എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പതിനൊന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതിയെ മാലൂർക്കുന്ന് എ ആർ ക്യാമ്പിലെത്തിച്ചു. 14 ദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. കനത്ത സുരക്ഷയിലായിരുന്നു പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.
അതേസമയം പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. റെയിൽവെ പോലീസ് സമർപ്പിച്ച എഫ് ഐ ആറിൽ ഷാരൂഖിനെതിരെ IPC 302 വകുപ്പാണ് ചുമത്തിയിട്ടുള്ളത്. തീവയ്പിനിടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഷാരുഖിന് പങ്കുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൊലക്കുറ്റം ചുമത്തിയത്. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ റഹ്മത്, സഹോദരിയുടെ മകൾ രണ്ടര വയസ്സുകാരി സഹ്റ, കണ്ണൂർ സ്വദേശി നൗഫിൽ എന്നിവരാണ് മരിച്ചത്. പ്രതിക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഷാരൂഖിനെ ഈ മാസം 20 വരെ റിമാൻഡ് ചെയ്തിരുന്നു. മുൻസിഫ് കോടതി ജഡ്ജ് എസ് വി മനേഷ് കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ നേരിട്ടെത്തിയാണ് കോടതി നടപടികള്‍ പൂർത്തിയാക്കിയത്. ഷാരൂഖിന് സാരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട്.
ഇന്നലെ കരൾ സംബന്ധമായ അസുഖം കണ്ടതിനെ തുടർന്നാണ് പരിശോധനക്കെത്തിച്ച ഷാരൂഖിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്. പ്രതിക്ക് ചോദ്യം ചെയ്യലിന് വിധേയനാകാൻ കഴിയുമെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു.