കണ്ണുകളില്‍ അഭിനയം വരണമെന്ന ക്ലീഷേ ഫോര്‍മുലകളെ പൊളിച്ചെഴുതുകയാണ് ത്രീ ബി ഫ്രെയിംസ്. കാഴ്ചപരിമിതിയുടെ കാരണത്താല്‍ അരങ്ങില്‍നിന്ന് മാറ്റിനിര്‍ത്തിയ ഒരു കൂട്ടം കലാകാരന്‍മാരെ അരങ്ങ് പരിചയപ്പെടുത്തുകയാണ് ഈഥര്‍ ഇന്ത്യയുടെ നേതൃത്വത്തിലൊരുങ്ങുന്ന നാടക ശില്‍പ്പശാല. ഒരാഴ്ചയായി ശ്രീകാര്യം ലയോള എക്സ്റ്റൻഷൻ സർവീസ് സെന്ററിൽ പുരോഗമിക്കുന്ന കാഴ്ചപരിമിതര്‍ക്കായുള്ള നാടക ശില്‍പ്പശാലയിൽ 21 പേരാണ് പങ്കെടുക്കുന്നത്.
ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് കാഴ്ചപരിമിതര്‍ക്ക് മാത്രമായി ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പെര്‍ഫോമന്‍സ് ആന്‍ഡ് റിസര്‍ച്ചില്‍നിന്നുള്ള ഒരു കൂട്ടം വിദഗ്ധരാണ് വര്‍ക്ക്‌ഷോപ്പിന് നേതൃത്വം നല്‍കുന്നത്. തങ്ങളുടെ ജീവിതാനുഭവങ്ങളെ കോര്‍ത്തിണക്കി കാഴ്ചപരിമിതർ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന നാടകങ്ങളള്‍ വേദിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് അവര്‍.