KERALA

അധികാര പരിധി വലുതാണ്, സീറോ മലബാര്‍ സഭ പിടിക്കണം; ഏറ്റുമുട്ടലിനൊരുങ്ങി എറണാകുളം-ചങ്ങനാശേരി ചേരികള്‍

ഇത്തവണമുതല്‍ സീറോ-മലബാര്‍ സഭ ആര്‍ച്ച് ബിഷപ് സ്ഥാനം പാത്രിയര്‍ക്കീസ് സ്ഥാനത്തിന് വഴിമാറുമെന്ന് ഉറപ്പായതോടെയാണ് എന്തുവിലകൊടുത്തും അധികാരം പിടിക്കാന്‍ ഇരുചേരികളും കച്ചമുറുക്കുന്നത്

അനിൽ ജോർജ്

സീറോ മലബാര്‍ സഭയില്‍ അധികാരം പിടിക്കാന്‍ എറണാകുളം-ചങ്ങനാശേരി ചേരികളുടെ മത്സരനീക്കം. ഇത്തവണമുതല്‍ സീറോ-മലബാര്‍ സഭ ആര്‍ച്ച് ബിഷപ് സ്ഥാനം പാത്രിയര്‍ക്കീസ് സ്ഥാനത്തിന് വഴിമാറുമെന്ന് ഉറപ്പായതോടെയാണ് എന്തുവിലകൊടുത്തും അധികാരം പിടിക്കാന്‍ ഇരുചേരികളും കച്ചമുറുക്കുന്നത്. സഭയുടെ ചരിത്രത്തിലെ ആദ്യ പാത്രിയര്‍ക്കീസ് സ്ഥാനം ചരിത്രത്തില്‍ ഇടംപിടിക്കുമെന്നതാണ് ഇതിനു കാരണം. കൂടാതെ എറണാകുളം - അങ്കമാലി മേജര്‍ അതിരൂപതയുടെ ഭരണത്തിനു പകരം ഇന്ത്യ മുഴുവന്‍ അധികാരമുള്ള കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ ഭരണം ലഭിക്കുമെന്നതും മത്സരത്തിന് വാശികൂട്ടുന്നു.

ചങ്ങനാശേരി ചേരി നേതൃത്വം നല്‍കുന്ന കല്‍ദായ പക്ഷത്തിന് സിനഡില്‍ ഭൂരിപക്ഷമുണ്ടെങ്കിലും സഭാതലവനെ കണ്ടെത്താന്‍ വേണ്ട മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇല്ല എന്നത് അവര്‍ക്ക് തിരിച്ചടിയാണ്. ഇത്തവണ സീറോ - മലബാര്‍ സഭയുടെ എല്ലാ മെത്രാന്‍ മാര്‍ക്കും വോട്ടുണ്ടാകില്ല. കഴിഞ്ഞ വര്‍ഷമാണ് പൗരസ്ത്യ സഭകളുടെ സിനഡിലെ വോട്ടവകാശമുള്ള അംഗങ്ങളുടെ പ്രായം 80 വയസാക്കി മാര്‍പാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

അതിനാല്‍ നിലവില്‍ ഈ പ്രായപരിധിയില്‍ ഉള്ളത് 54 പേരാണ്. ഇതില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം രാജിവച്ച കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സിനഡില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. വത്തിക്കാന്‍ നിര്‍ബന്ധിത രാജിയിലൂടെ പുറത്താക്കിയ കരിയില്‍ മെത്രാപോലീത്തക്ക് സിനഡില്‍ പ്രവേശനം ഉണ്ടോ എന്നതില്‍ ഉറപ്പില്ല. കഴിഞ്ഞ സിനഡില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. സന്യാസത്തിനായി സ്വയം രാജിവെച്ചൊഴിഞ്ഞ പാലാ രൂപത സഹായ മെത്രാന്‍ ജേക്കബ് മുരിക്കന്‍ പങ്കെടുക്കുമോ എന്നതിലും തീര്‍ച്ചയില്ല.

അങ്ങനെയെങ്കില്‍ സിനഡിലെ വോട്ട് പ്രകാരം മേജര്‍ ആര്‍ച്ച്ബിഷപ്പ് ആകാന്‍ 33 വോട്ടുകള്‍ സമാഹരിക്കണം. നിലവിലെ സാഹചര്യത്തില്‍ 27 ഉറച്ച വോട്ടുകളാണ് കല്‍ദായ പക്ഷത്തുള്ളത്. മറുചേരിയില്‍ നിന്ന് ഏഴു വോട്ടുകള്‍ കൂടി മറിക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍.

കല്‍ദായ ലോബിയില്‍ പാത്രിയര്‍ക്കീസ് സ്ഥാനത്തേക്ക് പ്രഥമ പരിഗണന പാലാ മെത്രാന്‍ ജോസഫ് കല്ലറങ്ങാടിനാണ്. അദ്ദേഹം ഒഴിഞ്ഞു മാറിയാല്‍ കല്‍ദായ വിഭാഗത്തെ നയിക്കേണ്ട ഉത്തരവാദിത്വം കല്യാണ്‍ രൂപത മെത്രാന്‍ തോമസ് ഇലവനാലില്‍ വന്നു ചേരും. ഇലവനാലിനെ മുന്‍ നിര്‍ത്തി കേരളത്തിന് പുറത്തുള്ള രൂപതകളിലെ വോട്ടുകള്‍ സമാഹരിക്കാനുള്ള ഉദ്ദേശം കൂടി ഈ നീക്കത്തിനു പിന്നിലുണ്ട്.

എന്നാല്‍ കടുത്ത മല്‍സരത്തിന് എറണാകുളം ലോബി തയാറാക്കുകയും, ആരും ജയിക്കാത്ത സാഹചര്യം ഉണ്ടായാല്‍ വിരമിച്ച കാഞ്ഞിരപ്പള്ളി മെത്രാന്‍ മാര്‍. മാത്യു അറയ്ക്കലാകും ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥി. ചെറിയ ഒരു കാലയളവിലേക്കായി ഒരാളെ തിരത്തെടുക്കുന്നതിനോട് ഭൂരിപക്ഷം പേരും യോജിക്കുന്നുണ്ട്. തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസ് പാംപ്ലാനി, ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ തോമസ് തറയില്‍ എന്നിവരുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

എറണാകുളം നേതൃത്വം നല്‍കുന്ന കല്‍ദായ വിരുദ്ധ ചേരിയാകട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോലെ വോട്ട് ഭിന്നിച്ച് പോകാതിരിക്കാനുള്ള ശ്രമത്തിലാണ്. അന്ന് മൂന്നുപേരായിരുന്നു ഈ ചേരിയില്‍ നിന്ന് മല്‍സരിച്ചത്. ഇത്തവണ അങ്ങനെ സംഭവിക്കരുതെന്ന നിര്‍ബന്ധമുണ്ട്. പ്രഥമ പരിഗണന ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടനാണ്. രാമനാഥപുരം ബിഷപ്പ് പോള്‍ ആലപ്പാട്ടാണ് മറ്റൊരു പ്രധാനപേര്. ആലപ്പാട്ടിനെ നേതൃത്വത്തിലേക്കു കൊണ്ടുവരിക വഴി ഇടഞ്ഞുനില്‍ക്കുന്ന തൃശൂര്‍ പ്രവിശ്യയിലെ വോട്ടുകള്‍ ഒപ്പം നിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്. ചാന്ദാ ബിഷപ്പ് അപ്രേം നരിക്കുളവും , രാജ്‌കോട്ട് രൂപത ബിഷപ്പ് ജോസ് ചിറ്റൂ പറമ്പിലും എറണാകുളത്തിന്റെ ലിസ്റ്റില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. ഈ മേഖലയില്‍ നിന്ന് യൂറോപ്പിന്റെ ചുമതലയുള്ള ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് ഇടം നേടിയേക്കും.

സീറോ മലബാര്‍ സഭക്ക് ആകെ 35 രൂപതകളാണുള്ളത്. അതില്‍ 22 ഉം കേരളത്തിന് പുറത്താണ്. ഇതില്‍ നാലെണ്ണം ഇന്ത്യക്ക് പുറത്താണ്. അതിനാല്‍ വോട്ടിങ്ങില്‍ കേരളത്തിന് പുറത്തുള്ള മെത്രാന്മാര്‍ മറ്റ് താല്‍പര്യങ്ങള്‍ മാറ്റി ഒന്നിച്ച് നീങ്ങിയാല്‍ വോട്ട് സമവാക്യം മാറും. കഴിഞ്ഞ തവണ നിര്‍ണായകമായത് ഇത്തരം നീക്കമായിരുന്നു. മെത്രാന്മാരില്‍ 14 പേര്‍ വിവിധ സന്യാസ സമൂഹങ്ങളില്‍പ്പെട്ടവരാണ് ഇവരും ഇത്തരത്തില്‍ കുറുമുന്നണിയുണ്ടാക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ തവണ കല്‍ദായ പക്ഷത്തിനൊപ്പം നിലകൊണ്ട സി.എം.ഐ. സഭ കരിയില്‍ വിഷയത്തിലുള്ള നിലപാട് മൂലം ഇത്തവണ എതിര്‍പക്ഷത്താണ്. എന്നാല്‍ ഇവരുടെ വോട്ട് കഴിഞ്ഞ തവണത്തെക്കാള്‍ പകുതിയായി കുറഞ്ഞിട്ടുണ്ട്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം