കഴിഞ്ഞ ദിവസം കോഴിക്കോട് എലത്തൂരിൽ നടന്ന ട്രെയിൻ തീവയ്പ് കേരള മനസാക്ഷിയെ ആകെ ഞെട്ടിച്ച സംഭവമാണ്. പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ ജീവൻ നഷ്‌ടമായ സംഭവത്തിൽ പോലീസ് അതിവേഗം നടപടികൾ സ്വീകരിക്കുകയും പ്രതിയെ കണ്ടെത്തുകയും ചെയ്തു.
സംഭവം നടന്നശേഷം പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിരുന്നു. ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ചിത്രം തയ്യാറാക്കിയത്. എന്നാൽ പ്രതി പിടിക്കപ്പെട്ടതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്നത്. പ്രതിയും രേഖാചിത്രവും തമ്മിൽ യാതൊരു സാമ്യവുമില്ലെ ന്നായിരുന്നു ആരോപണം.
ഇതിലെ വാസ്തവമെന്താണ്? കേട്ടറവിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന രേഖാചിത്രങ്ങൾ പൂർണമായി ശരിയാവണമെന്നുണ്ടോ. ഇതേക്കുറിച്ച് പറയുകയാണ് രേഖ ചിത്രം വരയ്ക്കുന്നതിൽ വിദഗ്ദനായ തിരുവനന്തപുരം സ്വദേശി എ ആർ അജിത് കുമാർ
ഇത്തരം സന്ദർഭങ്ങളിൽ സാക്ഷിയെ സംസാരിക്കാൻ തയ്യാറാക്കുകയെന്നത് തന്നെ പോലീസിനെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്
രേഖാചിത്രങ്ങൾ വരക്കുന്നത് അത്ര എളുപ്പമുള്ള പരിപാടി അല്ലെന്നാണ് അജിത് കുമാർ പറയുന്നത്. ഒന്നരവർഷം മുൻപ് വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ അദ്ദേഹം മ്യൂസിയം ആക്രമണകേസ് ഉൾപ്പടെ അനവധി സുപ്രധാന കേസുകളിൽ പ്രതികളുടെ രേഖാചിത്രം വരച്ചയാളാണ്.
പ്രതിയെന്ന് സംശയിക്കുന്നയാളെക്കുറിച്ച് യാതൊരു സൂചനയും ഇല്ലാതിരിക്കുമ്പോഴാണ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാൻ പോലീസ് തീരുമാനിക്കുന്നത്. പ്രതിയെ ഏതെങ്കിലും സാഹചര്യത്തിൽ കണ്ട ദൃസാക്ഷികളുമായി സംസാരിച്ച് പ്രതിയുടെ രൂപം പകർത്തുകയാണ് രേഖാചിത്രം വരയ്ക്കുമ്പോൾ ചെയ്യുന്നത്. ഇത് നേരിട്ട് കണ്ട് വരയ്ക്കുന്ന ചിത്രമല്ല. ദൃസാക്ഷികൾ ഒരു ദിവസം കണ്ട നൂറുകണക്കിന് പേരിൽ ഒരാളാണ് പ്രതി. അങ്ങനെയുള്ള സാഹചര്യങ്ങൾ പ്രതിയുടെ കൃത്യമായ ഫീച്ചേഴ്സ് പറയാൻ സാക്ഷികൾക്ക് സാധിക്കണമെന്നില്ല. അല്ലെങ്കിൽ വളരെ അപകടം പിടിച്ചതോ പേടിപ്പെടുത്തുന്നതോ ആയ സാഹചര്യത്തിലാവാം അക്രമിയെ കണ്ടത്. ഇത്തരം സന്ദർഭങ്ങളിൽ സാക്ഷിയെ സംസാരിക്കാൻ തയ്യാറാക്കുക എന്നത് തന്നെ പോലീസിനെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.
തിരുവനന്തപുരം പേരൂര്‍ക്കട അമ്പലമുക്കിലെ നഴ്‌സറിയിൽ ജോലി ചെയ്തിരുന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ രേഖാചിത്രം വരക്കുമ്പോഴുള്ള തന്റെ അനുഭവം അജിത് കുമാർ പങ്കുവെക്കുന്നുണ്ട് . രണ്ട് പേരാണ് പ്രതിയെ കണ്ടത്. ഒരാൾ മൂക്കിന് തൊട്ട് താഴെ വരെ മാസ്ക് വെച്ച രൂപവും മറ്റൊരാൾ താടിക്ക് താഴെ മാസ്ക് വെച്ച രൂപവും. ഇവർ രണ്ട് പേരും കാണിച്ച കൊടുത്ത അടയാളങ്ങളിലൂടെയാണ് അജിത്കുമാർ അന്ന് രേഖാചിത്രം വരച്ചത് .ഇത് പിന്നീട് കേസന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ് ആയിട്ടുണ്ട്.
രേഖാചിത്രങ്ങൾ ട്രോളുകൾക്ക് പാത്രമാകുന്നതും ആദ്യത്തെ സംഭവമല്ല. മ്യൂസിയം ആക്രമണകേസിൽ അജിത് കുമാർ വരച്ച ചിത്രം മെസി അടക്കമുള്ള പ്രമുഖരുമായി സാമ്യമുണ്ടെന്ന രീതിയിൽ പരിഹാസങ്ങൾക്ക് വിധേയമായിരുന്നു. എന്നാൽ രേഖാചിത്രം വരക്കുക എന്നത് ആളെ കണ്ട് മുഖം പകർത്തലല്ല. അതത്ര എളുപ്പവുമല്ല എന്നാണ് എ ആർ അജിത് കുമാർ പറയുന്നത്.