പാലക്കാട്ടെ ഇടതു സ്വതന്ത്രസ്ഥാനാര്‍ഥി പി സരിനെ പുകഴ്ത്തി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്. സരിന് ഉത്തമനായ ചെറുപ്പക്കാരനാണെന്നും പാലക്കാടിന് ലഭിച്ച മികച്ച സ്ഥാനാര്‍ഥിയാണെന്നും പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ ജയരാജന് വ്യക്തമാക്കി. സരിന്റേത് ഇടതുപക്ഷ മനസാണ്, കൂടാതെ നിസ്വാര്‍ഥ സേവനം നടത്തുന്നയാളുമാണ്.
തന്റെ ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്, ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഒരു ഡിസി ബുക്ക്സിനേയും പ്രസിദ്ധീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ല. കവര്‍ പേജ് താന്‍ ഇതുവരെ കണ്ടിട്ടില്ല. ഇന്നത്തെ സാഹചര്യത്തില്‍ തന്റെ ആത്മകഥ ഉടന്‍ പ്രസിദ്ധീകരിക്കും. ഇപ്പോഴത്തെ സംഭവത്തില്‍ എന്തോ വഴിവിട്ട കാര്യങ്ങള്‍ നടന്നിട്ടുണ്ട്. അത് അന്വേഷിക്കാനാണ് പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഞാന്‍ എഴുതിയ കാര്യങ്ങളല്ല മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജില്‍ ഇത്തരമൊരു വാര്‍ത്ത വരുന്നത് നിസാരകാര്യമല്ല, തിരഞ്ഞെടുപ്പ് ദിവസം ഇത്തരം വാര്‍ത്തകള്‍ വന്നത് ആസൂത്രിതമാണെന്നും ജയരാജന്.
ജാവഡേക്കറിനെ ഒന്നരവര്‍ഷം മുന്‍പ് കണ്ട സംഭവത്തെ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് ദിനത്തിനു തൊട്ടുമുന്‍പ് കണ്ടെന്ന തരത്തില്‍ ആസൂത്രിതമായി മാധ്യമങ്ങള്‍ വാര്‍ത്ത നല്കി. അതുപോലെയാണ് ഇപ്പോഴത്തെ ആത്മകഥ വിവാദമെന്നും ജയരാജന് പറഞ്ഞു.