കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ തോമസ് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായി ആവര്‍ത്തിച്ച് ഇ ഡി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അന്വേഷണ നടപടികളില്‍ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിട്ടില്ലെന്നും അതിനാലാണ് ഐസക്കിന് സമന്‍സ് അയച്ചതെന്നും ഇ ഡി വ്യക്തമാക്കി.
എന്തിനാണ് പുതിയ സമന്‍സ് നല്‍കിയതെന്ന് ഇ ഡി വ്യക്തമാക്കണമെന്നായിരുന്നു തോമസ് ഐസക്കിന്റെ അഭിഭാഷകന്റെ ആവശ്യം. ഇ ഡി നടപടികളില്‍നിന്ന് ഒഴിഞ്ഞുമാറുന്ന ഐസക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കോടതിയെയും അധികാരികളെയും വെല്ലുവിളിക്കുകയാണെന്ന് ഇ ഡി കോടതിയില്‍ പറഞ്ഞു.
ഐസക്കിന്റെ മൊഴി എടുത്തെങ്കില്‍ മാത്രമേ മറ്റ് ചിലര്‍ക്ക് സമന്‍സ് അയയ്ക്കാന്‍ കഴിയൂ. അന്വേഷണം പൂര്‍ത്തിയാകണമെങ്കില്‍ ഐസക്കിന്റെ മൊഴിയെടുക്കണമെന്നും ഇ ഡി കോടതിയെ അറിയിച്ചു. മസാല ബോണ്ട് ഇടപാട് സംബന്ധിച്ച് തീരുമാനമെടുത്ത പ്രധാന വ്യക്തി ഐസക്കാണ്. കിഫ്ബി ഹാജരാക്കിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി, ജനറല്‍ ബോഡി മിനുറ്റ്‌സുകളില്‍ ഇക്കാര്യം വ്യക്തമാണ്. മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കില്‍ ഐസക്കിന്റെ മൊഴിയെടുക്കല്‍ അനിവാര്യമാണ്. അതോടൊപ്പം മസാല ബോണ്ട് ഇടപാടുകളില്‍ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയും പ്രധാനമെന്നും ഇ ഡി കോടതിയെ അറിയിച്ചു.
ഇ ഡി സമന്‍സ് ചോദ്യം ചെയ്ത് കിഫ്ബിയും തോമസ് ഐസക്കും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവുമായി കിഫ്ബി സഹകരിക്കുന്നുണ്ടല്ലോയെന്ന് ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി ചൂണ്ടികാട്ടി. പുതിയ സമന്‍സിന്മേല്‍ മറുപടി നല്‍കാന്‍ ഇ ഡി സാവകാശം തേടി.
കിഫ്ബിയുടെയും തോമസ് ഐസക്കിന്റെയും ഹര്‍ജികള്‍ മേയ് 22-ന് പരിഗണിക്കാന്‍ മാറ്റി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് തോമസ് ഐസക്കിന് ഇ ഡി നേരത്തെ രണ്ട് തവണ സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ തോമസ് ഐസക് ഇതുവരെ ഹാജരായിട്ടില്ല. ഇ ഡിക്കു മുന്നില്‍ ഹാജരാകേണ്ടതില്ലെന്നാണ് തോമസ് ഐസക്കിന്റെ നിലപാട്.