സുപ്രീംകോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം പൂര്‍ണമായി വിതരണം ചെയ്യണമെന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരമാകുന്നു. പുതുതായി 2972 ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചതായി കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. ജില്ലാ ഭരണകൂടത്തിന് മൂന്ന് മാസം മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 200 കോടി രൂപയില്‍ 111.46 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. 2017ല്‍ മുടങ്ങിയ നഷ്ടപരിഹാര വിതരണത്തിന് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ജീവന്‍ വെക്കുന്നത്. ദുരിത ബാധിതരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. 430 ദുരിത ബാധിതര്‍ ഇനിയും അപേക്ഷ നല്‍കാന്‍ ബാക്കിയുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. ഇവര്‍ എത്രയും വേഗം മതിയായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷ നല്‍കി ധനസഹായം കൈപ്പറ്റണമെന്നും കളക്ടര്‍ അറിയിച്ചു.
വര്‍ഷങ്ങളുടെ കാത്തിരിപ്പ് തുടരുന്നു
2010ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹരം നല്‍കണമെന്ന് ഉത്തരവിട്ടത്. എട്ട് ആഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം കൊടുത്തു തീര്‍ക്കണമെന്നായിരുന്നു കമ്മീഷന്റെ ഉത്തരവ്. എന്നാല്‍ അന്നത്തെ സര്‍ക്കാര്‍ നടപടികള്‍ കാര്യമായി നീക്കിയില്ല. ഉത്തരവ് കടലാസില്‍ മാത്രമായി ഒതുങ്ങിയപ്പോള്‍ എന്‍ഡോസള്‍ഫാന്‍ മുറിവേല്‍പ്ചിച്ച ജനത സമരവുമായി തെരുവിലിറങ്ങി. 2012 ലാണ് കേരള സമൂഹത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റും വിധം പ്രതിഷേധങ്ങളുടെ രൂപം മാറുന്നത്. അന്ന് കാസര്‍ഗോഡ് കളക്ടറേറ്റിന് മുന്നില്‍ നടത്തിയ അമ്മമാരുടെ സത്യാഗ്രഹം കേരളം ചര്‍ച്ച ചെയ്തു. 128 ദിവസമാണ് ദുരിതബാധിതരുടെ അമ്മമാര്‍ ജില്ലാഭരണാധികാരിയുടെ ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധ സ്വരമുയര്‍ത്തിയത്. 2013ല്‍ നഷ്ടപരിഹാരം ഗഡുക്കളായി വിതരണം ചെയ്യാന്‍ ആരംഭിച്ചു. എന്നാല്‍ അധിക നാള്‍ നീണ്ടു നിന്നില്ല. 2014ല്‍ ആദ്യമായി സമരവുമായി അവര്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലെത്തി. മുഖ്യമന്ത്രിക്ക് നേരെ കൈകൂപ്പി പ്രതിഷേധിച്ചു.
2017ലാണ് സുപ്രീംകോടതി ദുരിത ബാധിതര്‍ക്കാശ്വാസമായ വിധി പുറപ്പെടുവിച്ചത്. 5,000 ദുരിത ബാധിതര്‍ക്കായി 500 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സുപ്രീംകോടതി ഇടപെടലുണ്ടായി അഞ്ച് വര്‍ഷം കഴിയുമ്പോഴും നഷ്ടപരിഹാര പാക്കേജ് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനായില്ല
ഹെലികോപ്റ്ററില്‍ നിന്നും താഴേക്ക് സ്‌പ്രേ ചെയ്ത കീടനാശിനിയുടെ പരിണിതഫലം അനുഭവിക്കുന്നത് ജില്ലയിലെ 27 പഞ്ചായത്ത്, 2 മുനിസിപ്പാലിറ്റി പരിധിയിലുള്ളവരാണെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തല്‍. എന്നാല്‍ നഷ്ടപരിഹാര വിതരണത്തില്‍ കാലതാമസം വരുത്തുക മാത്രമല്ല, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പരിധിയിലെ 11 പഞ്ചായത്തുകളില്‍ മാത്രമേ നഷ്ടപരിഹാരം നല്‍കേണ്ടതുള്ളൂവെന്നും ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ വാദിച്ചു. ഇതിനെയും നിയമ പോരാട്ടത്തിലൂടെ മറികടന്നവരാണ് ദുരിത ബാധിതര്‍. നഷ്ടപരിഹാര വിതരണം മുടങ്ങിയപ്പോഴെല്ലാം അവര്‍ സമരരംഗത്തെത്തി. 2016 ല്‍, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ ചെയര്‍മാനായികൊണ്ടായിരുന്നു സെക്രട്ടറിയേറ്റിനു മുന്നിലെ സമരം. ഉറപ്പുകള്‍ നല്‍കി പതിവുപോലെ ദുരിതബാധിതരെ സര്‍ക്കാര്‍ അനുനയിപ്പിച്ചു. അപ്പോഴും അര്‍ഹമായ നഷ്ടപരിഹാരം പോലും ലഭിക്കാതെ വേദനയുടെ ലോകത്തായിരുന്നു അവര്‍.
2017 ലാണ് സുപ്രീംകോടതി ദുരിത ബാധിതര്‍ക്കാശ്വാസമായ വിധി പുറപ്പെടുവിച്ചത്. 5,000 ദുരിത ബാധിതര്‍ക്കായി 500 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സുപ്രീംകോടതി ഇടപെടലുണ്ടായി അഞ്ച് വര്‍ഷം കഴിയുമ്പോഴും നഷ്ടപരിഹാര പാക്കേജ് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നഷ്ടപരിഹാര വിതരണത്തിന് ചെറുതായെങ്കിലും വേഗം വച്ചുവെന്നാണ് പ്രതിഷേധക്കാര്‍ ഇപ്പോള്‍ പറയുന്നത്.
ചികിത്സയ്ക്കും വേണം ശാശ്വത പരിഹാരം
'വിമല എന്ന അമ്മ നഷ്ടപരിഹാരം കിട്ടാഞ്ഞിട്ടല്ല മകളെയും കൊന്ന് ആത്മഹത്യ ചെയ്തത്'. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി ശബ്ദമുയര്‍ത്തുന്നവരുടെ വാക്കുകളാണിത്. എന്‍ഡോസള്‍ഫാന്‍ വിഷം തീണ്ടിയ ജീവിതത്തോട് പൊരുതുകയായിരുന്നു പനത്തടി പഞ്ചായത്തിലെ ഓട്ടമല ചാമുണ്ഡിക്കുന്നില്‍ സ്വദേശി വിമലകുമാരി. ഒന്നും രണ്ടുമല്ല, മകള്‍ ജനിച്ച അന്നുതൊട്ട് 28 വര്‍ഷത്തെ നീറ്റല്‍. ഒടുവില്‍ വേദനകള്‍ എന്നെന്നേക്കുമായി മറക്കാനായി 28 കാരിയായ മകള്‍ രേഷ്മയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ഈ അമ്മ. ചികിത്സയും പരിചരണവും ഉത്തരമില്ലാ ചോദ്യമായി മുന്നില്‍ നിന്നപ്പോഴാണ് ഇവര്‍ക്ക് ജീവിക്കാന്‍ മറ്റ് വഴികളില്ലാതായത്.
ഇത് വിമലയുടെ മാത്രം പ്രശ്‌നമല്ല. വിഷ മഴയുടെ ദുരിതവും പേറി ജീവിക്കുന്ന ഓരോ മനുഷ്യ ജീവനുകളുടെയും മനസില്‍ അവശേഷിക്കുന്ന ചോദ്യമാണ്.
നഷ്ടപരിഹാര കണക്ക് തീര്‍ത്ത് കൈകഴുകാതെ ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ദുരിത ബാധിതരുടെ ആവശ്യം
പരിമിതമായ ആരോഗ്യ സംവിധാനങ്ങള്‍ മാത്രമുള്ള കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിത്സയാണ് ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നം. 2017 ല്‍ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട സുപ്രീം കോടതി അന്ന് മറ്റൊരു കാര്യം കൂടി വ്യക്തമാക്കിയിരുന്നു. എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടാകുന്ന അസുഖങ്ങള്‍ ചികിത്സിക്കാന്‍ മെഡിക്കല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും സാമൂഹിക-സാമ്പത്തിക ക്ഷേമം, പുനരധിവാസം, ശാക്തീകരണം എന്നിവയില്‍ പരിഹാര പദ്ധതികളും നടപ്പാക്കണമെന്നുമായിരുന്നു അത്. നഷ്ടപരിഹാര കണക്ക് തീര്‍ത്ത് കൈകഴുകാതെ ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ദുരിത ബാധിതരുടെ ആവശ്യം.