ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തെ കലുഷിതമാക്കിയ ഇ പി ജയരാജന്‍ ബിജെപി ചര്‍ച്ചാ വിവാദം നിയമപ്പോരാട്ടത്തിലേക്ക്. ആരോപണം ഉന്നയിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്രകമ്മറ്റിയംഗവുമായ ഇ പി ജയരാജന്‍ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ചു.
ആരോപണം തന്നെയും പാര്‍ട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗംഇ പി ജയരാജന്‍
ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കണമെന്നും, അല്ലാത്ത പക്ഷം സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. അഡ്വ. എം രാജഗോപാലന്‍ നായര്‍ മുഖേന ഇ പി ജയരാജന്റെ ഇടപെടല്‍.
തന്നെയും പാര്‍ട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്നും ഇ പി വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. പത്രങ്ങളിലും വാര്‍ത്താചാനലുകളിലും നല്‍കിയ അഭിമുഖങ്ങളിലും പ്രതികരണങ്ങളിലും അപവാദം പ്രചരിപ്പിച്ചു. ഇ പി ജയരാജന്‍ ബിജെപി യില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭാ സുരേന്ദ്രന്റെ വാദം പച്ച നുണയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 60 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇ പി ജയരാജന്റെ പാര്‍ട്ടി കൂറും പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയും ആര്‍ക്കും ചോദ്യം ചെയ്യാനാവാത്തതാണ്.
തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഉപതെരഞ്ഞെടുപ്പ് സമയത്തടക്കം മുന്‍പും ഇത്തരം ഗൂഢനീക്കങ്ങള്‍ നടന്നിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവം ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും നോട്ടീസില്‍ ആരോപിക്കുന്നു.
ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ശോഭാ സുരേന്ദ്രന് എതിരെ വിവാദ ദല്ലാള്‍ ടിജി നന്ദകുമാര്‍ ഉന്നയിച്ച സാമ്പത്തിക ക്രമക്കേട് ആരോപണമായിരുന്നു ഇ പി ജയരാജനിലേക്ക് എത്തിയത്. പിണറായി വിജയനോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിന് തന്നെ വന്ന് കണ്ടയാളാണ് ടി ജി നന്ദകുമാറെന്നായിരുന്നു ശോഭ സുരേന്ദ്രന്‍റെ ആക്ഷേപം.
കേരളം സുപ്രധാനമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങിലേക്ക് നീങ്ങുന്നതിനിടെ ആയിരുന്നു ഇ പി ജയരാജന് നേരെ ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തല്‍ നടത്തുന്നത്. ശോഭ സുരേന്ദ്രന്‍ പറഞ്ഞ നേതാവ് ഇപി ജയരാജന്‍ ആണെന്ന നിലയില്‍ ഇന്ന് രാവിലെ മുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനായിരുന്നു ഇ പി ജയരാജന്റെ പേര്‍ ആദ്യം ഉന്നയിച്ചത്.
ഗള്‍ഫില്‍ വെച്ചാണ് ഇ.പി ജയരാജനും ബി.ജെ.പി നേതൃത്വവും തമ്മില്‍ ആദ്യ ചര്‍ച്ച നടന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഈ ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ രംഗത്തെത്തുകയും ചെയ്തിരുന്നു. തനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമൊന്നുമില്ല. അവർക്കെതിരെ പൊരുതി വന്നവനാണ് താനെന്നും ഇപി കൂട്ടിച്ചേർത്തു. കെ സുധാകരനെതിരെ വക്കീൽ നോട്ടീസ് അയയ്ക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.