കോഴിക്കോട് ട്രെയിൻ തീവയ്പ് സംഭവവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പ്രതികളാരും ഇതുവരെ പിടിയിലായതായി വിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. എലത്തൂർ റെയിൽവേ സ്റ്റേഷനും സംഭവം നടന്ന സ്ഥലവും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
''സംഭവത്തിൽ അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത്. പ്രതിയെ തിരിച്ചറിഞ്ഞാൽ ശരിയായ വഴികളിലൂടെ അറിയിക്കും. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്. ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കും. റെയിൽവേ സുരക്ഷ ഉറപ്പുവരുത്തണം. ട്രെയിനിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പരിശോധനകള്‍ നടത്തേണ്ടതുണ്ട്''- മന്ത്രി പറഞ്ഞു.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംഭവത്തിൽ പരിശോധന നടത്തും. എൻഐഎ അന്വേഷണത്തിനും സാധ്യതയുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്താണ് 18 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
അപകടമുണ്ടായ രണ്ട് ബോഗികളിൽ കോഴിക്കോട് നിന്നുള്ള ഫോറൻസിക് സംഘവും കണ്ണൂരിൽ നിന്നുള്ള ഫോറൻസിക് സംഘവും പരിശോധിക്കുന്നുണ്ട്. ഡി1, ഡി2 ബോഗികളിലാണ് പരിശോധന നടത്തുന്നത്. അന്വേഷണ സംഘവും ഫോറൻസിക് സംഘത്തിനൊപ്പമുണ്ട്. റെയിൽവേ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന.
ബോഗികളിൽനിന്ന് കിട്ടുന്ന തെളിവുകൾ കേസിൽ നിർണായക രേഖയാവുമോയെന്നാണ് പരിശോധന. ഡി1 കോച്ചിലാണ് കൂടുതലും പെട്രോളിച്ച് കത്തിച്ചതിന്റെ പാടുകളുള്ളത്. ഒന്നുമുതൽ ആറുവരെ സീറ്റിലാണ് തീപടർന്നത്. അതേസമയം, ഡി2 കോച്ചിൽ രക്തക്കറയുമുണ്ട്. ഇത് അക്രമിയുടേതാണോ അതോ ആക്രമണത്തിൽ പരുക്കേറ്റവരുടേതാണോ എന്ന് ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ തിരിച്ചറിയാൻ കഴിയൂ. പരിശോധനയ്ക്കായി കോച്ചുകൾ മാറ്റിയിട്ടിരുന്നു.
ഇന്നലെയാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ ആക്രമണം നടന്നത്. പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പോലീസ് സ്റ്റേഷനിലാണ് ചിത്രം തയ്യാറാക്കിയത്. നോയിഡ സ്വദേശിയായ ഷഹറുഖ് സെയ്ഫിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.