് വരുന്നതിനിടെ കണ്ണൂര്‍ മാമലക്കുന്നില്‍വച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ച്യൂണര്‍ വാഹനത്തിന്റെ ടയര്‍ പഞ്ചറായി. പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. ഇതോടെ മറ്റൊരു വാഹനം എത്തിച്ച് പ്രതിയെ മാറ്റി യാത്ര തുടരാൻ അന്വേഷണസംഘം നീക്കം നടത്തിയെങ്കിലും ആ വാഹനത്തിനും സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടു. അന്വേഷണസംഘം ഏതാണ്ട് ഒരു മണിക്കൂറോളം പ്രതിയുമായി വഴിയില്‍ കുടുങ്ങി. തുടര്‍ന്ന് നാലരയോടെ വാഗണ്‍ ആര്‍ കാര്‍ എത്തിച്ചാണ് യാത്ര തുടര്‍ന്നത്. വാഹനത്തിന് സുരക്ഷയൊരുക്കാന്‍ അകമ്പടി വാഹനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കൂടാതെ മാലൂര്‍കുന്നിലെത്തുമ്പോൾ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്നാണ് ഷാറൂഖ് സെയ്ഫി പോലീസ് പിടിയിലായത്. ഇയാള്‍ രത്‌നഗിരി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി പോലീസ് വ്യക്തമാക്കി. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം അജ്മീരിലേക്ക് കടക്കാനായിരുന്നു ശ്രമം. അതിനിടെയാണ് രത്നഗിരി പോലീസ് റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രതിയെ പിടികൂടുന്നത്. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. പിടിയിലാവുമ്പോൾ മോട്ടോറോളാ കമ്പനിയുടെ ഫോൺ, ആധാർ കാർഡ് , പാൻകാർഡ്, എടിഎം കാർഡ് എന്നിവ പ്രതിയുടെ കൈവശമുണ്ടായിരുന്നു.
ഏപ്രില്‍ രണ്ടിന് രാത്രിയാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ ഡി1 കോച്ചില്‍ ആക്രമണമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്ക് പോയ ട്രെയിന്‍ രാത്രി 9.07ന് എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. കയ്യിലെ കുപ്പിയില്‍ കരുതിയിരുന്ന ഇന്ധനം യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച അക്രമി തീയിടുകയായിരുന്നു. റിസര്‍വ്ഡ് കംപാര്‍ട്ടമെന്റിലാണ് ആക്രമണമുണ്ടായത്. തീവയ്പിൽ എട്ട് പേർക്ക് പരുക്കേറ്റു. സംഭവത്തെത്തുടർന്ന് മൂന്നു പേരെ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.