സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം. യൂണിറ്റിന് 41 പൈസ ശരാശരി താരിഫ് വര്‍ധനയാകും ഉണ്ടാവുക. പുതിയ നിരക്ക് അടുത്ത മാസം ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടു ദിവസത്തിനുള്ളില്‍ നിരക്ക് വര്‍ധന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും.
നേരത്തേ തന്നെ നാലു വര്‍ഷത്തേക്ക് 41 പൈസയുടെ താരിഫ് വര്‍ധനയ്ക്ക് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കുകയും റഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍, നിരക്ക് വര്‍ധന നിര്‍ണയിക്കുന്നതില്‍ നിന്ന് റെഗുലേറ്ററി കമ്മീഷനെ തടയണമെന്ന ആവശ്യവുമായി ഹൈ ടെന്‍ഷന്‍, എക്സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ ഹൈക്കോടതിയെ സമീപച്ചതോടെയാണ് വര്‍ധനവിന് സാങ്കേതികമായി തടസമുണ്ടായത്. നിരക്ക് വര്‍ധന സംബന്ധിച്ച സ്റ്റേ മാറ്റുകയും നിരക്ക് വര്‍ധന നിര്‍ദ്ദേശം പരിഗണിക്കാമെന്ന് ഹൈക്കോടതി റെഗുലേറ്ററി കമ്മീഷന് കഴിഞ്ഞ ദിവസം ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു.
അതേസമയം, പെന്‍ഷന്‍ ഫണ്ടിലേക്കായി നീക്കുന്ന മാസ്റ്റര്‍ ട്രസ്റ്റ് ഫണ്ടിലെ 407 കോടി രൂപ ബാധ്യതയായി കണക്കാക്കി ഉപഭോക്താക്കളില്‍ നിന്ന് ചുമത്താനുള്ള നിര്‍ദ്ദേശം വൈദ്യുതി ബോര്‍ഡ് വെച്ചിരുന്നത് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. എന്നാല്‍, ബോര്‍ഡ് മുന്നോട്ടുവെച്ച 41 പൈസ വര്‍ധനയില്‍നിന്ന് പുതുക്കിയ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെട്ടില്ല. പുറത്തു നിന്ന് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങിയതിന്റേത് ഉള്‍പ്പെടെ ഒരു വര്‍ഷത്തെ കമ്മിയുടെ ഒരു ഭാഗം നികത്താനാണ് റെഗുലേറ്ററി കമ്മീഷന് മുമ്പാകെ ബോര്‍ഡ് പ്രൊപ്പോസല്‍ നല്‍കുന്നത്.