മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തതിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി. ഓൺലൈനിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചുവെന്ന കേസിൽ ജാമ്യം ലഭിക്കുന്നതിനായി ഹൈക്കോടതിയുടെ നിർദേശപ്രകാരം മലപ്പുറം നിലമ്പൂർ പോലീസിന് മുന്നിൽ ഹാജരായ ഷാജൻ സ്കറിയയെ തൃക്കാക്കര പോലീസ് എത്തി മറ്റൊരു കേസിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോലീസിനെ രൂക്ഷമായി വിമർശിച്ച എറണാകുളം സെഷൻസ് കോടതി ഹാജൻ സ്കറിയയ്ക്ക് ജാമ്യം അനുവദിച്ചു. നിയമ വ്യവസ്ഥയെ പരിഹസിക്കുകയാണ് പോലീസ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.
ഹൈക്കോടതിയുടെ നിർദേശപ്രകാരം നിലമ്പൂർ പോലീസിന് മുന്നിൽ ഷാജൻ സ്കറിയ ഹാജരായത് കോടതി ഉത്തരവിന്റെ സംരക്ഷണം ലഭിച്ചുവെന്ന വിശ്വാസത്തിലാണ്. വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് തൃക്കാക്കര പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതിയുടെ പരിഗണനയിലിരിക്കുകയായിരുന്നു. ഷാജനെ അറസ്റ്റ് ചെയ്തതായും ഇനി ഹർജി നിലനിൽക്കില്ലെന്നും പോലീസ് അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ വിമർശനം.
പോലീസിന് മുമ്പാകെ കീഴടങ്ങുമ്പോഴോ ഒരാളെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത് കോടതി നടപടികളെ പരിഹാസ്യമാക്കുകയല്ലാതെ മറ്റൊന്നുമല്ല. ഇത് യഥാർത്ഥത്തിൽ നിയമ വ്യവസ്ഥിതിയുടെ വ്യക്തമായ ദുരുപയോഗമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഷാജനെറെ ജാമ്യാപേക്ഷ തീർപ്പാക്കാൻ കൂടുതൽ സമയം അന്വേഷണ ഉദ്യോഗസ്ഥനാണ് ആവശ്യപ്പെട്ടത്. ഈ ഹർജി തീർപ്പാക്കൽ വൈകിപ്പിച്ചതിൽനിന്ന് അന്വേഷണ ഏജൻസിയുടെ ദുരുദ്ദേശം വ്യക്തമാണ്. ഇന്ന് രാവിലെ 11.00ന് കേസ് പരിഗണിച്ചപ്പോൾ 10.25ന് ഹരജിക്കാരനെ കസ്റ്റഡിയിൽ വാങ്ങിയെന്ന് പറയുന്നു. ഇത് കോടതിയുടെ നടപടിക്രമങ്ങളുടെ ദുരുപയോഗമല്ലാതെ മറ്റൊന്നുമല്ലെന്നും ഷാജൻ സ്കറിയയ്ക്ക് ജാമ്യമനുവദിച്ച് കോടതി വ്യക്തമാക്കി.
ഷാജനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലന്നും അതിനാൽ വ്യവസ്ഥകളോടെ വിട്ടയയ്ക്കാനും കോടതി നിർദേശം നൽകി. 50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
ഇന്ന് തൃക്കാക്കര പോലീസ് നിലമ്പൂരിൽ എത്തിയാണ് വ്യാജരേഖ കേസിൽ ഷാജൻ അറസ്റ്റ് ചെയ്തത്. നിലമ്പൂരിലെ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജാമ്യം ലഭിക്കാൻ ഇന്ന് എസ്എച്ച്ഒയ്ക്ക് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്ന് നിലമ്പൂരിൽ എസ്.എച്ച്.ഒയ്ക്ക് മുമ്പിൽ ഷാജൻ ഹാജരായി പുറത്തിറങ്ങിയപ്പോളാണ് തൃക്കാക്കര പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്.