ലൈംഗിക പീഡനക്കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ മൂവാറ്റുപുഴയിലെ വീട്ടില്‍ തിരിച്ചെത്തി. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഒരാഴ്ചയിലധികം നീണ്ടു നിന്ന ഒളിവ് ജീവിതം അവസാനിപ്പിച്ച് എല്‍ദോസ് കുന്നപ്പിള്ളില്‍ തിരികെയെത്തിയത്.
കുറ്റവിമുക്തനാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന് എംഎല്‍എ പ്രതികരിച്ചു. ''ഒളിവില്‍ പോയതല്ല, ജാമ്യാപേക്ഷ കോടതിക്ക് മുന്നിലുണ്ടായിരുന്നു. കേസില്‍ നിരപരാധിയാണെന്ന കാര്യം കോടതിയില്‍ തെളിയിക്കും. ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും.'' - എല്‍ദോസ് കുന്നപ്പിള്ളില്‍ പറഞ്ഞു.
''കേസുമായി ബന്ധപ്പെട്ട് കെപിസിസിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ഇനി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ് '' എല്‍ദോസ് കുന്നപ്പിള്ളില്‍ വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലായതിനാല്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എല്‍ദോസ് കുന്നപ്പിള്ളിലിന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഫോണും പാസ്‌പോര്‍ട്ടും കോടതിയില്‍ ഹാജരാക്കണം, സംസ്ഥാനം വിട്ട് പോകരുത്, ശനിയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം, സാമുഹ്യമാധ്യമങ്ങളില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ ഇടരുത് എന്നിങ്ങനെയാണ് ഉപാധികള്‍.
എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ചതില്‍ സങ്കടമുണ്ടെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.