വീണ്ടും അസാധാരണ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച് സീറോ മലബാര്‍ സഭ. എറണാകുളം- അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കാനായി വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ സിനഡിന് മുന്‍പ് സിനഡ് തീരുമാനമെന്ന പേരില്‍ സര്‍ക്കുലര്‍ പുറത്തിറങ്ങിയതാണ് പുതിയ വിവാദത്തിനിടയാക്കിയത്.
ജൂണ്‍ നാലിനാണ് ഓണ്‍ലൈന്‍ സിനഡ് വിളിച്ച് ചേര്‍ക്കാന്‍ മേജര്‍ ആര്‍ച്ച് ബിഷപ് സര്‍ക്കുലര്‍ ഇറക്കിയത്. ഈ മാസം 14 ന് സിനഡ് ചേരുമെന്നും ഏക അജണ്ട എറണാകുളം- അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം മാത്രമാണെന്നും കാട്ടി സീറോ- മലബാര്‍ സഭ ആസ്ഥാനത്ത് നിന്ന് വാര്‍ത്താകുറിപ്പ് പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇന്നലത്തെ തീയതിവച്ച് മൗണ്ട് സെന്റ് തോമസില്‍ നിന്ന് കൂരിയ തയ്യാറാക്കിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെയും പേരിലുള്ള സര്‍ക്കുലര്‍ സീറോ മലബാര്‍ സഭ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് എത്തി. സിനഡ് ചേരുകയോ, ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നതിന് മുന്‍പുതന്നെ സിനഡ് തീരുമാനമെന്ന പേരില്‍ സര്‍ക്കുലര്‍ പുറത്തിറക്കിയതില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെ ഈ കരട് പ്രചരിക്കുന്നത് തടയാനുള്ള ശ്രമം കൂരിയ ആരംഭിച്ചു. ഫോണിലൂടെയും നേരിട്ടും ഈ കരട് രൂപം കൈയിലുള്ളരെ ബന്ധപ്പെട്ട വൈദികര്‍ അവ ഗ്രൂപ്പുകളില്‍ ഇടരുതെന്ന് നിര്‍ദ്ദേശിച്ചു. ഇത്തരം സമര്‍ദങ്ങളുടെ ശബ്ദ സന്ദേശങ്ങളും ചോര്‍ന്ന സര്‍ക്കുലറും ദ ഫോര്‍ത്തിന് ലഭിച്ചു.
വത്തിക്കാന്‍ നിര്‍ദേശപ്രകാരം സഭാ സിനഡ് ചേര്‍ന്ന് കുര്‍ബാന തര്‍ക്കം ചര്‍ച്ച ചെയ്തതിനു ശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്ററുടെയും പേരില്‍ സര്‍ക്കുലര്‍ ഇറക്കാന്‍ തീരുമാനിച്ചിരുന്ന തീയതി ജൂണ്‍ 15 ആയിരുന്നു. ഈ മാസം 16 ന് എല്ലാ പള്ളികളിലും ഈ സര്‍ക്കുലര്‍ വായിക്കാന്‍ കഴിയുന്ന രീതിയില്‍ എത്തിക്കാനുമായിരുന്നു തീരുമാനം. ഇതിന്‍പ്രകാരം തയ്യാറാക്കിയ സര്‍ക്കുലറിന്റെ കരടില്‍ വച്ചിരുന്നതും ഈ തീയതിയാണെന്ന് കാണാം.
എന്നാല്‍ കാര്യങ്ങള്‍ വിവാദമായതോടെ 9/ 6/ 2024 എന്ന പുതിയ തീയതി രേഖപ്പെടുത്തി ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ സര്‍ക്കുലറായി തീരുമാനം പുറത്തിറക്കുകയായിരുന്നു.
ഓണ്‍ലൈന്‍ സിനഡിന്റെ തീയതി മാറ്റിയതായി മറ്റൊരറിയിപ്പും ആര്‍ക്കും നല്‍കിയിട്ടുമില്ല. എന്നാല്‍ സിനഡ് ചേര്‍ന്ന് അംഗീകാരം നല്‍കുന്നതിന് മുന്‍പേ അച്ചടക്ക നടപടി നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലറിന്റെ പി ഡി എഫ് രൂപം പുറത്തുവന്നത് സഭാ നേതൃത്വത്തിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്ന് ആരോപണം ഉയരുന്നു. സിനഡിനെ നോക്കുകുത്തിയാക്കി മൗണ്ട് സെന്റ് തോമസിലെ കൂരിയ നടത്തുന്ന നീക്കങ്ങളില്‍ വത്തിക്കാനും അമര്‍ഷം ഉണ്ട്.
സര്‍ക്കുലര്‍ പ്രകാരം
എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്ക് അന്ത്യശാസനം നല്‍കി മേജര്‍ ആര്‍ച്ച് ബിഷപ്പ്.
ജൂലൈ മൂന്നിന്‌ശേഷം ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുന്നവര്‍ സഭയ്ക്ക് പുറത്തെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ്.
ജൂലൈ മൂന്ന് എന്ന സീറോ മലബാര്‍ സഭാ ദിനത്തില്‍ എറണാകുള അങ്കമാലി അതിരൂപത പൂര്‍ണ സിനഡ് കുര്‍ബാനയിലേക്ക് മാറണം.
മാറാത്തവര്‍ക്കെതിരെ കടുത്ത നടപടി
വൈദികര്‍ക്ക് കൂദാശ മുടക്ക് പ്രഖ്യാപിച്ചു.
ഇടവകകള്‍ പിടിച്ചെടുക്കുമെന്ന് സൂചന. അനുസരിക്കാത്ത വൈദികര്‍ക്ക് പള്ളികളും സ്ഥാപനങ്ങളും ഭരിക്കാന്‍ അധികാരം ഉണ്ടാകില്ല.
ഈ നടപടികള്‍ ഉണ്ടാകുമെന്ന് ദ ഫോര്‍ത്ത് നേരത്തേതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ തീരുമാനം എറണാകുളം - അങ്കമാലി അതിരൂപത നടപ്പാക്കുമോ എന്ന കാര്യം കണ്ടറിയണം. നടപ്പാക്കാതിരുന്നാല്‍ കേരള കത്തോലിക്ക സഭ കണ്ട ഏറ്റവുംവലിയ പിളര്‍പ്പിനാകും ഈ തീരുമാനം ഇടയാക്കുക. യാക്കോബായ - ഓര്‍ത്തഡോക്‌സ് രീതിയിലുള്ള പള്ളി പിടിച്ചെടുക്കല്‍ അടക്കം ഉണ്ടാകാം. വൈദികര്‍ക്ക് കൂദാശ മുടക്ക് വരുന്നതോടെ മറ്റ് രൂപതകളില്‍ നിന്നുള്ള സീറോ മലബാര്‍ വിശ്വാസികളും എറണാകുളം അതിരൂപതയിലെ വിശ്വാസികളും തമ്മിലുള്ള വിവാഹം അടക്കമുള്ള കൂദാശ നടത്തിപ്പുകളും സങ്കീര്‍ണമാകും.