KERALA

അരിവാള്‍ രോഗം നിർമാർജനം; കേന്ദ്ര ബജറ്റ് ആശ്വാസകരം

സർക്കാർ പദ്ധതി വരുന്നതോടെ രോഗികളെ കണ്ടെത്തുക കൂടുതൽ എളുപ്പമാകും

ദ ഫോർത്ത് - കോഴിക്കോട്

അരിവാൾ രോഗം 2047 ഓടെ രാജ്യത്ത് നിന്ന് നിർമാർജനം ചെയ്യുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം അരിവാൾ രോഗ ബാധിതർക്കും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവർക്കും ഏറെ ആശ്വാസം പകരുന്നതാണ്. സംസ്ഥാനത്ത് രണ്ടായിരത്തോളം അരിവാൾ രോഗബാധിതരുണ്ടെന്നാണ് കണക്കുകൾ. രോഗ നിർണയത്തിന് ആദിവാസി മേഖലകളിലെ 40 വയസ് വരെ പ്രായമുള്ള ഏഴ് കോടി ആളുകളെ പരിശോധിക്കുമെന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കിയത്.

അരിവാൾ രോഗ നിർമാർജനത്തിനുള്ള പദ്ധതി ആദ്യമായാണ് കേന്ദ്ര ബജറ്റിൽ ഇടം പിടിക്കുന്നത്. രോഗനിർണയത്തിന് വ്യാപകമായി പരിശോധന നടത്തുന്നതിനൊപ്പം ബോധവത്കരണ പരിപാടികളും നടത്തുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം അഭിനന്ദനാർഹമാണെന്ന് രോഗബാധിതരുടെ കൂട്ടായ്മയായ സിക്കിൾ സെൽ പേഷ്യന്‍റ്സ് അസോസിയേഷൻ വ്യക്തമാക്കി. രോഗം നിർമാർജനം ചെയ്യുക സങ്കീർണമായ കാര്യമാണ്. അതിന് ശാസ്ത്രീയമായ സമീപനം എന്ന ആശയം മുന്നോട്ട് വച്ച കേന്ദ്ര സർക്കാരിന് നന്ദി അറിക്കുന്നതായി സിക്കിൾ സെൽ പേഷ്യന്‍റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ഡി സരസ്വതി ‘ദ ഫോർത്തി’നോട് പറഞ്ഞു.

അരിവാൾ രോഗ നിർമാർജ്ജനത്തിനുള്ള പദ്ധതി ആദ്യമായാണ് കേന്ദ്ര ബജറ്റിൽ ഇടം പിടിക്കുന്നത്

അരിവാൾ രോഗികളുടെ ക്ഷേമത്തിനായി 24 വർഷമായി ഈ മേഖലയിൽ താൻ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഗൗരവത്തോടെ സർക്കാർ വിഷയത്തെ സമീപിക്കുന്നുവെന്ന തോന്നൽ ഇപ്പോഴുണ്ടായെന്നും ബോധവത്കരണത്തിന് സർക്കാർ മുന്നിട്ടിറങ്ങുന്നത് രോഗികളുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും സി ഡി സരസ്വതി വ്യക്തമാക്കി. രോഗികളായ ആളുകൾ തന്നെയാണ് ഇപ്പോൾ ബോധവത്കരണത്തിന് മുന്നിട്ടിറങ്ങുന്നത്. രോഗികളുടെ കൂട്ടായ്മക്ക് ഇക്കാര്യത്തിൽ പരിമിതികളുണ്ട്. സർക്കാർ പദ്ധതി വരുന്നതോടെ രോഗികളെ കണ്ടെത്തുക കൂടുതൽ എളുപ്പമാകുമെന്നും സരസ്വതി കൂട്ടിചേർത്തു.

2010 ന് ശേഷം അരിവാൾ രോഗ ബാധിതരെ കണ്ടെത്താനുള്ള സ്ക്രീനിങ് നടന്നിട്ടില്ല. ബജറ്റ് പ്രഖ്യാപനം വേഗത്തിൽ സ്ക്രീനിങ് നടക്കാൻ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അരിവാൾ രോഗികളുടെ കൂട്ടായ്മ പ്രത്യാശ പ്രകടിപ്പിക്കുന്നു. അതോടൊപ്പം തന്നെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള വയനാട്ടിൽ അരിവാൾ രോഗ ഗവേഷണ കേന്ദ്രത്തിന്‍റെ പ്രവർത്തനം വേഗത്തിൽ ആരംഭിക്കാൻ നടപടി ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെടുന്നു. 2021 ഫെബ്രുവരി 14 ന് മാനന്തവാടിക്കടുത്ത ബോയ്സ് ടൗണിൽ ഗവേഷണ കേന്ദ്രത്തിന് തറകല്ലിട്ടിരുന്നെങ്കിലും തുടർ നടപടി ഒന്നും ഉണ്ടായിട്ടില്ല. രോഗികൾക്ക് തിരിച്ചറിയൽ കാർഡും രോഗം ബാധിച്ച മുഴുവൻ ആളുകൾക്കും സാമൂഹ്യ ക്ഷേമ പെൻഷനും രോഗബാധിതരുടെ കൂട്ടായ്മ വർഷങ്ങളായി ഉയർത്തുന്ന ആവശ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഇതൊന്നും ഇനിയും നടപ്പായിട്ടില്ല. കേന്ദ്രാവിഷ്കൃത പദ്ധതി വരുന്നത് ഇക്കാര്യങ്ങളും വേഗത്തിലാക്കുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പ്രതീക്ഷിക്കുന്നത്.

ആയിരത്തിലധികം രോഗികളാണ് വയനാട് ജില്ലയിൽ സിക്കിൾ സെൽ അനീമിയ ബാധിച്ചവരായി സർക്കാരിന്റെ കണക്കുകളിലുള്ളത്. ഇതിൽ 700 ഓളം രോഗികൾ പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽവരുന്നവരാണ്. ഗോത്ര വിഭാഗത്തിൽപ്പെടുന്ന പണിയ, കുറുമ, കാട്ടുനായ്ക്ക വിഭാഗത്തിലുള്ളവരിലാണ് ആദ്യകാലത്ത് സിക്കിൾ സെൽ അനീമിയ കൂടുതൽ റിപ്പോർട്ട് ചെയ്തിരുന്നത്. പൊതുവിഭാഗത്തിൽ വയനാടൻ ചെട്ടി സമുദായത്തിലാണ് കൂടുതൽ രോഗികളുള്ളത്. പൊതുവിഭാഗത്തിൽ ഇപ്പോൾ ക്രിസ്ത്യൻ , മുസ്ലീം മതവിഭാഗത്തിൽപ്പെടുന്നവരിലും രോഗബാധിതരുള്ളതായി പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. ക്ഷീണവും, സന്ധികളിലെ കഠിന വേദനയും ഉണ്ടാകുമെന്നതിനാൽ രോഗികൾക്ക് ഭാരിച്ച ജോലികൾ ചെയ്യാൻ കഴിയില്ല. വയനാട് ജില്ലക്ക് പുറമെ മലപ്പുറം, പാലക്കാട് , കണ്ണൂർ ജില്ലകളിലും സിക്കിൾ സെൽ രോഗികളുണ്ടെന്നാണ് കണക്കുകൾ.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം